ഇന്ത്യന്‍ ഹോക്കിയുടെ 'വന്‍മതില്‍'; രണ്ട് ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരം; കായിക കേരളത്തിന്റെ ഇതിഹാസമായി പി ആര്‍ ശ്രീജേഷ്
പാരീസ്: പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ ഇന്ത്യക്ക് സമ്മാനിച്ച് 'വന്‍മതില്‍' പി ആര്‍ ശ്രീജേഷ് നീലക്കുപ്പായം അഴിച്ചുവെക്കുമ്പോള്‍ ഇന്ത്യന്‍ ഹോക്കിയില്‍ സമാനതകള്‍ ഇല്ലാത്തൊരു അധ്യായമാണ് പൂര്‍ണമാവുന്നത്. മലയാളത്തിന്റെ അഭിമാനവും ഇന്ത്യയുടെ കാവലാളുമായി ഒന്നര ദശാബ്ദത്തോളം ഇന്ത്യന്‍ ഹോക്കിയില്‍ നിറസാന്നിധ്യമായിരുന്നു ശ്രീജേഷ്. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ഹോക്കിയില്‍ തുടര്‍ച്ചയായി രണ്ട് വെങ്കലം സമ്മാനിച്ചാണ് ശ്രീജേഷ് ഇന്ത്യന്‍ ജേഴ്സി അഴിക്കുന്നത്. തുര്‍ച്ചയായി രണ്ട് ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരം ശ്രീജേഷ് തന്നെ. ഇന്ന് സ്പെയ്നിനെതിരെ […]
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ ഇന്ത്യക്ക് സമ്മാനിച്ച് 'വന്‍മതില്‍' പി ആര്‍ ശ്രീജേഷ് നീലക്കുപ്പായം അഴിച്ചുവെക്കുമ്പോള്‍ ഇന്ത്യന്‍ ഹോക്കിയില്‍ സമാനതകള്‍ ഇല്ലാത്തൊരു അധ്യായമാണ് പൂര്‍ണമാവുന്നത്. മലയാളത്തിന്റെ അഭിമാനവും ഇന്ത്യയുടെ കാവലാളുമായി ഒന്നര ദശാബ്ദത്തോളം ഇന്ത്യന്‍ ഹോക്കിയില്‍ നിറസാന്നിധ്യമായിരുന്നു ശ്രീജേഷ്.
52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ഹോക്കിയില്‍ തുടര്‍ച്ചയായി രണ്ട് വെങ്കലം സമ്മാനിച്ചാണ് ശ്രീജേഷ് ഇന്ത്യന്‍ ജേഴ്സി അഴിക്കുന്നത്. തുര്‍ച്ചയായി രണ്ട് ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരം ശ്രീജേഷ് തന്നെ. ഇന്ന് സ്പെയ്നിനെതിരെ വെങ്കലപ്പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. മിന്നുന്ന സേവുകളുമായി ശ്രീജേഷ് മത്സരത്തില്‍ കളം നിറഞ്ഞിരുന്നു. അവസാന നിമിഷം പെനാല്‍റ്റി കോര്‍ണറും അവിശ്വസനീയമായി ശ്രീജേഷ് രക്ഷപ്പെടുത്തി.
ഇന്ത്യന്‍ ഹോക്കി ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് വിടപറുന്നത് ചരിത്ര നേട്ടത്തോടെയാണ്. ഇപ്പോഴിതാ പാരീസിലും ഇന്ത്യന്‍ ടീം വെങ്കല നേട്ടം ആവര്‍ത്തിക്കുമ്പോഴും അയാള്‍ തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു. വെങ്കല പോരാട്ടത്തില്‍ സ്പെയിനിന്റെ ആക്രമണങ്ങളെ പിടിച്ചുകെട്ടാന്‍ അയാളില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നായേനേ.
വിജയത്തിനു ശേഷം പതിവുപോലെ ഗോള്‍പോസ്റ്റിനു മുകളില്‍ കയറിയായിരുന്നു ഇന്ത്യന്‍ ഗോള്‍കീപ്പറുടെ വിജയാഹ്ലാദം. ഇനിയൊരു വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ അയാളുണ്ടാകില്ല. ഒളിമ്പിക്സിനു മുമ്പേ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷിന് അര്‍ഹിച്ച യാത്രയയപ്പ് നല്‍കാന്‍ സഹതാരങ്ങള്‍ക്കായി. ഹോക്കിക്ക് വേരോട്ടമില്ലാത്ത കേരളത്തില്‍ നിന്നാണ് ശ്രീജേഷ് ലോകത്തോളം വളര്‍ന്ന് പന്തലിച്ചത്. തുടക്കം തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്‌കൂളില്‍. 2004ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍.
രണ്ടുവര്‍ഷത്തിനകം ഇന്ത്യന്‍ സീനിയര്‍ ടീമിലും.ഒരായിരം കൈകളുമായി ഗോള്‍മുഖത്ത് ശ്രീജേഷ് വന്‍മതില്‍ തീര്‍ത്തപ്പോള്‍ ഇന്ത്യന്‍ ഹോക്കിയുടെ പുനര്‍ജനിക്കും അത് കാരണമായി. ഹോക്കിയില്‍ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമുള്ള ഒളിംപിക്സ് വെങ്കലവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഉള്‍പ്പടെയുള്ള തിളക്കങ്ങള്‍ക്കും, ഇടനെഞ്ചില്‍ കുടിയിരുത്തിയ എണ്ണമറ്റ ത്രസിപ്പിക്കുന്ന വിജയങ്ങള്‍ക്കും ഇന്ത്യ കടപ്പെട്ടിരിക്കുന്നത് മലയാളി ഗോള്‍കീപ്പറോടാണ്.
നാല് ഒളിംപിക്സില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ഗോള്‍കീപ്പറായ ശ്രീജേഷ് ലോകത്തിലെ ഏറ്റവും മികച്ച കാവല്‍ക്കാരനായി രണ്ടുതവണ തെരഞ്ഞടുക്കപ്പെട്ടു. ആ മികവിന് രാജ്യം അര്‍ജുനയും പത്മശ്രീയും ഖേല്‍രത്നയും നല്‍കി ആദരിച്ചു. 20 വര്‍ഷത്തിനിപ്പുറം ഗോള്‍കീപ്പറുടെ പടച്ചട്ട അഴിക്കുമ്പോള്‍ ഒരുമലയാളിക്ക് എത്തിപ്പിടിക്കാവുന്നതിനും സ്വപ്നം കണാവുന്നതിനും അപ്പുറമുണ്ട് നേട്ടങ്ങള്‍ ശ്രീജേഷിന്റെ ശേഖരത്തില്‍., ഇതിഹാസതാരങ്ങള്‍ ഏറെയുണ്ട് കായിക കേരളത്തിന് അവരില്‍ ഒന്നാമന്റെ പേര് ഇനി പി ആര്‍ ശ്രീജേഷ് എന്നായിരിക്കും.
1972ലെ മ്യൂണിക് ഒളിമ്പിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവല്‍ ഫ്രെഡറിക്കിന് ശേഷം ഇന്ത്യന്‍ ഹോക്കിയില്‍ കേരളത്തിന്റെ മേല്‍വിലാസമായിരുന്നു ശ്രീജേഷ്. 49 വര്‍ഷത്തിനു ശേഷം ഒളിമ്പിക് മെഡലണിയുന്ന മലയാളി എന്ന നേട്ടം സ്വന്തമാക്കിയ അദ്ദേഹം ഇപ്പോഴിതാ രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന ആദ്യ മലയാളി എന്ന മേല്‍വിലാസവും സ്വന്തമാക്കിയിരിക്കുകയാണ്. 2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്നത്തിന്റെയും ഫലമാണ് ഈ മെഡല്‍ നേട്ടം.
ന്യൂസീലന്‍ഡിനെതിരേ പൊരുതി നേടിയ ജയത്തോടെ ഒളിമ്പിക്സ് യാത്രയ്ക്ക് തുടക്കമിട്ട ഇന്ത്യന്‍ ഹോക്കി ടീമിന്റെ കാവലാളായി ശ്രീജേഷ് ഉണ്ടായിരുന്നു. അര്‍ജന്റീനയെ സമനിലയില്‍ പിടിച്ച മത്സരത്തിലും ഓസ്ട്രേലിയയേയും പിന്നാലെ ക്വാര്‍ട്ടറില്‍ ബ്രിട്ടനെ പെനാല്‍റ്റി ഷൂട്ടൗട്ടിലും കീഴടക്കിയ മത്സരങ്ങളില്‍ നിര്‍ണായകമായത് ശ്രീജേഷിന്റെ പ്രകടനമായിരുന്നു. ജര്‍മനിക്കെതിരായ സെമി നിരാശയുടേതായെങ്കിലും വെങ്കലത്തോടെ മടങ്ങാന്‍ ടീമിന് സാധിച്ചതിനു പിന്നിലും ശ്രീജേഷിന്റെ പ്രകടനം നിര്‍ണായകമായി.
കഴിഞ്ഞ തവണത്തെ വെങ്കല പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തകര്‍ത്തപ്പോള്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ ഇന്ത്യയുടെ രക്ഷകനായതും ശ്രീജേഷായിരുന്നു. മത്സരത്തില്‍ അവസാന സെക്കന്‍ഡിലെ നിര്‍ണായക സേവടക്കം ഒമ്പത് രക്ഷപ്പെടുത്തലുകളായിരുന്നു ആ മത്സരത്തില്‍ ശ്രീ നടത്തിയത്. ഇത്തവണ പക്ഷേ സെമിയില്‍ അതേ ജര്‍മനിക്കു മുന്നില്‍ ഇന്ത്യ വീണു.
ഹോക്കി സ്റ്റിക്കിനോട് ഇന്ത്യന്‍ പ്രണയം സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തുടങ്ങിയതാണ്. 1928 ഒളിമ്പിക്‌സില്‍ ഇന്ത്യ ആദ്യമെഡല്‍ നേടി. തുടര്‍ച്ചയായ ആറ് സ്വര്‍ണങ്ങളുമായി 1960-വരെ ആ കുതിപ്പ് തുടര്‍ന്നു. 30-ല്‍ 30 വിജയങ്ങളുമായി അപരാജിതര്‍. 1928 മുതല്‍ 1956 വരെ ഒരു ഗോള്‍ പോലും വഴങ്ങാതെ ഒളിമ്പിക് ചാമ്പ്യന്‍മാരായവര്‍. എന്നാല്‍ 1972-ന് ശേഷം ഇന്ത്യന്‍ ഹോക്കി നിറംമങ്ങി. ഒളിമ്പിക്സിന് പോലും യോഗ്യത നേടാനാകാതെ പോയ ദനയനീയാവസ്ഥയില്‍ നിന്ന് ഇന്ത്യയുടെ ദേശീയ കായിക വിനോദത്തെ പിടിച്ചുയര്‍ത്തിയതില്‍ ശ്രീജേഷിന് തന്റേതായ റോളുണ്ടായിരുന്നു. ഒരുകാലത്ത് എതിരാളികള്‍ ഭയപ്പെട്ടിരുന്ന ടീമിന് ആധുനിക ടര്‍ഫിന്റെ വരവോടെയാണ് ആ പ്രതാപം നഷ്ടമാകുന്നത്. എന്നാല്‍ പതിയെ ഇന്ത്യ അതിനോട് ഇണങ്ങി.
രാജ്യത്തിനായി വിവിധ ടൂര്‍ണമെന്റുകളില്‍ ഗോള്‍കീപ്പര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും മലയാളി താരം പുറത്തെടുത്ത പ്രകടനങ്ങളെ പുകഴ്ത്താതെ വയ്യ. ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയത് ശ്രീജേഷിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. 2016-ലെ റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ നയിച്ച ശ്രീ 2014, 2018 ലോകകപ്പുകളിലും 2012 ഒളിമ്പിക്‌സിലും ടീമിന്റെ ഭാഗമായി.
കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി ശ്രീജേഷ് വരവറിയിച്ചു. അടുത്ത ആറു വര്‍ഷത്തിനിടയില്‍ ഗോള്‍കീപ്പറെന്ന പദവി ശ്രീജേഷില്‍ വന്നുംപോയും കൊണ്ടേയിരുന്നു.
സീനിയര്‍ ഗോള്‍കീപ്പറായ അഡ്രിയന്‍ ഡിസൂസയ്ക്കും ഭാരത് ഛേത്രിക്കും വേണ്ടി പലപ്പോഴും ശ്രീജേഷിന് വഴിമാറികൊടുക്കേണ്ടി വന്നു. 2011-ല്‍ ചൈനയിലെ ഒര്‍ഡൊസ് സിറ്റിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ പാകിസ്താനെതിരെ രണ്ട് പെനാല്‍റ്റി സ്ട്രോക്കുകള്‍ തടഞ്ഞതോടെയാണ് ശ്രീജേഷിന്റെ തലവര തെളിഞ്ഞത്.
അതിനുശേഷം ഇന്ത്യയുടെ ഗോള്‍കീപ്പറുടെ ജേഴ്സിയില്‍ ശ്രീജേഷ് സ്ഥാനമുറപ്പിച്ചു. 2013 ഏഷ്യ കപ്പില്‍ ഇന്ത്യ രണ്ടാമതെത്തിയപ്പോള്‍ മികച്ച രണ്ടാമത്തെ ഗോള്‍കീപ്പറെന്ന അവാര്‍ഡും ശ്രീജേഷിന്റെ അക്കൗണ്ടിലെത്തി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും അംഗമായിരുന്നു ശ്രീജേഷ്.
പിന്നീട് 2012 ലണ്ടന്‍ ഒളിമ്പിക്സിലും 2014-ലെ ലോകകപ്പിലും ഏറെ പിന്നോട്ടു പോയ ഇന്ത്യന്‍ ഹോക്കി ഏറെ പഴികള്‍ കേള്‍ക്കേണ്ടി വന്നു. അവിടെ നിന്ന് ഇന്ത്യന്‍ ടീമിന്റെ രക്ഷക്കെത്തിയത് ശ്രീജേഷായിരുന്നു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരായ ഫൈനല്‍ ഇന്ത്യക്ക് എല്ലാ അര്‍ഥത്തിലും വിജയിച്ചേ മതിയാകുമായിരുന്നുള്ള. പെനാല്‍റ്റിയിലേക്ക് നീങ്ങിയ മത്സരത്തിനൊടുവില്‍ പാകിസ്താന്റെ രണ്ട് പെനാല്‍റ്റി സ്ട്രോക്സ് തടഞ്ഞ് ശ്രീജേഷ് ഇന്ത്യയുടെ ഹീറോ ആയി.
തുടര്‍ന്ന് ലണ്ടനില്‍ ജൂണ്‍ പത്ത് മുതല്‍ പതിനേഴ് വരെ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ യുവതാരങ്ങളടങ്ങിയ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള നിയോഗം ശ്രീജേഷിനായിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് ഒളിമ്പിക്സിന് തയ്യാറെടുക്കുന്നതിന് വിശ്രമം അനുവദിച്ച പ്രഖ്യാപിച്ച ടീം എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനവുമായി ലണ്ടനില്‍ രണ്ടാം സ്ഥാനത്തെത്തി. ബ്രിട്ടനെതിരെയും ദക്ഷിണ കൊറിയക്കെതിരെ നേടിയ വിജയങ്ങളും കരുത്തരായ ജര്‍മനിക്കെതിരെ നേടിയ സമനിലയും ഇന്ത്യയെ ഫൈനലിലെത്തിച്ചു.
കലാശക്കളിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയോട് തോറ്റെങ്കിലും ശ്രീജേഷിനെ കാത്തിരുന്നത് റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ നയിക്കാനുള്ള ദൗത്യമായിരുന്നു. നിലവിലെ നായകന്‍ സര്‍ദാര്‍ സിംഗ് ലൈംഗിക വിവാദത്തില്‍ പെട്ടതും നായകസ്ഥാനത്തേക്കുള്ള ശ്രീജേഷിന്റെ വരവ് എളുപ്പമാക്കി. ഒടുവിലിതാ ചരിത്രം കുറിച്ച രണ്ടാം ഒളിമ്പിക് മെഡലുമായി ഇന്ത്യന്‍ ഹോക്കിയുടെ വന്‍മതില്‍ വിടപറയുകയാണ്.