വാഷിങ്ടണ്‍:സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വേണമെന്ന ആഗ്രഹത്തിന് പിന്നാലെ തന്റെ മറ്റൊരു ആഗ്രഹം കൂടി വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഫിഫ ലോകകപ്പ് തനിക്ക് വേണമെന്ന ആഗ്രഹമാണ് ട്രംപ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.വൈറ്റ് ഹൗസില്‍ ലോകകപ്പുമായെത്തി ട്രംപിനെ കണ്ട ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്റിനോയോടാണ് ട്രംപ് തന്റെ ആഗ്രഹം നര്‍മം കലര്‍ത്തി അവതരിപ്പിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തായ ജിയാനി കൈയ്യില്‍ നല്‍കിയ ലോകകപ്പ് ട്രോഫി താനെടുക്കുവാണെന്നും ഇനി തിരിച്ചുതരില്ലെന്നും തന്റെ സ്വതസിദ്ധമായ കുസൃതിയോടെ ട്രംപ് പറയുകയും ചെയ്തു.രസകരമായ ഈ സംവഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചയാണ്.

ട്രംപും ഇന്‍ഫാന്റിനോയും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.അടുത്ത വര്‍ഷം യുഎസില്‍വെച്ച് ഞങ്ങള്‍ ലോകത്തെ ഒന്നിപ്പിക്കുകയാണെന്നു പറഞ്ഞ് ഇന്‍ഫാന്റിനോ ഫിഫ ലോകകപ്പ് ട്രോഫി ട്രംപിന് കൈമാറി.'ഫിഫ പ്രസിഡന്റ്, രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍, ജേതാക്കള്‍ എന്നിവര്‍ക്ക് മാത്രമാണ് ലോകകപ്പില്‍ തൊടാന്‍ കഴിയുക. ട്രംപ് ജേതാവായതിനാല്‍ തൊട്ടുനോക്കാ'മെന്ന് പറഞ്ഞായിരുന്നു ജിയാനി ലോകകപ്പ് കാണിച്ചത്. തൊട്ടു നോക്കിയതിന് പിന്നാലെ, രണ്ട് കൈ കൊണ്ടും ലോകകപ്പ് എടുത്തുയര്‍ത്തി 'ഞാനിതെടുത്തോട്ടെ'? എന്നായി ട്രംപ്. 'കൊള്ളാം മനോഹോരമായ സ്വര്‍ണക്കട്ട' എന്നൊരു കമന്റും പാസാക്കി.

കെന്നഡി സെന്ററിനെ ട്രംപ്/കെന്നഡി സെന്റര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും അദ്ദേഹം തമാശമട്ടില്‍ പറഞ്ഞു.ടൂര്‍ണമെന്റ് യുഎസ് സമ്പദ്വ്യവസ്ഥയിലേക്ക് 30 ബില്യണിലധികം ഡോളര്‍ കൊണ്ടുവരുമെന്നും 185,000 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു.പുട്ടിന്‍ കൂടി ഫൈനല്‍ കാണാനെത്തിയാല്‍ നന്നാകുമെന്നും ട്രംപ് പ്രത്യാശപ്രകടിപ്പിച്ചു.അനധികൃത കുടിയേറ്റക്കാരോട് കടുത്ത നിലപാടാണെങ്കിലും ലോകകപ്പ് ആരാധകര്‍ക്കായി വീസ അനുവദിക്കുന്നതില്‍ പിശുക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

പക്ഷെ അഫ്ഗാനിസ്ഥാന്‍, ഹെയ്തി, ഇറാന്‍ എന്നിങ്ങനെ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പക്ഷേ ലോകകപ്പ് കാണാനായി അമേരിക്കയില്‍ എത്താനാവില്ല.2026ലെ ലോകകപ്പിലെ പ്രധാന ഓഫീസ് കെന്നഡി സെന്ററിലായിരിക്കുമെന്ന് വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഡിസംബര്‍ അഞ്ചിന് വാഷിങ്ടണിലെ കെന്നഡി സെന്റിറില്‍ വച്ചാണ് 48 ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പിലാകുമെന്ന് നിശ്ചയിക്കുന്ന നറുക്കെടുപ്പ്.നറുക്കെടുപ്പ് പ്രഖ്യാപനം ട്രംപാണ് നടത്തിയത്. യുഎസ്, കാനഡ, മെക്സിക്കോ എന്നിവര്‍ ചേര്‍ന്നാണ് 2026ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.

2026 ജൂലൈ 19ന് നടക്കാനിരിക്കുന്ന ഫൈനലിന്റെ ടിക്കറ്റും ജിയാനി ട്രംപിന് സമ്മാനിച്ചു. ന്യൂ ജഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഫൈനലിലെ ഒന്നാമത്തെ നിരയിലെ ഒന്നാമത്തെ സീറ്റാണ് ട്രംപിനായി നല്‍കിയത്.യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പില്‍ 48 ടീമുകള്‍ പങ്കെടുക്കും.ആകെ 104 മത്സരങ്ങളുണ്ടാകും.