കോഴിക്കോട്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സില്‍ ഒക്ടോബറില്‍ കേരളത്തിലെത്തും. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ ഏഴുവരെ മെസ്സി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. മത്സരങ്ങള്‍ കൂടാതെ ആരാധകര്‍ക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചത്. ഖത്തറിലെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെയാണ് മെസ്സിയെ കേരളത്തിലെത്തിക്കാന്‍ കായികവകുപ്പ് നീക്കം തുടങ്ങിയത്.

ആരാധകര്‍ക്ക് താരവുമായി സംവദിക്കാനും വേദിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. മെസ്സിക്കൊപ്പം എത്തുന്ന അര്‍ജന്റീന ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നാണു വിവരം. ഏഷ്യയിലെ പ്രമുഖ ടീമിനെത്തന്നെ അര്‍ജന്റീനയെ നേരിടാന്‍ ഇറക്കാനാണു സാധ്യത. ഫിഫ റാങ്കിങ്ങില്‍ ആദ്യ 50 സ്ഥാനങ്ങളിലുള്ള ടീമിനെതിരെയായിരിക്കും കളി.

അര്‍ജന്റീനയും നേരിടാനുള്ള ടീമും കേരളത്തില്‍ മത്സരിക്കുന്നതിന്റെ ചെലവു മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണു നീക്കം. നൂറ് കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. നേരത്തേ സെപ്റ്റംബറില്‍ സ്പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ തീരുമാനിക്കപ്പെട്ട സൗഹൃദമത്സരത്തിന് പുറമേ മെസി പൊതുപരിപാടിയിലും പങ്കെടുക്കും. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.

കേരളത്തില്‍ ഫുട്ബാള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്ബാള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.