- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായിക മത്സരങ്ങളില്‍ പിഴവുകളുണ്ടാകും, പിഴവുകള്‍ സംഭവിച്ചില്ലെങ്കില്‍ ഫുട്ബോളില്‍ ആര്‍ക്കെങ്കിലും ഗോള്‍ നേടാനാകുമോ? എല്ലാ താരങ്ങളും പിഴവുകള്‍ വരുത്താറുണ്ട്: ഗുകേഷിനെതിരെ ലിറന്‍ മനഃപൂര്‍വം തോറ്റെന്ന ആരോപണം തള്ളി ഫിഡെ
സിംഗപ്പൂര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ഇന്ത്യന്‍ താരം ദൊമ്മരാജു ഗുകേഷിന് പിന്തുണയുമായി ഫിഡെ പ്രസിഡന്റ് അര്‍കാദി ജോക്കോവിച്ച്. ചൈനയുടെ ഡിങ് ലിറിനും ഗുകേഷും തമ്മില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ നിലവാരത്തില്‍ ചില മുന്‍ ചാമ്പ്യന്‍മാര്‍ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. കായികമത്സരങ്ങളിലെ പിഴവുകള്‍ കളിയുടെ ഭാഗമാണെന്നും സമ്മര്‍ദ്ദ സാഹചര്യത്തിലെ പിഴവുകളുടെ പേരില്‍ ലോകനിലവാരത്തിലുള്ള കളിക്കാര്‍ക്ക് നേരെ വിരല്‍ ചൂണ്ടെരുതെന്നും ഫിഡെ പ്രസിഡന്റ് അര്‍ക്കാഡി ഡോര്‍ക്കോവിച്ച് പറഞ്ഞു. മത്സരത്തിന് നിലവാരമില്ലായിരുന്നുവെന്ന വിമര്‍ശനങ്ങളേയും ഡോര്‍ക്കോവിച്ച് തള്ളിക്കളഞ്ഞു.
കായിക മത്സരങ്ങളില്‍ പിഴവുകളുണ്ടാകും. പിഴവുകള്‍ സംഭവിച്ചില്ലെങ്കില്‍ ഫുട്ബോളില്‍ ആര്‍ക്കെങ്കിലും ഗോള്‍ നേടാനാകുമോ? എല്ലാ കായിക താരങ്ങളും പിഴവുകള്‍ വരുത്താറുണ്ട്. പക്ഷേ എതിരാളിയുടെ പിഴവുകളില്‍ വിജയിക്കാനുള്ള വഴി കണ്ടെത്താനാകുമോ എന്നതാണ് നമ്മളെ ആവേശഭരിതരാക്കുന്നത്.'-ഡോര്‍ക്കോവിച്ച് പറഞ്ഞു. മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് ഡിങ് ലിറനേയും ഗുകേഷിനേയും അദ്ദേഹം അഭിനന്ദിച്ചു.
നേരത്തെ, ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഗുകേഷ് കിരീടം ചൂടിയതിന് പിന്നാലെ ഡിങ് ലിറന്‍ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന് ആരോപണവുമായി റഷ്യന്‍ ചെസ് ഫെഡറേഷന്‍ തലവന്‍ ആന്ദ്രേ ഫിലാത്തോവ് രംഗത്ത് എത്തിയിരുന്നു. ഡിങ് ലിറന്‍ തോല്‍വിയിലേക്കു നീങ്ങിയ, മത്സരത്തിന്റെ അത്തരമൊരു ഘട്ടത്തില്‍ ഒരു ഫസ്റ്റ് ക്ലാസ് കളിക്കാരന് പോലും തോല്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ചൈനീസ് താരത്തിന്റെ തോല്‍വി ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ബോധപൂര്‍വമായ ഒന്നായി തോന്നുകയും ചെയ്യുന്നുവെന്നും ഫിലാത്തോവ് പറഞ്ഞു. വിഷയത്തില്‍ ഫിഡെ അന്വേഷണം നടത്തണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.
സമനിലയിലേക്ക് നീങ്ങുമെന്ന് കളിവിദഗ്ദര്‍ വിലയിരുത്തിയ ഗെയിമില്‍ അട്ടിമറിവിജയം നേടിയാണ് ഡി. ഗുകേഷ് ലോക ചെസ് കിരീടം ഒരിക്കല്‍ക്കൂടി ഇന്ത്യയിലെത്തിച്ചത്. 14 ഗെയിമുള്ള ഫൈനലിലെ 13 ഗെയിം കഴിഞ്ഞപ്പോള്‍ ഇരുതാരങ്ങളും ആറര പോയിന്റുവീതംനേടി തുല്യനിലയിലായിരുന്നു. അവസാനത്തെ ഗെയിമില്‍ വെള്ളക്കരുക്കളുമായി കളിച്ച നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനായിരുന്നു തുടക്കത്തില്‍ മുന്‍തൂക്കം. എന്നാല്‍, സമയസമ്മര്‍ദത്തില്‍ ചൈനീസ് താരത്തിന് 55-ാം നീക്കം പിഴച്ചു. എതിരാളിയുടെ അബദ്ധം മുതലെടുത്ത് ഗുകേഷ് വിജയത്തിലേക്ക് മുന്നേറി.