ലിസ്ബന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസവും പോര്‍ച്ചുഗല്‍ വിങറുമായ നാനി സജീവ ഫുട്ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. 38ാം വയസിലാണ് താരം കളമൊഴിയുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉറ്റസുഹൃത്ത് കൂടിയാണ് നാനി. രണ്ട് പതിറ്റാണ്ടോളം നീളുന്ന ഇതിഹാസ കരിയാറിനാണ് താരം വിരമാമിട്ടിരിക്കുന്നത്.

സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. വിട പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്ഭുതകരമായ യാത്രയായിരുന്നു. 20 വര്‍ഷത്തിനു മുകളില്‍ നീണ്ട കരിയറില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി താരം വ്യക്തമാക്കി. മറക്കാനാകാത്ത നിരവധി ഓര്‍മകള്‍ കരിയറിലുണ്ടായിരുന്നു. പുതിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളുമാണ് ഇപ്പോള്‍ നയിക്കുന്നത്. ഉടനെ തന്നെ കാണാമെന്നും താരം വിരമിക്കല്‍ വിഡിയോയില്‍ പറയുന്നു. തന്റെ അന്താരാഷ്ട്ര കരിയറിന്റെ പ്രതീകമായി അഞ്ച് ഭാഷകളില്‍ നന്ദി പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

2007 മുതല്‍ 2015 വരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജേഴ്സിയില്‍ കളിച്ച നാനി ചാംപ്യന്‍സ് ലീഗ്, നാല് പ്രീമിയര്‍ ലീഗ്, രണ്ട് ലീഗ് കപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. മാഞ്ചസ്റ്ററിനായി 41 ഗോളുകള്‍ നേടി. പോര്‍ച്ചുഗലിനൊപ്പം 2016ലെ യൂറോ കപ്പ് കിരീട നേട്ടത്തില്‍ പങ്കാളിയായി. രാജ്യത്തിനായി 112 മത്സരങ്ങളും താരം കളിച്ചു. 24 ഗോളുകള്‍ പോര്‍ച്ചുഗല്‍ ജേഴ്സിയില്‍ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റിനു പുറമെ വലന്‍സിയ, ലാസിയോ, ഒര്‍ലാന്‍ഡോ സിറ്റി, വെനെസിയ, മെല്‍ബണ്‍ വിക്ടറി, അഡാന ഡമിര്‍സ്പോര്‍ ടീമുകള്‍ക്കായി കളിച്ചു. 2014ലാണ് നാനി ഓള്‍ഡ് ട്രഫോര്‍ഡിന്റെ പടിയിറങ്ങുന്നത്.

പിന്നാലെ ആറ് രാജ്യങ്ങളിലായി എട്ട് വ്യത്യസ്ത ക്ലബ്ബുകളെ പ്രതിനിധീകരിച്ച് നാനി ഒരു ആഗോള ഫുട്ബോള്‍ യാത്ര ആരംഭിച്ചു. തുര്‍ക്കിയിലെ ഫെനര്‍ബാഹെ, സ്പെയിനിലെ വലന്‍സിയ, ഇറ്റലിയിലെ ലാസിയോ, അമേരിക്കയിലെ ഒര്‍ലാന്‍ഡോ സിറ്റി, ഇറ്റലിയിലെ വെനീസിയ, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ വിക്ടറി തുടങ്ങിയ ടീമുകള്‍ക്കായി അദ്ദേഹം കളിച്ചു. കഴിഞ്ഞ മാസം സ്‌പോര്‍ട്ടിംഗിനെതിരെ തന്റെ ജന്മനാട്ടിലെ ക്ലബ്ബായ എസ്‌ട്രെല അമഡോറയ്ക്കായി അവസാന മത്സരം കളിച്ചതായിരുന്നു നാനിയുടെ അവസാന മത്സരം.