പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ വെള്ളിമെഡല്‍ നേട്ടത്തില്‍ തിളങ്ങിയ നീരജ് ചോപ്രയും ഷൂട്ടിംഗില്‍ രണ്ട് വെങ്കലം നേടിയ മനു ഭാക്കറുമായിരുന്നു ഒളിംപിക്‌സ് സമാപന ചടങ്ങിലും ശ്രദ്ധാകേന്ദ്രം. ഇന്ത്യയുടെ അഭിമാന താരങ്ങളായിരുന്നു ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയ നീരജ് ചോപ്രയുമായി മനു ഭാക്കറിന്റെ അമ്മ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒളിംപിക്‌സ് സമാപന ചടങ്ങില്‍ മലയാളി താരം പി ആര്‍ ശ്രീജേഷിനൊപ്പം ഇന്ത്യന്‍ പതാക വഹിച്ചതും മനുവായിരുന്നു. ഇതിന് പിന്നാലെയാണ് ഒളിംപിക് വില്ലേജില്‍ നിന്ന് പുറത്തുവന്ന വീഡിയോയെക്കുറിച്ചാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

നീരജിന് അടുത്തെത്തി മനു ഭാക്കറുടെ അമ്മ സംസാരിക്കുന്നതും സംസാരത്തിനിടെ നീരജിന്റെ കൈയെടുത്ത് തന്റെ തലയില്‍ കൈവെച്ച് സത്യം ചെയ്യിക്കുന്നതുമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിനിടെ ഇന്ത്യന്‍ ഷൂട്ടിംഗ് പരിശീലകന്‍ ജസ്പാല്‍ റാണ നീരജിന് അടുത്തെത്തി ഹസ്തദാനം ചെയ്യുന്നുണ്ടെങ്കിലും നീരജിന്റെ കൈ പിടിച്ച് മനുവിന്റെ അമ്മ സംസാരം തുടരുന്നതും നീരജ് എല്ലാം തലകുലുക്കി സമ്മതിക്കുന്നതും കാണാം. എന്താണ് ഇരുവരും സംസാരിക്കുന്നതെന്ന ചോദ്യവുമായി ആരാധകരും വീഡിയോക്ക് താഴെ രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ മറ്റൊരു വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നീരജും മനു ഭാക്കറും തമ്മില്‍ സംസാരിച്ചു നില്‍ക്കുന്നതിന്റെ വീഡിയോ ആയിരുന്നു ഇത്. ഇരുവരും മുഖത്തോട് മുഖം നോക്കിയല്ല തല കുനിച്ചു നിന്നാണ് സംസാരിക്കുന്നത്. ഇതിനിടെ ഓടിയെത്തിയ മനു ഭാക്കറുടെ അമ്മ ഇരുവരുടെയും ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതും നീരജ് പോസ് ചെയ്യുമ്പോഴേക്കും മനു ഭാക്കര്‍ നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം. അതേസമയം, ഇത്ര നാണം കുണുങ്ങിയാണോ നീരജ് എന്ന തരത്തിലുള്ള കമന്റുകളും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വെവ്വേറെ സ്‌കൂളുകളില്‍ പഠിപ്പിച്ചാല്‍ ഇങ്ങനെ ഇരിക്കുമെന്ന കമന്റുകളും വീഡിയോക്ക് താഴെ വന്നിട്ടുണ്ട്.

ജാവലിന്‍ ഫൈനലില്‍ സുവര്‍ണ പ്രതീക്ഷയുമായിറങ്ങിയ നിലവിലെ ചാമ്പ്യന്‍ കൂടിയായിരുന്ന നീരജ് ചോപ്രയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷാദ് നദീമാണ് ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. വെള്ളി നേടിയ നീരജ് എറിഞ്ഞത് 89.45 മീറ്ററായിരുന്നു. നേരത്തെ ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും വെങ്കലം നേടിയ മനു ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.