ലണ്ടന്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഫൈനല്‍ ടിക്കറ്റുകള്‍ക്ക് കൂടിയ വില ഈടാക്കുന്നത് 'വലിയ വഞ്ചനയാണെന്ന്' വിശേഷിപ്പിച്ച് ഫുട്‌ബോള്‍ ആരാധക സംഘടനകള്‍. ലോകകപ്പ് ടിക്കറ്റ് വില്‍പ്പന ഉടനടി നിര്‍ത്തിവെക്കണമെന്ന് ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് യൂറോപ്പ് (എഫ്.എസ്.ഇ.) ഫിഫയോട് ആവശ്യപ്പെട്ടു. 2022-ലെ ഖത്തര്‍ ലോകകപ്പിനെ അപേക്ഷിച്ച് അഞ്ചിരട്ടി വര്‍ദ്ധനവാണ് ടിക്കറ്റ് വിലയില്‍ ഉണ്ടായിരിക്കുന്നത്. 2026 ലോകകപ്പ് ടിക്കറ്റ് വില കുത്തനെ കൂട്ടി; ഫിഫയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.

പല രാജ്യങ്ങളിലെയും ഏറ്റവും അര്‍പ്പണബോധമുള്ള ആരാധകര്‍ക്ക് പോലും ഫൈനല്‍ കാണാന്‍ ഭീമമായ തുക മുടക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഫിഫക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. യൂറോപ്പിലെ ഫുട്‌ബോള്‍ ആരാധകരെ പ്രതിനിധീകരിക്കുന്ന എഫ്.എസ്.ഇ. ഈ വിലകളെ 'അമിതം' എന്ന് വിശേഷിപ്പിച്ചു. ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 4,185 ഡോളര്‍ (ഏകദേശം 3,120 പൗണ്ട്) ആണ് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അവരുടെ പി.എം.എ. (പാര്‍ട്ടിസിപ്പന്റ് മെംബര്‍ അസോസിയേഷന്‍) വിഹിതത്തില്‍ ലിസ്റ്റ് ചെയ്തത്. ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 3.77 ലക്ഷം രൂപയാണ് വില നല്‍കേണ്ടി വരും. ടീമിനെ ടൂര്‍ണമെന്റിലുടനീളം പിന്തുടരുന്ന ഒരു ആരാധകന് ആദ്യ മത്സരം മുതല്‍ ഫൈനല്‍ വരെ കാണാന്‍ കുറഞ്ഞത് 6,900 ഡോളര്‍ (ഏകദേശം 5,137.74 പൗണ്ട്) ചെലവ് വരുമെന്ന് എഫ്.എസ്.ഇ. കണക്കാക്കുന്നു. ഇത് 2022-ലെ ഖത്തര്‍ ലോകകപ്പിന്റെ അഞ്ചിരട്ടി വരുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

കാനഡ, മെക്‌സിക്കോ, യു.എസ്.എ. എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ യാത്രാ ചിലവുകളും താമസ ചിലവുകളും കൂടി പരിഗണിക്കുമ്പോള്‍ ഈ തുക ഇരട്ടിയിലധികം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ഇംഗ്ലീഷ് ടീമിനെ പിന്തുടരുന്ന ആരാധകര്‍ക്ക് മികച്ച വിഭാഗത്തിലുള്ള ടിക്കറ്റുകള്‍ക്കായി 16,590 ഡോളര്‍ (ഏകദേശം 12,375 പൗണ്ട്) വരെ ചെലവാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ഗ്രൂപ്പ് എല്‍ മത്സരങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ഇംഗ്ലണ്ട് ടിക്കറ്റുകള്‍ക്ക് 16500 രൂപയോളമാണ് വില. ''അടുത്ത വര്‍ഷം ഫിഫ ലോകകപ്പിനായി ഏറ്റവും അര്‍പ്പണബോധമുള്ള ആരാധകര്‍ക്ക് ഫിഫ ചുമത്തുന്ന അമിതമായ ടിക്കറ്റ് വിലയില്‍ ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് യൂറോപ്പ് ഞെട്ടിയിരിക്കുകയാണ്. ഇത് ലോകകപ്പ് പാരമ്പര്യത്തോടുള്ള വലിയ വഞ്ചനയാണ്, ലോകകപ്പിന്റെ ആവേശത്തിന് ആരാധകര്‍ നല്‍കുന്ന സംഭാവനകളെ ഇത് അവഗണിക്കുന്നു,'' എഫ്.എസ്.ഇ. പ്രസ്താവനയില്‍ പറഞ്ഞു.

ഉടന്‍ തന്നെ പി.എം.എ. ടിക്കറ്റ് വില്‍പ്പന നിര്‍ത്തിവെക്കാനും, ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചന നടത്താനും, ടിക്കറ്റ് വിലകളും വിഭാഗങ്ങളുടെ വിതരണവും പുനഃപരിശോധിക്കാനും എഫ്.എസ്.ഇ. ഫിഫയോട് ആവശ്യപ്പെട്ടു. അര്‍പ്പണബോധമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണമുയരുമ്പോള്‍, ഫിഫ ഈ വിഷയത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. ഫുട്‌ബോളിന്റെ ഏറ്റവും വലിയ ടൂര്‍ണമെന്റിനോടും, അതിന്റെ ജീവനും ചൈതന്യവുമായ ആരാധകരോടുമുള്ള വന്‍ വഞ്ചനയാണിതെന്ന് ആരാധക സംഘടനകള്‍ ആരോപിക്കുന്നു.

ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് യൂറോപ്പ് (എസ് എസ് ഇ) ആണ് ഈ രോഷത്തിന് നേതൃത്വം നല്‍കുന്നത്. ഫിഫയുടെ ഈ വിലനിര്‍ണ്ണയ തന്ത്രം 'ഞെട്ടിക്കുന്ന' ഒന്നാണെന്ന് വിശേഷിപ്പിച്ച അവര്‍ ടിക്കറ്റ് വില്‍പ്പന ഉടനടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. ലോകകപ്പ് സാധാരണ ആരാധകര്‍ക്ക് പ്രാപ്യമാക്കുക എന്ന പാരമ്പര്യം ഫിഫ ഉപേക്ഷിച്ചിരിക്കുകയാണെന്നും, തങ്ങളുടെ ടീമുകളെ പിന്തുണച്ച് ലോകം ചുറ്റുന്നവരെ പുറത്താക്കുന്ന ഒരു ചെലവ് ഘടനയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഈ സംഘടന പറയുന്നു.

ടൂര്‍ണമെന്റിന് ആരാധകര്‍ നല്‍കുന്ന സംഭാവനകളെ ഫിഫയുടെ പുതിയ വിലനിര്‍ണ്ണയ ചട്ടക്കൂട് അവഗണിക്കുന്നുവെന്ന് എസ് എസ് ഇ ചൂണ്ടിക്കാട്ടി. അടുത്ത ജൂണിലും ജൂലൈയിലുമായി അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ തങ്ങളുടെ ദേശീയ ടീമുകളെ പിന്തുടരുന്ന വിശ്വസ്തരായ ആരാധകര്‍ക്ക് 6,000 പൗണ്ടിലധികം (ഏകദേശം 7,55,000 രൂപ) ചെലവഴിക്കേണ്ടി വരുമെന്നും എസ് എസ് ഇമുന്നറിയിപ്പ് നല്‍കി. ഏറ്റവും അര്‍പ്പണബോധമുള്ള ആരാധകര്‍ക്കായി പരമ്പരാഗതമായി മാറ്റിവെച്ചിരുന്ന 'സപ്പോര്‍ട്ടേഴ്‌സ് വാല്യൂ കാറ്റഗറി'യാണ് ഈ വിവാദത്തിന്റെ പ്രധാന കേന്ദ്രം. 2022 ഖത്തര്‍ ലോകകപ്പില്‍ ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റിന് ഏകദേശം 600 ഡോളര്‍ (ഏകദേശം 55,000 രൂപയില്‍ താഴെ) ആയിരുന്നെങ്കില്‍, 2026 ലോകകപ്പില്‍ ഇത് 4,185 ഡോളറായി (ഏകദേശം ഏഴിരട്ടി വര്‍ദ്ധനവ്) ഉയര്‍ത്തിയിരിക്കുകയാണ്.

ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഡൈനാമിക് പ്രൈസിംഗ് എന്ന പുതിയ സംവിധാനം ഫിഫ സ്വീകരിച്ചതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഒരേ വിലനിര്‍ണ്ണയം ഏര്‍പ്പെടുത്തുന്നതിന് പകരം, മത്സരങ്ങളുടെ ആകര്‍ഷണീയത അനുസരിച്ച് വില നിശ്ചയിക്കുന്ന ഈ രീതിക്ക് സുതാര്യതയില്ലെന്നും ഇത് ചില ആരാധകര്‍ക്ക് അമിതഭാരമുണ്ടാക്കുമെന്നും എസ് എസ് ഇപറയുന്നു. സാധാരണ ആരാധകര്‍ക്ക് താങ്ങാനാവാത്ത നിലയിലേക്ക് ടിക്കറ്റ് വില ഉയര്‍ന്നത് കായിക പ്രേമികള്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഈ നടപടി ലോകകപ്പിന്റെ ജനകീയ സ്വഭാവത്തെ ഇല്ലാതാക്കുമോ എന്ന ആശങ്കയും ശക്തമാണ്.