'സൂപ്പര്‍മാനായി' പി.ആര്. ശ്രീജേഷ്; ഉജ്വല സേവുകള്‍; ഷൂട്ടൗട്ടില്‍ ഇന്ത്യ സെമിയില്‍; ഹോക്കിയില്‍ പത്ത് പേരുമായി കളിച്ചിട്ടും ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: ഒളിമ്പിക്സ് പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് ഇന്ത്യ സെമിയില്‍. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഷൂട്ടൗട്ടിലാണ് ഇന്ത്യന്‍ ജയം. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി. മലയാളി താരം പി.ആര്. ശ്രീജേഷിന്റെ കിടിലന്‍ സേവുകളാണ് ഇന്ത്യക്ക് രക്ഷയായത്. നിശ്ചിത സമയത്തിനകത്തെ മികവ് ശ്രീജേഷ് ഷൂട്ടൗട്ടിലും തുടര്‍ന്നതോടെ ഇന്ത്യ വിജയത്തിലെത്തി. ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ തടഞ്ഞിട്ടതാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യ-ബ്രിട്ടന് മത്സരം നിശ്ചിത 60 മിനിറ്റില്‍ 1-1 സമനിലയില്‍. ഇന്ത്യക്കായി ഹര്‍മന്‍പ്രീതാണ് ആദ്യം ഗോള്‍ നേടിയത്. പിന്നാലെ ബ്രിട്ടന് ഗോള്‍ മടക്കി. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷ് 'സൂപ്പര്‍മാനാ'യതോടെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയവും സെമിയില്‍ സ്ഥാനവും. മത്സരത്തിലുടനീളം വന്മതില് പോലെ ഇന്ത്യന്‍ ഗോള്‍മുഖത്ത് നിലയുറപ്പിച്ച ശ്രീജേഷിനാണ് ഈ വിജയത്തില്‍ പ്രധാന കയ്യടി. ശ്രീജേഷിന്റെ സേവുകളാണ് 10 പേരായി ചുരുങ്ങിയ ഇന്ത്യയെ പലപ്പോഴും മത്സരത്തില്‍ നിലനിര്‍ത്തിയത്. ഒടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലും രക്ഷകനായത് ശ്രീജേഷ് തന്നെ.
പ്രതിരോധത്തിലെ കരുത്തന് അമിത് റോഹിദാസ് രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ത്തന്നെ ബ്രിട്ടിഷ് താരത്തിന്റെ മുഖത്ത് സ്റ്റിക്ക് തട്ടിച്ചതിനാണ് റെഡ് കാര്‍ഡ് ലഭിച്ചത്. നേരത്തെ, ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും (22ാം മിനിറ്റ്) ബ്രിട്ടനായി ലീ മോര്‍ട്ടനും (27ാം മിനിറ്റ്) നേടിയ ഗോളുകളാണ് മത്സരം നിശ്ചിത സമയത്ത് സമനിലയില്‍ എത്തിച്ചത്. 52 വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷം ഒളിംപിക്സ് വേദിയില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചതിന്റെ ആവേശമടങ്ങും മുന്‍പാണ് ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യയുടെ സെമി പ്രവേശം. പൂള് ബിയില്‍ ബല്‍ജിയത്തിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നത്.
രണ്ടാം ക്വാര്‍ട്ടറിന്റെ ആരംഭത്തില്‍ അമിത് റോഹിദാസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും, അതില്‍നിന്ന് ഇരട്ടി കരുത്താര്‍ജിച്ച ടീമിനെയാണ് പിന്നീട് കളത്തില്‍ കണ്ടത്. പന്തുമായി മുന്നേറുന്നതിനിടെ രോഹിത്തിനെ തടയാന്‍ ബ്രിട്ടിഷ് താരങ്ങവായ വില്യം കല്‍നാനും സാക് വാലന്‍സും എത്തി. ഇതില്‍ വില്ല്യം കല്‍നാന്റെ മുഖത്ത് അമിത് സ്റ്റിക്കിന് തട്ടിയതാണ് വിനയായത്. ഓണ്‍ഫീല്‍ഡ് അംപയര്‍ ഇതു ഗൗനിച്ചില്ലെങ്കിലും ഈ തീരുമാനം ബ്രിട്ടന് റിവ്യൂ ചെയ്തതോടെ വിശദമായി പരിശോധിച്ച ടിവി അംപയറാണ് അമിത് റെഡ് കാര്‍ഡ് നല്‍കാനുള്ള കുറ്റമാണ് ചെയ്തതെന്ന് വിധിച്ചത്. കാണികള്‍ കനത്ത കൂവലോടെയാണ് റെഡ് കാര്‍ഡ് തീരുമാനത്തെ സ്വീകരിച്ചത്.
ഇതോടെ രണ്ട് ക്വാര്ട്ടറുകള് പൂര്‍ണമായും ഒരു ക്വാര്‍ട്ടറിന്റെ മുക്കാല്‍ ഭാഗവും 10 പേരുമായാണ് ഇന്ത്യ പൊരുതിയത്. ആദ്യ ഗോള്‍ ഉള്‍പ്പെടെ ഇന്ത്യ സ്കോര്‍ ചെയ്തതും കളത്തില്‍ ഒരു താരം കുറവുള്ളപ്പോള്ത്തന്നെ.
അമിത് പുറത്തുപോയത് പിന്നീടുള്ള നിമിഷങ്ങളില്‍ വലച്ചെങ്കിലും അധികം വൈകാതെ ഇന്ത്യ താളം കണ്ടെത്തി. ഇതിന്റെ ഫലമായിരുന്നു ആദ്യ ഗോള്‍. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ അനുകൂലമായി ലഭിച്ച പെനല്‍റ്റി കോര്‍ണറാണ് ഗോളില്‍ കലാശിച്ചത്. പെനല്‍റ്റി കോര്‍ണറില്‍നിന്ന് ലഭിച്ച പന്തിന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഗോള്‍കീപ്പറിനും പോസ്റ്റിന് അരികെ കാവല്‍നിന്ന താരത്തിനും ഇടയിലൂടെ ഗോളിലേക്ക് വഴികാട്ടി.
ഗോള്‍കീപ്പര്‍ പി.ആര്.ശ്രീജേഷിന്റെ മികച്ചൊരു സേവിനു തൊട്ടുപിന്നാലെയായിരുന്നു ബ്രിട്ടന്റെ സമനില ഗോള്‍. ബ്രിട്ടിഷ് താരത്തിന്റെ ആദ്യ ഷോട്ട് ശ്രീജേഷ് തടുത്തതാണ്. റീബൗണ്ടില്‍നിന്ന് പന്തു ലഭിച്ച ലീ മോര്‍ട്ടന്‍ അത് ഗോളിലേക്കു തൊടുത്തെങ്കിലും ശ്രീജേഷ് വീണ്ടും തടഞ്ഞു. ഇത്തവണ തട്ടിത്തെറിച്ച പന്ത് പോസ്റ്റിലേക്ക് നീങ്ങി. സ്കോര്‍ 1 - 1. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ രണ്ടു മിനിറ്റ് മാത്രം ശേഷിക്കെ ബ്രിട്ടന് സമനില ഗോള്‍. തുടര്‍ന്നുള്ള ഇരു ക്വാര്‍ട്ടറുകളിലും ഉറച്ച പ്രതിരോധം തീര്‍ത്തും ഗതികെടുമ്പോള്‍ പെനല്‍റ്റി കോര്‍ണര്‍ വഴങ്ങിയും ഇന്ത്യ ചെറുത്തുനിന്നതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക്.