പാരീസ്: ഒളിമ്പിക്സില്‍ സമീപകാല ചരിത്രത്തില്‍ ഇന്ത്യ ഏറ്റവും മോശം പ്രകടനവുമായി തുടരുമ്പോള്‍ ഏക സ്വര്‍ണ്ണ പ്രതീക്ഷയുമായി നീരജ് ചോപ്ര ഇന്ന് ജാവലിന്‍ ഫൈനലിന് ഇറങ്ങും.നിലവിലെ ഒളിംപിക് ചാംപ്യനും ലോക ചാംപ്യനുമായ ഇരുപത്താറുകാരന്‍ നീരജ് യോഗ്യതാ റൗണ്ടില്‍ ഒന്നാമനായാണ് ഫൈനല്‍ ഉറപ്പിച്ചത്. സ്വര്‍ണ നേട്ടത്തിനു പുറമേ, ജാവലിനിലെ സുവര്‍ണ ദൂരമായ 90 മീറ്റര്‍ മറികടക്കുക എന്ന ലക്ഷ്യം കൂടി ഇന്നത്തെ ഫൈനലിന് ഇറങ്ങുമ്പോള്‍ നീരജിന്റെയും ഇന്ത്യന്‍ ആരാധകരുടെയും മനസ്സിലുണ്ട്.

ഇന്ന് ജയിച്ചാല്‍ പുരുഷ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നിലനിര്‍ത്തുന്ന അഞ്ചാമത്തെ താരമായി നീരജ് മാറും. എറിക് ലെമിങ് (സ്വീഡന്‍), യോണി മുയ്റ (ഫിന്‍ലന്‍ഡ്), യാന്‍ ഷെലെസ്നി (ചെക്ക് റിപ്പബ്ലിക്), ആന്‍ഡ്രിയാസ് തോര്‍കില്‍ഡ്സെന്‍ (നോര്‍വേ) എന്നിവരാണ് ഇതിനു മുന്‍പ് ജാവലിനില്‍ സ്വര്‍ണം നിലനിര്‍ത്തിയ താരങ്ങള്‍. ഇനി ആദ്യ 3ല്‍ എത്തുകയാണെങ്കില്‍ ഒളിംപിക്സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും നീരജിനെ കാത്തിരിക്കുന്നുണ്ട്.ഇന്ത്യന്‍ സമയം രാത്രി 11.55 നാണ് ഫൈനല്‍.

പുരുഷന്മാരുടെ ഹോക്കിയില്‍ സെമിയില്‍ തോറ്റ ഇന്ത്യക്ക് ഇന്ന് വെങ്കലം ഉറപ്പിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. സെമിയില്‍ ജര്‍മനിയോടാണ് ഇന്ത്യ തോറ്റത്.വെങ്കലപ്പോരാട്ടത്തില്‍ ഇന്ത്യ - സ്പെയിന്‍ പോരാട്ടം ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30 ന് നടക്കും. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ മലയാളിതാരം പി.ആര്‍.ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരമാകും ഇന്നത്തേത് എന്ന പ്രത്യേകതയുമുണ്ട്.

ഒളിംപിക്സ് ഹോക്കിയില്‍ തുടരെ 2ാം തവണയാണ് ഇന്ത്യ വെങ്കലപ്പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ടോക്കിയോയില്‍ ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം വെങ്കലം നേടിയിരുന്നു. 1980നു ശേഷം ആദ്യമായിട്ടായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ ഒളിംപിക് മെഡല്‍. ടോക്കിയോയില്‍ സെമിയില്‍ ബല്‍ജിയത്തിനോടു തോറ്റു.വെങ്കലപ്പോരില്‍ ജര്‍മനിയെ മറികടന്നു.ഇന്ത്യയും സ്പെയിനും ഏറ്റുമുട്ടിയ അവസാന 5 മത്സരങ്ങളില്‍ നാലിലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഒന്നില്‍ മാത്രമാണു സ്പെയിനു ജയിക്കാനായത്.

വനിതകളുടെ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിനെ ഫൈനലില്‍ അയോഗ്യ ആക്കിയതോടെ നിരാശയില്‍ നില്‍ക്കുന്ന ഗുസ്തി വിഭാഗത്തില്‍ ഇന്ത്യക്ക് ഇന്ന് രണ്ട് പോരാട്ടങ്ങള്‍ ഉണ്ട്.പുരുഷ വനിതാ വിഭാഗത്തില്‍ ഇന്ന് രണ്ട് താരങ്ങള്‍ ഇന്ത്യക്കായി കളത്തിലിറങ്ങുന്നുണ്ട്. ഉച്ചക്ക് 2.30ന് നടക്കുന്ന പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമാന്‍ സെഹ്‌റാവത്ത് പ്രീ ക്വാര്‍ട്ടറിലിറങ്ങും. പുരുഷ ഗുസ്തിയിലെ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് അമാന്‍. ഉച്ചക്ക് 2.30ന് തന്നെ വനിതകളുടെ 57 കിലോഗ്രാം പ്രീ ക്വാര്‍ട്ടറില്‍ അന്‍ഷു മാലിക്കും ഇറങ്ങും

പാരീസ് ഒളിംപിക്‌സ് 13ാം ദിനത്തിലേക്ക് കടക്കവെ ഇന്ത്യക്ക് നിരാശയാണ് ഫലം. മൂന്ന് മെഡലുകളാണ് ഇതുവരെ ഇന്ത്യക്ക് നേടാനായത്. പ്രതീക്ഷ നല്‍കിയ പല താരങ്ങളും നിരാശപ്പെടുത്തി പുറത്താവുകയും ചെയ്തിരിക്കുകയാണ്.