കൊച്ചി: കേരള ഫുട്‌ബോളിന് ഇത് ചരിത്ര നിമിഷം.സുബ്രതോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍ 17 ) ആദ്യമായി കപ്പില്‍ മുത്തമിട്ട് കേരളം. ഇന്ന നടന്ന ഫൈനലില്‍ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത 2 ഗോളിന് തകര്‍ത്താണ് കേരളം ജേതാക്കളായത്.

ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. 20-ാം മിനിറ്റില്‍ തഖല്ലാമ്പെയാണ് ടീമിനായി ആദ്യ ഗോള്‍ നേടിയത്.ആഷ്മില്‍ 62-ാം മിനിറ്റിലും കേരളത്തിനായി വലകുലുക്കി. സിബിഎസ്ഇയുടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം കേരളം പ്രതിരോധിച്ചു.പിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങി.

ഫറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമാണ് കേരളത്തിനായി കളത്തിലിറങ്ങിയത്.അതേസമയം ഉത്തരാഖണ്ഡിലെ പബ്ലിക് സ്‌കൂളാണ് സിബിഎസ്ഇ ക്കായി ബൂട്ടുകെട്ടിയത്. ന്യൂഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ആറിനാണ് കിരീടപ്പോരാട്ടം നടന്നത്.

പി പി മുഹമ്മദ് ജസീം അലി നയിക്കുന്ന ടീം ഒറ്റക്കളിയും തോല്‍ക്കാതെയാണ് ഫൈനലിലെത്തിയത്. ടൂര്‍ണമെന്റില്‍ 37 ടീമുകള്‍ എട്ട് ഗ്രൂപ്പായി തിരിഞ്ഞായിരുന്നു മത്സരം. സംസ്ഥാന ടീമുകള്‍ക്ക് പുറെേമ ശ്രീലങ്ക, ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള സ്‌കൂള്‍ ടീമുകളുമുണ്ടായിരുന്നു. ആതിഥേയരായ ഡല്‍ഹിയെ 21നും റണ്ണറപ്പായ മേഘാലയയെ 11നും കീഴടക്കിയാണ് കേരളം തുടങ്ങിയത്.

ഛത്തീസ്ഗഢിനെ ഒരുഗോളിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറിലേക്ക് മുന്നേറി. ലക്ഷദ്വീപിനെ ഒരുഗോളിന് പരാജയപ്പെടുത്തി സെമിയില്‍ കടന്നു. മിസോറമിനെ ഒറ്റഗോളിന് മറികടന്നാണ് കലാശപ്പോരിന് ടിക്കറ്റെടുത്തത്.

കേരളം 11 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കിരീടപ്പോരിന് അര്‍ഹതനേടുന്നത്. മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2014ല്‍ ഫൈനല്‍ കളിച്ചിട്ടുണ്ട്. അന്ന് ബ്രസീല്‍ സ്‌കൂള്‍ ടീമിനോട് ഷൂട്ടൗട്ടില്‍ തോറ്റു. 2012ലും എംഎസ്പി സ്‌കൂള്‍ ഫൈനലിലെത്തിയിരുന്നു. എന്നാല്‍, ഉക്രെയ്നില്‍നിന്നുള്ള സ്‌കൂളിനോട് പരാജയപ്പെട്ടു.