ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ വിരാട് കോഹ്‌ലി ഗ്രൗണ്ടിലേക്ക് എത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയും, ബൗള്‍ ചെയ്യുന്ന ടീമിന് നെഞ്ചിടിപ്പുമാണ്. കാരണം അത്രക്ക് ആക്രമിച്ച് കളിക്കുന്ന താരമാണ് വിരാട്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് ഒരു ഗംഭീര കളി കളിച്ചിട്ട് നാളുകള്‍ കുറച്ചായി. ഈ കഴിഞ്ഞ ടെസ്റ്റിലും അദ്ദേഹത്തിന്റെ പോരായ്മകള്‍ എടുത്തു കാണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ കോച്ച് ഗംഭീറിന് അദ്ദേഹത്തിന്റെ ഫോം ഔട്ടില്‍ സങ്കടമില്ല. മറിച്ച് അദ്ദേഹം ഒരു സ്റ്റാറ ബാറ്റര്‍ ആണെന്നും ന്യുസിലന്‍ഡിനെതിരെയും, ഓസ്‌ട്രേലിയക്കെതിരെയും മികച്ച മത്സരം വിരാട് കാഴ്ചവെക്കുമെന്ന വിശ്വാസത്തിലാണ് ഗംഭീര്‍. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഓസീസുമായി. രോഹിത്തിന്റെ അഭാവത്തില്‍ വിരാട് ഫോമിലേക്ക് ഉയരേണ്ടത് വളരെ പ്രധാനമാണ്.

'വിരാട് കോഹ്‌ലിക്ക് എന്നത്തേയും പോലെ വിശക്കുന്നു. ഇവിടെ ന്യൂസിലന്‍ഡിനെതിരെയും തുടര്‍ന്ന് ഓസ്‌ട്രേലിയയിലും അദ്ദേഹം റണ്‍സ് നേടുമെന്ന് പ്രതീക്ഷിക്കുന്നു. ആ ഘട്ടത്തില്‍ എത്തിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന് എത്രത്തോളം സ്ഥിരത കൈവരിക്കാനാകുമെന്ന് ഞങ്ങള്‍ക്കറിയാം- ഗംഭീര്‍ പറഞ്ഞു. കുറഞ്ഞ സ്‌കോറിന് പുറത്തായാലും അള്‍ട്രാ അഗ്രസീവ് സമീപനത്തില്‍ ടീം മാറ്റമില്ലെന്നും ഗംഭീര്‍ പറഞ്ഞു. 'ആക്രമണാത്മക ക്രിക്കറ്റ് കളിക്കുന്നതില്‍നിന്ന് ആളുകളെ ഞങ്ങള്‍ തടയില്ല. ഞങ്ങള്‍ 100 റണ്‍സിന് പുറത്തായേക്കാം, പക്ഷേ ഞങ്ങള്‍ അമിതമായി ആശങ്കപ്പെടുന്നില്ല. ഞങ്ങള്‍ ആ ചലഞ്ച് ഏറ്റെടുക്കും- ടീമിന്റെ സമീപനത്തെക്കുറിച്ച് ഗംഭീര്‍ പറഞ്ഞു.

അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഇത് നിര്‍ണായക പരമ്പരകളാണ് മുന്നിലുള്ളത്. ബംഗ്ലാദേശിനെതിരായ 2-0 ജയം, ഓസ്‌ട്രേലിയയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ ഡബ്ല്യുടിസി ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇന്ത്യക്ക് മികച്ച അവസരം നല്‍കി. ന്യൂസിലന്‍ഡിനെതിരായ പരമ്പര 3-0ന് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞാല്‍ ഡബ്ല്യുടിസി ഫൈനല്‍ പ്രവേശനം ഏറെക്കുറെ ഉറപ്പിക്കും. ഒക്ടോബര്‍ 16ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പരമ്പര ആരംഭിക്കുന്നത്.