- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട് മെസ്സി; ഗോളില്ലാ കലാശപ്പോര് എക്‌സ്ട്രാ ടൈമിലേക്ക്; കോപ്പ അമേരിക്കയില്‍ കൊളംബിയ അത്ഭുതം സൃഷ്ടിക്കുമോ?
ഫ്‌ലാറിഡ: ലോകകപ്പ് ജേതാക്കളെന്ന പകിട്ടോടെ കോപ അമേരിക്ക ഫൈനലിനിറങ്ങിയ അര്‍ജന്റീനയും ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയും തമ്മിലുള്ള പോരാട്ടം എക്‌സ്ട്രാ ടൈമിലേക്ക്. നിശ്ചിത സമയത്ത് ഇരുനിരക്കും ഗോളടിക്കാനാവാത്തതാണ് മത്സരം അധിക സമയത്തേക്ക് നീട്ടിയത്. നിശ്ചിത സമയം അവസാനിക്കാന്‍ 25 മിനിറ്റോളം ശേഷിക്കെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി പരിക്കേറ്റ് കണ്ണീരോടെ കളം വിട്ടതാമ് മത്സരത്തില്‍ നിര്‍ണായകമായത്.
ഫൈനല്‍ അരങ്ങേറിയ മയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് കാണികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യപകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി കൊളംബിയയാണ് ഒരുപടി മുന്നില്‍നിന്നത്. മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ അര്‍ജന്റീന എതിര്‍ ഗോള്‍മുഖത്ത് ഭീതി വിതച്ചു.
വലതു വിങ്ങില്‍നിന്ന് മോണ്ടിയേല്‍ നല്‍കിയ ക്രോസ് അല്‍വാരസ് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും പുറത്തേക്കായിരുന്നു. ആറാം മിനിറ്റിലാണ് കൊളംബിയയുടെ മികച്ച മുന്നേറ്റം കണ്ടത്. എന്നാല്‍, ലൂയിസ് ഡയസിന്റെ ലോങ് ഷോട്ട് എമിലിയാനോ മാര്‍ട്ടിനസ് അനായാസം കൈയിലൊതുക്കി. തുടര്‍ന്നും അര്‍ജന്റീന ബോക്‌സിലേക്ക് പലതവണ കൊളംബിയന്‍ താരങ്ങള്‍ ഇരച്ചുകയറി. ഇതിനിടെ കൊര്‍ദോബയുടെ ഷോട്ട് പോസ്റ്റിനോട് ചേര്‍ന്നാണ് പുറത്തുപോയത്. കൊളംബിയന്‍ നായകന്‍ ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അര്‍ജന്റീനക്ക് ഭീഷണിയുയര്‍ത്തി.
20ാം മിനിറ്റില്‍ അര്‍ജന്റീനയുടെ മികച്ച മുന്നേറ്റത്തിനൊടുവില്‍ ഡി മരിയയുടെ ഡ്രൈവില്‍നിന്ന് മെസ്സി പോസ്റ്റിന് നേരെ ഷോട്ടുതിര്‍ത്തെങ്കിലും അര്‍ജന്റീന താരത്തിന്റെ കാലില്‍തട്ടി പുറത്തായി. 33ാം മിനിറ്റില്‍ കൊളംബിയ അക്കൗണ്ട് തുറന്നെന്ന് തോന്നിച്ചു. എന്നാല്‍, ജെഫേഴ്‌സണ്‍ ലെര്‍മയുടെ ഉശിരന്‍ ലോങ് റേഞ്ചര്‍ എമിലിയാനോ മാര്‍ട്ടിനസ് മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി. ഉടന്‍ അര്‍ജന്റീന താരങ്ങളുടെ കൂട്ടമായ മുന്നേറ്റത്തിനൊടുവില്‍ മെസ്സി പരിക്കേറ്റ് വീണത് ആശങ്ക പരത്തി. ബോക്‌സിലേക്ക് ക്രോസ് നല്‍കാനുള്ള മെസ്സിയുടെ നീക്കം തടയാനുള്ള സാന്റിയാഗോ ആരിയാസിന്റെ ശ്രമത്തില്‍ ചവിട്ടേറ്റ മെസ്സി വേദനയില്‍ പുളഞ്ഞു. ആശങ്കക്കൊടുവില്‍ താരം കളത്തില്‍ തുടര്‍ന്നത് അര്‍ജന്റീന ക്യാമ്പിന് ആശ്വാസമായി.
രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ കൊളംബിയ അവസരം തുറന്നെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ ഡി മരിയയുടെ ഷോട്ട് കൊളംബിയന്‍ ഗോള്‍കീപ്പറും തടഞ്ഞിട്ടു. 64ാം മിനിറ്റില്‍ അര്‍ജന്റീനക്ക് കനത്ത തിരിച്ചടിയായി നായകന്‍ മെസ്സി കളം വിട്ടു. നേരത്തെ കാലിനേറ്റ പരിക്ക് വഷളായതോടെയാണ് താരത്തിന് കളം വിടേണ്ടി വന്നത്. ഡഗൗട്ടിലിരിക്കെ കണ്ണീരടക്കാനാവാതെ ഇരിക്കുന്ന മെസ്സി ഫുട്ബാള്‍ ആരാധകരുടെയും വേദനയായി.
നികൊ ഗോണ്‍സാലസാണ് പകരക്കാരനായെത്തിയത്. 75ാം മിനിറ്റില്‍ അര്‍ജന്റീനക്കായി നികൊ വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങി. നിശ്ചിത സമയം അവസാനിക്കാനിരിക്കെ ഡി മരിയയുടെ ക്രോസില്‍ അര്‍ജന്റീന ഗോളിനടുത്തെത്തിയെങ്കിലും റൊമോരൊക്ക് ക്ലിയര്‍ ചെയ്യാനായില്ല. അവസാന മിനിറ്റുകളില്‍ ഇരുനിരയും ഗോള്‍ തേടി ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ അകന്നുനിന്നതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു.