ലോസാന്‍: ലോസാന്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ് ജാവലിന്‍ ത്രോയില്‍ സീസണിലെ മികച്ച ദൂരം(89.49 മീറ്റര്‍) കണ്ടെത്തിയ ഇന്ത്യയുടെ ലോകചാമ്പ്യന്‍ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം. കരിയറിലെ ഏറ്റവും മികച്ച ത്രോ ആയിട്ടും ഒന്നാംസ്ഥാനത്തേക്ക് ചോപ്ര എത്തിയില്ല. ഗ്രനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റര്‍) ഒന്നാം സ്ഥാനം നേടി. ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (87.08) മൂന്നാമതായി. തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച നീരജ് ആറാമത്തെ ഏറിലാണ് പാരീസ് ഒളിമ്പിക്സില്‍ വെള്ളിനേടിയ ദൂരം (89.45) മെച്ചപ്പെടുത്തി രണ്ടാമതെത്തിയത്. സീസണിലെ താരത്തിന്റെ മികച്ച പ്രകടനം.

ലോസാനില്‍ സീസണിലെ മികച്ച ദൂരം കുറിച്ചെങ്കിലും, 90 മീറ്റര്‍ എന്നത് നീരജിന് എത്തിപ്പിടിക്കാനാത്ത സ്വപ്ന ദൂരമായി അവശേഷിക്കുന്നു. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പ്രകടനം. ദോഹ ഡയമണ്ട് ലീഗിലും (88.36) നീരജ് ഇത്തവണ രണ്ടാമതെത്തിയിരുന്നു. പാരീസില്‍ ഒളിമ്പിക് റെക്കാഡോടെ സ്വര്‍ണം നേടിയ പാകിസ്താന്റെ അര്‍ഷദ് നദീം ലോസാനില്‍ മത്സരിച്ചില്ല. എന്നാല്‍ പാരിസിലെ ആദ്യ 6 സ്ഥാനക്കാരില്‍ മറ്റെല്ലാവരും മത്സരത്തിനുണ്ടായിരുന്നു. പാരിസ് ഒളിംപിക്‌സിലെ വെള്ളി മെഡല്‍നേട്ടത്തിനുശേഷമുള്ള നീരജ് ചോപ്രയുടെ ആദ്യ മത്സരമായിരുന്നു ഇത്. തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ച നീരജ് ചോപ്ര, അവസാന രണ്ടു ശ്രമങ്ങളിലാണ് 85 മീറ്റര്‍ തന്നെ പിന്നിട്ടത്.

ആദ്യ ശ്രമത്തില്‍ 82.10 മീറ്ററുമായി നാലാമതായിരുന്നു നീരജ്. പിന്നീട് 83.21 മീറ്ററോടെ മൂന്നാം സ്ഥാനത്തേക്കു കയറിയെങ്കിലും അധികം വൈകാതെ നാലാമനായി. മൂന്നാം ശ്രമത്തില്‍ നീരജ് 83.13 മീറ്ററുമായി പിന്നിലേക്കു പോയി. നാലാം ശ്രമത്തില്‍ വീണ്ടും 83.21 മീറ്റര്‍ ദൂരം കണ്ടെത്തിയെങ്കിലും നാലാമതു തന്നെ. അഞ്ചാം ശ്രമത്തില്‍ ആദ്യമായി 85 മീറ്റര്‍ കടന്ന നീരജ്, 85.58 മീറ്റര്‍ ദൂരത്തോടെ മൂന്നാം സ്ഥാനത്തേക്കു കയറി. ഒടുവില്‍ അവസാന ശ്രമത്തില്‍ സീസണിലെ തന്റെ മികച്ച പ്രകടനമെന്ന ഖ്യാതിയോടെ 89.49 മീറ്ററോടെ രണ്ടാം സ്ഥാനത്തേക്ക്.

ജാവലിന്‍ത്രോയിലെ ഡയമണ്ട് ലീഗ് ചാംപ്യന്‍പട്ടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ നീരജ്, സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഫൈനലിനു യോഗ്യത നേടി. സെപ്റ്റംബര്‍ 14ന് ബ്രസല്‍സില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലെ ജേതാവാണ് ഡയമണ്ട് ലീഗ് ചാംപ്യനാകുക. 2022 സീസണില്‍ ഡയമണ്ട് ലീഗ് ചാംപ്യനായിരുന്ന നീരജ് കഴിഞ്ഞവര്‍ഷം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. സീസണിലെ ഡയമണ്ട് ലീഗ് മീറ്റുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 6 പേര്‍ മാത്രമാണ് ഡയമണ്ട് ലീഗ് സീസണിന്റെ കലാശപ്പോരാട്ടമായ ഫൈനലില്‍ മത്സരിക്കുക. ഡയമണ്ട് ലീഗ് ചാംപ്യനു ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലേക്ക് 'വൈല്‍ഡ് കാര്‍ഡ്' എന്‍ട്രി ലഭിക്കും.