- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൈനലിലേക്ക് മുന്നേറാന്‍ ലക്ഷ്യ; ഹോക്കി ക്വാര്‍ട്ടറില്‍ നേരിടുക ബ്രിട്ടനെ; ബോക്സിങ്ങില്‍ മെഡലുറപ്പിക്കാന്‍ ലവ്ലിനയും; ഇന്ത്യയുടെ ഇന്നത്തെ പ്രതീക്ഷകള്‍
പാരിസ്: ഷൂട്ടിങ്ങ് റേഞ്ചില്‍ നിന്നൊഴികെ ആശാവഹമായ പ്രകടനം ഒന്നും ലഭിക്കാത്ത ഇന്ത്യന്‍ ക്യാമ്പിന് ഇന്ന് പ്രതീക്ഷകളുടെ ഞായറാഴ്ച്ച.ഒളിംപിക്സ് പുരുഷ ബാഡ്മിന്റനില്‍ ഒരു മെഡല്‍ എന്ന ഇന്ത്യന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സിംഗിള്‍സ് സെമിഫൈനലില്‍ ലക്ഷ്യ സെന്‍ ഇന്നിറങ്ങും.ഡെന്മാര്ക്ക് താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ വിക്ടര്‍ അക്സെല്‍സനാണ് ഇരുപത്തിരണ്ടുകാരന് ലക്ഷ്യയുടെ എതിരാളി.ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനീസ് തായ്േപയുടെ ചൗ ടിയെന്‍ ചെനിനെ തോല്പിച്ചാണ് ലക്ഷ്യയുടെ സെമി പ്രവേശനം.
ക്വാര്‍ട്ടറില്‍ ഒഴികെ ബാക്കിയെല്ലാ മത്സരങ്ങളിലും ഒരു സെറ്റ് പോലും നഷ്ടപ്പെടാതെയാണ് ലക്ഷ്യ സെമിയില്‍ എത്തിയത്.സെമിയില്‍ ലോക രണ്ടാം നമ്പര്‍ റാങ്കുകാരനായ വിക്ടര്‍ അക്സെല്സന് ലക്ഷ്യയ്ക്ക് വലിയ വെല്ലുവിളിയുയര്‍ത്തിയേക്കും.ഇരുവരും 8 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 7 തവണയും ജയം അക്സെല്‍സനായിരുന്നു.എന്നാല്‍, 2022ലെ ജര്‍മന്‍ ഓപ്പണില്‍ അക്സെല്‍സനെ അട്ടമറിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം ലക്ഷ്യയ്ക്കു കരുത്താകും.
റിയോ ഒളിംപിക്സില്‍ വെങ്കലവും ടോക്കിയോയില്‍ സ്വര്‍ണവും നേടിയ അക്സെല്‍സന്റെ പേരില്‍ 2 ലോക ചാംപ്യന്‍ഷിപ് നേട്ടങ്ങളുമുണ്ട്.ഒളിമ്പിക്സ് ബാഡ്മിന്റണ്‍ സിംഗിള്‍ സെമിഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം എന്ന നേട്ടമാണ് ക്വാര്‍ട്ടറിലെ ജയത്തോടെ ലക്ഷ്യ സ്വന്തമാക്കിയത്.ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം.
പുരുഷ ഹോക്കി ക്വാര്‍ട്ടറാണ് ഇന്ത്യയുടെ ഇന്നത്തെ മറ്റൊരു മത്സരം.ബ്രിട്ടനാണ് എതിരാളികള്‍.52 വര്‍ഷത്തിന് ശേഷം
ഓസ്ട്രേലിയയ്ക്കെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.അവസാന 2 ഗ്രൂപ്പ് മത്സരങ്ങളില്‍ ബല്‍ജിയത്തിനും ഓസ്ട്രേലിയയ്ക്കുമെതിരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഉജ്വല ഫോമിലേക്കുയര്‍ന്നു കഴിഞ്ഞു.പൂള് ബിയില്‍ ബല്‍ജിയത്തിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നത്.ലോക രണ്ടാം നമ്പര്‍ ടീമായ ബ്രിട്ടനെതിരെ ഇന്ന് ഇതേ മികവ് ആവര്‍ത്തിക്കാനായാല്‍ ഇന്ത്യ വീണ്ടും ഒളിംപിക്സ് മെഡലിന് അരികിലെത്തും.ഉച്ചയ്ക്ക് 1.30നാണ് മത്സരം.
ബോക്സിങ്ങിലെ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക പ്രതീക്ഷയായ ലവ്ലിന ബോര്ഗോഹെയ്ന് ഇന്നിറങ്ങും.വനിതകളുടെ 75 കിലോഗ്രാം വിഭാഗം ബോക്സിങ്ങില്‍ ചൈനീസ് താരം ലി ക്വിയാനാണ് ഇന്ത്യന്‍ താരത്തിന്റെ എതിരാളി.കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ലവ്ലിനയെ തോല്പിച്ച് സ്വര്‍ണം നേടിയ താരമാണ് ടോപ് സീഡ് ആയ ക്വിയാന്.റിയോ ഒളിംപിക്സില്‍ വെങ്കലവും ടോക്കിയോ ഒളിംപിക്സില്‍ വെള്ളിയും നേടിയ ചൈനീസ് താരം മൂന്നാം മെഡല്‍ ലക്ഷ്യം വച്ചാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് എത്തുന്നത്.
ടോക്കിയോ ഒളിംപിക്സില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയ ലവ്ലിനയ്ക്ക് മെഡല്‍ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍, അത് ചരിത്രമാകും.ബോക്സിങ്ങില്‍ ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിനും ഒന്നിലധികം മെഡലുകള്‍ നേടാന്‍ സാധിച്ചിട്ടില്ല.75 കിലോഗ്രാം വിഭാഗത്തില്‍ നിലവിലെ ലോക ചാംപ്യനാണെന്നത് ഇരുപത്താറുകാരി ലവ്വിനയ്ക്ക് ആത്മവിശ്വാസം പകരും.ഉച്ചകഴിഞ്ഞ് 3.02നാണ് മത്സരം.
ഇന്ത്യന്‍ പോരാട്ടങ്ങള്‍ ചുരുക്കത്തില്‍
ഗോള്‍ഫ്- മെന്‍സ് റൗണ്ട്. ശുഭാങ്കര്‍ ശര്‍മ, ഗഗന്‍ജീത് ഭുല്ലര്‍.
ഷൂട്ടിങ്- പുരഷന്മാരുടെ റാപിഡ് ഫയര്‍ പിസ്റ്റള്‍ യോഗ്യത. അനിഷ് ഭന്‍വാല. വിജയ്വീര് സിധു.
ഷൂട്ടിങ്- വനിതാ സ്കീറ്റ് യോഗ്യത. റൈസ ധില്ലന്, മഹേശ്വരി ചൗഹാന്. 3 മത്സരങ്ങളും ഉച്ചയ്ക്ക് 12.30 മുതല്‍.
ഷൂട്ടിങ്- പുരുഷന്മാരുടെ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ യോഗ്യത (സ്റ്റേജ് 2). അനിഷ് ഭന്‍വാല, വിജയ്വീര് സിധു. വൈകീട്ട് 4.30 മുതല്‍.
ഹോക്കി- ക്വാര്‍ട്ടര്‍. ഇന്ത്യ- ബ്രിട്ടന്. ഉച്ചയ്ക്ക് 1.30.
അത്ലറ്റിക്സ്- വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്ള്ചെയ്സ് (ഹീറ്റ്സ്). പരുള്‍ ചൗധരി. ഉച്ചയ്ക്ക് 1.35 മുതല്‍.
അത്ലറ്റിക്സ്- ലോങ് ജംപ്. പുരുഷന്മാര്. ജെസ്വിന് ആല്ഡ്രിന്. ഉച്ചയ്ക്ക് 2.30 മുതല്‍.
ബോക്സിങ്- വനിതകളുടെ 75 കിലോ ക്വാര്‍ട്ടര്‍. ലോവ്ലിന ബോര്ഗോഹെയ്ന്- ലി ക്വിയാന്. വൈകീട്ട് 3.02 മുതല്‍.
ബാഡ്മിന്റണ്‍- പുരുഷ സിംഗിള്‍സ് സെമി. ലക്ഷ്യ സെന്‍- വിക്ടര്‍ അക്സല്‍സെന്‍. വൈകീട്ട് 3.30 മുതല്‍.
സെയ്ലിങ്- പുരുഷന്മാരുടെ ഐഎല്‍സിഎ റെയ്സ് 7, 8. വിഷ്ണു ശരവണന്. വൈകീട്ട് 3.35 മുതല്‍.
സെയ്ലിങ്- വനിതകളുടെ ഐഎല്‍സിഎ റെയ്സ് 7, 8. നേത്ര കുമനന്‍. വൈകീട്ട് 6.05 മുതല്‍.