പാരിസ്: പാരിസ് ഒളിംപിക്സില്‍ നിന്ന് ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയായത് അവര്‍ രാജ്യത്തിനായി സ്വര്‍ണം കൊണ്ടുവരുന്നത് ആകാംക്ഷയോടെ കാത്തിരുന്ന 140 കോടി ഇന്ത്യക്കാരുടെ ഹൃദയം തകര്‍ക്കുന്ന തീരുമാനമായിരുന്നു. അയോഗ്യയാക്കപ്പെട്ടെങ്കിലും രാജ്യം മുഴുവന്‍ വിനേഷ് ഫോഗട്ടിനൊപ്പമുണ്ട്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാക്കളുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. വിനേഷിന്റെ അയോഗ്യതാ വാര്‍ത്തയറിഞ്ഞ് വിതുമ്പി കരയുകയായിരുന്നു അമ്മാവനും മുന്‍താരവുമായ മഹാവീര്‍ സിംഗ് ഫോഗട്ട്.

ഫോഗട്ട് കരയുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിനേഷിന് സ്വര്‍ണ മെഡല്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും ഭാരം 50-100 ഗ്രാം കൂടിയാല്‍ സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട് എന്നും മഹാവീര്‍ ഫോഗട്ട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 'എനിക്കൊന്നും കൂടുതലായി പറയാനില്ല. വിനേഷിന് സ്വര്‍ണ മെഡല്‍ രാജ്യമാകെ പ്രതീക്ഷിച്ചിരുന്നു. തീര്‍ച്ചയായും ഗെയിംസില്‍ നിയമങ്ങളുണ്ട്.

എന്നാല്‍ ഭാരം 50-100 ഗ്രാം വ്യത്യാസം വന്നാല്‍ സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട്. നിരാശകരുത് എന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. ഒരുനാള്‍ വിനേഷ് ഫോഗട്ട് രാജ്യത്തിനായി ഒളിംപിക്‌സ് മെഡല്‍ കൊണ്ടുവരും. അടുത്ത ഒളിംപിക്സിനായി അവളെ ഞാന്‍ ഒരുക്കും'- എന്നുമാണ് വൈകാരികമായി മഹാവീര്‍ സിംഗിന്റെ പ്രതികരണം.

ഉറച്ച മെഡല്‍ പ്രതീക്ഷയില്‍ നിന്ന് രാജ്യത്തിന്റെ കണ്ണീരായി മാറിയിരിക്കുകയാണ് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ ഭാരം 100 ഗ്രാം കൂടിയെന്ന കാരണം പറഞ്ഞാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി അയോഗ്യയാക്കിയത്. എന്നാല്‍ ഒരൊറ്റ ദിവസം കൊണ്ട് വിനേഷിന്റെ ഭാരത്തില്‍ എങ്ങനെയാണ് മാറ്റമുണ്ടായത് എന്ന ചോദ്യം ഉയരുന്നു.

ഭാരക്കൂടുതല്‍ കണ്ടെത്തിയതിനാല്‍ ഒളിംപിക്‌സ് നിയമങ്ങള്‍ അനുസരിച്ച് വിനേഷ് ഫോഗട്ടിന് പാരിസ് ഒളിംപിക്സില്‍ വെള്ളി മെഡലിന് പോലും അര്‍ഹതയില്ല. സെമിയില്‍ വിനേഷ് തോല്‍പിച്ച ക്യൂബന്‍ താരം ഫൈനലിന് യോഗ്യത നേടി. അയോഗ്യയായതോടെ വിനേഷ് ഫോഗട്ട് അവസാന സ്ഥാനക്കാരിയാണ് അടയാളപ്പെടുത്തുക. വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ മോദി ഉഷയോട് ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തിന്റെ നേരിട്ടുള്ള വിവരംതേടി പ്രശ്നപരിഹാരത്തിന് എല്ലാവഴികളും തേടാനാണ് ഉഷയോട് മോദി ആവശ്യപ്പെട്ടതെന്നാണ് വിവരം. അയോഗ്യയാക്കിയ സംഭവത്തില്‍ ഫോഗട്ടിന് പ്രയോജനകരമാകുമെങ്കില്‍ മാത്രം കടുത്ത പ്രതിഷേധം രേഖപ്പെടുത്താനും പ്രധാനമന്ത്രി ഐ.ഒ.എ. പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍നിന്ന് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ മോദി കടുത്ത നിരാശരേഖപ്പെടുത്തിയിരുന്നു. തിരിച്ചടി വേദനാജനകമാണെന്ന് എക്സില്‍ കുറിച്ച മോദി, വെല്ലുവിളികളെ ധീരതയോടെ നേരിടുകയെന്നതായിരുന്നു എന്നും ഫോഗട്ടിന്റെ പ്രകൃതം എന്നും അഭിപ്രായപ്പെട്ടിരുന്നു.