പാരീസ്: രാജ്യത്തിനായി മെഡല്‍ നേടിയതില്‍ അഭിമാനമുണ്ടെന്നും സ്വര്‍ണം അര്‍ഷദ് നദീമിന് എന്നതായിരുന്നു ദൈവത്തിന്റെ തീരുമാനമെന്നും നീരജ് ചോപ്ര. ഒളിംപിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെയാണ് നീരജ് ചോപ്രയുടെ പ്രതികരണം. മികച്ച പ്രകടനം നടത്തിയ നദീമിനെ അഭിനന്ദിച്ച താരം തനിക്ക് രാജ്യത്തിനായി ഇനിയുമേറെ നേടാനുണ്ടെന്നും പറഞ്ഞു. ഫൈനലില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായിരുന്ന നീരജിന് പക്ഷേ ഇത്തവണ സ്വര്‍ണ നേട്ടം സ്വന്തമാക്കാനായില്ല.

അര്‍ഷാദ് 92.97 മീറ്റര്‍ എറിഞ്ഞപ്പോള്‍ താനും 90 മീറ്റര്‍ മറികടക്കുമെന്ന് കരുതിയതാണ്. എന്നാല്‍ ഫൗളുകള്‍ കാരണമാണ് അത് സാധിക്കാതെ പോയത്. ഇനിയും അവസരമുണ്ടെന്നാണ് വിശ്വാസം. തന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ ഏറ്റവും മികച്ച ഇന്ത്യന്‍ അത്‌ലറ്റായി താന്‍ മാറിയെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആറ് അവസരങ്ങളില്‍ അഞ്ചും ഫൗളായെങ്കിലും നീരജിന് ഫൗളല്ലാത്ത ഒറ്റ ഏറില്‍ തന്നെ വെള്ളി നേടാനായി. രണ്ടാമൂഴത്തിലെ 89.45 മീറ്റര്‍. സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനത്തിലേക്ക് എത്തി. എന്നാല്‍ 90 മീറ്റര്‍ കടമ്പ കടക്കാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചില്ല. നീരജിന്റെ ടോക്കിയോയിലെ സ്വര്‍ണം പാരീസില്‍ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം സ്വന്തമാക്കി.

89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസില്‍ നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. ആദ്യ ശ്രമം ഫൗളായ പാകിസ്താന്റെ അര്‍ഷാദ് നദീം പക്ഷേ രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റെക്കോഡും സ്വര്‍ണവും സ്വന്തമാക്കി. 2008-ല്‍ ബെയ്ജിങ്ങില്‍ നോര്‍വെയുടെ ആന്ദ്രെസ് തോര്‍കില്‍ഡ്‌സന്‍ കുറിച്ച 90.57 മീറ്ററിന്റെ റെക്കോഡാണ് അര്‍ഷാദ് നദീം മറികടന്നത്. 88.54 മീറ്റര്‍ ജാവലിന്‍ പായിച്ച ഗ്രെനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്സിനാണ് വെങ്കലം.

ഫൈനലില്‍ ഒരു ത്രോ മാത്രമാണ് നീരജിന് എറിയാനായത്. ബാക്കിയുള്ള അഞ്ചും ഫൗളായി. ആദ്യ ശ്രമം തന്നെ ഫൗളായതോടെ നീരജിന്റെ താളംതെറ്റി. രണ്ടാം ശ്രമത്തില്‍ വെള്ളി മെഡല്‍ നേടിയ ദൂരമെറിയാനായെങ്കിലും ബാക്കിയുള്ള ശ്രമങ്ങളെല്ലാം ഫൗളില്‍ കലാശിച്ചതോടെ നീരജ് അസ്വസ്ഥനായിരുന്നു.