പാരീസ്: ഒളിമ്പിക്സിലെ അയോഗ്യതക്കെതിരേ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ സ്വീകരിച്ച് കായിക തര്‍ക്കപരിഹാര കോടതി. പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിന് മുന്നോടിയായുള്ള ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ സംഭവത്തിലായിരുന്നു അപ്പീല്‍. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് ഫോഗട്ട് അപ്പീലില്‍ ഉന്നയിച്ചത്.

ഈ ഹര്‍ജിയാണ് വ്യാഴാഴ്ച തര്‍ക്കപരിഹാര കോടതിയുടെ ഉന്നതധികാര സമിതി സ്വീകരിച്ചത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് വാദംകേള്‍ക്കല്‍. വ്യാഴാഴ്ച വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്ച രാവിലെ വാദത്തിനായി അഭിഭാഷകരെ നിയമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

വിനേഷിന് അനുകൂലമായ വിധിയുണ്ടാകുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്. കോടതി ഫോഗട്ടിന് അനുകൂലമായി വിധി പ്രസ്താവിച്ചാല്‍ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളി മെഡല്‍ പങ്കുവെയ്ക്കേണ്ടതായി വരും. കോടതിയില്‍ വാദത്തിനായി ഒരു ഇന്ത്യന്‍ അഭിഭാഷകനെ നിയമിക്കാന്‍ പാരീസിലുള്ള ഇന്ത്യന്‍ സംഘം സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റ് വലിയ കേസുകളില്‍ മുമ്പ് ബിസിസിഐക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെയെ ഇതിനായി എത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ ക്യാമ്പ് ആരംഭിച്ചു. ബുധനാഴ്ച സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.

താന്‍ മത്സരിച്ച 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെള്ളി മെഡല്‍ പങ്കുവയ്ക്കണമെന്നാണ് വിനേഷിന്റെ ആവശ്യം. ഫൈനല്‍ മത്സരം നടന്നു കഴിഞ്ഞു എന്നതിനാലാണ് വിനേഷ് സംയുക്ത വെള്ളി മെഡല്‍ ആവശ്യമായി ഉന്നയിച്ചത്. സെമിഫൈനല്‍ വരെ നിശ്ചിത ഭാരപരിധിക്കുള്ളില്‍ നിന്നാണ് വിനേഷ് മത്സരിച്ചത്. അപ്പീലില്‍ കോടതി ഇന്നുതന്നെ വിധി പറഞ്ഞേക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.