- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറി ആരാധകര്‍; സുരക്ഷാ വീഴ്ച്ച കാരണം കോപ്പ അമേരിക്ക ഫൈനല്‍ വൈകുന്നു; താരങ്ങള്‍ ഡ്രസ്സിങ് റൂമുകളില്‍
ഫ്ളോറിഡ: സുരക്ഷാ വീഴ്ച്ച കാരണം അര്‍ജന്റീന - കൊളംബിയ കോപ്പ അമേരിക്ക ഫൈനല്‍ മത്സരം വൈകുന്നു. മത്സരം നടക്കുന്ന മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് ടിക്കറ്റില്ലാതെ ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്. ഇതോടെ ഇന്ത്യന്‍ സമയം രാവിലെ 5.30-ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം 30 മിനിറ്റ് വൈകുമെന്നാണ് സംഘാടകര്‍ അറിയിച്ചതെങ്കിലും ആറരയ്ക്ക് മണിക്ക് ശേഷവും മത്സരം ആരംഭിച്ചിട്ടില്ല.
ടിക്കറ്റില്ലാതെ സ്റ്റേഡിയത്തില്‍ എത്തിയ പലരും ഗേറ്റ് ചാടിക്കടന്ന് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇതോടെ ഗേറ്റ് പൂര്‍ണമായും അടച്ചതോടെ ടിക്കറ്റെടുത്ത ആരാധകരുടെ പ്രവേശനവും തടസപ്പെട്ടു.
ഇതോടെ മൈതാനത്ത് വാംഅപ്പിനിറങ്ങിയ കൊളംബിയ, അര്‍ജന്റീന താരങ്ങള്‍ ഡ്രസ്സിങ് റൂമുകളിലേക്ക് മടങ്ങി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അനുസരിച്ച് കൊളംബിയയുടെ മഞ്ഞ ജേഴ്സി ധരിച്ച ആരാധകരാണ് സുരക്ഷാ വേലി ചാടിക്കടക്കുന്നതായി കാണുന്നത്. ഇവര്‍ സ്റ്റേഡിയത്തിലെ പോലീസ് ഓഫീസര്‍മാരെയും സ്റ്റേഡിയം അറ്റന്‍ഡര്‍മാരെയും മറികടന്ന് ഓടുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
മൂന്നുവര്‍ഷത്തിനിടെ, മൂന്നാമത്തെ വമ്പന്‍ കിരീടം ടീമിന് സമ്മാനിക്കാന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് സാധിക്കുമോ എന്നതാണ് കോപ്പയിലെ ചോദ്യം. 2021ലെ കോപ, 2002ലെ ലോകകപ്പ് പോരാട്ടങ്ങളില്‍ രാജ്യത്തിന് കിരീടം ചാര്‍ത്തിക്കൊടുത്ത മെസ്സിക്ക് മറ്റൊരു കിരീടം കൂടിയായാല്‍ അത് ഇരട്ടിമധുരമാകും. തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ അര്‍ജന്റീനക്ക് ഒരിക്കല്‍ മാത്രമാണ് ലഭിച്ചത്. 1945, 46, 47 വര്‍ഷങ്ങളില്‍ കോപ അമേരിക്ക നേടിയതാണ് ഇതിന് മുമ്പുള്ള നേട്ടം.
സെമിഫൈനലില്‍ കാനഡക്കെതിരെ ഗോള്‍ നേടിയ മെസ്സി ഫൈനലിലും ഗോള്‍ നേടുമെന്ന പ്രതീക്ഷയിലാണ് ടീം. ആറ് കോപ ചാമ്പ്യന്‍ഷിപ്പുകളില്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതിയാണ് സെമിയില്‍ മെസ്സി സ്വന്തമാക്കിയത്. 2007 മുതല്‍ 2024 വരെയാണ് മെസ്സിയുടെ ഗോളടി. ആറ് പതിറ്റാണ്ടുമുമ്പ് സിസിഞ്ഞോയാണ് ഈ നേട്ടത്തിനുടമയായ ആദ്യ താരം. 17 വര്‍ഷം മുമ്പ് പെറുവിനെതിരെയായിരുന്നു മെസ്സിയുടെ ആദ്യഗോള്‍.
വര്‍ഷങ്ങളായി ഉറ്റ കൂട്ടുകാരനായ ഏയ്ഞ്ചല്‍ ഡി മരിയക്കുവേണ്ടി ഈ ഫൈനല്‍ ജയിച്ചേ മതിയാകൂവെന്ന് മെസ്സി കഴിഞ്ഞ ദിവസം കാനഡക്കെതിരായ സെമി ഫൈനലിനുശേഷം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഫൈനലിനു ശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുമെന്ന് ഡി മരിയ പ്രഖ്യാപിച്ചിരുന്നു. 2008ലെ ഒളിമ്പിക്‌സിലും 2021ലെ കോപയിലും 2022ലെ ഖത്തര്‍ ലോകകപ്പിലും ഫെനലിസീമയിലും അര്‍ജന്റീന ജേതാക്കളായപ്പോള്‍ ഗോളടിച്ചത് മരിയയായിരുന്നു.
അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിച്ച ശേഷം ബെന്‍ഫിക്കയില്‍ 2025 വരെ ക്ലബ് ഫുട്ബാളില്‍ ഡി മരിയ തുടരും. 144 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഡി മരിയ 31 ഗോളുകള്‍ നേടിയിട്ടുണ്ട്. 32 അസിസ്റ്റന്റുകളുമുണ്ട്. കണക്കില്‍ അര്‍ജന്റീനയാണ് മുന്നില്‍. അവസാനമായി ഏറ്റുമുട്ടിയ 12 മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് കൊളംബിയക്കുള്ളത്. ആറെണ്ണം അര്‍ജന്റീന ജയിച്ചു.
അഞ്ച് കളികള്‍ സമനിലയായി. കഴിഞ്ഞ കോപ സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീന കൊളംബിയയെ തോല്‍പിച്ചത്. ഇത്തവണ എക്വഡോറിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയ അര്‍ജന്റീനയെ മുമ്പ് മൂന്ന് തവണ പെനാല്‍റ്റി ചതിച്ചിട്ടുണ്ട്, 2004ലും 2015ലും 2016ലും. അര്‍ജന്റീനയുടെ തുടക്ക ലൈനപ്പില്‍ മാറ്റമുണ്ടാകില്ല. ഗോണ്‍സാലോ മോണ്ടിയേല്‍, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് തഗ്ലിയാഫിക്കോ എന്നിവര്‍ പ്രതിരോധത്തിലുണ്ടാകും.എന്‍സോ ഫെര്‍ണാണ്ടസും റോഡ്രിഗോ ഡി പോളും മിഡ്ഫീല്‍ഡിലുണ്ടാകും.
വിടവാങ്ങല്‍ പോരാട്ടത്തില്‍ ഏയ്ഞ്ചല്‍ ഡി മരിയക്കും അവസരം ലഭിച്ചേക്കും. ജുലിയന്‍ അല്‍വാരസാകും മെസിക്കൊപ്പം അറ്റാക്കിങ്ങില്‍. ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ സാധ്യതയുള്ള ലൗതാരോ മാര്‍ട്ടിനസ് ഫൈനലിലും പകരക്കാരനാകും. ആക്രമണത്തിലും പ്രതിരോധത്തിലും ഇത്തവണ കരുത്തുറ്റ സംഘമാണ് കൊളംബിയ. 12 ഗോളുകളാണ് നെസ്റ്റര്‍ ലോറെന്‍സോ പരിശീലിപ്പിക്കുന്ന ടീം നേടിയത്. രണ്ട് ഗോള്‍ മാത്രമാണ് വഴങ്ങിയത്. ക്യാപ്റ്റന്‍ ജെയിംസ് റോഡ്രിഗസും ലൂയിസ് ഡയസും ജോണ്‍ എരിയാസും ജോണ്‍ കൊര്‍ഡോബയുമടക്കമുള്ള മിടുക്കരായ താരങ്ങള്‍ അര്‍ജന്റീനക്ക് കടുത്ത വെല്ലുവിളിയാകും.