ന്യൂഡല്‍ഹി: വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് രാജ്യത്തിനായി വീണ്ടും പോരാട്ടത്തിന് ഗോദയിലിറങ്ങാന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2028ലെ ലോസാല്‍സ് ഒളിംപിക്‌സ് ലക്ഷ്യമിട്ടാണ് 31കാരിയായ വിനേഷിന്റെ തിരിച്ചുവരവ്. നിര്‍ഭയമായ ഹൃദയവും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ആത്മവീര്യവുമായി തിരിച്ചുവരുന്നു എന്ന് വിനേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പ്രോത്സാഹിപ്പിക്കാന്‍ ഇത്തവണ മകനും ഒപ്പമുണ്ടാകുമെന്നും വിനേഷ് പറഞ്ഞു.

'പാരീസ് ആണോ അവസാനമെന്ന് ആളുകള്‍ ചോദിച്ചുകൊണ്ടിരുന്നു. വളരെക്കാലം എനിക്ക് അതിനുള്ള ഉത്തരം ഉണ്ടായിരുന്നില്ല. മാറ്റില്‍ നിന്ന്, സമ്മര്‍ദ്ദങ്ങളില്‍ നിന്ന്, പ്രതീക്ഷകളില്‍ നിന്ന്, എന്റെ സ്വന്തം അഭിലാഷങ്ങളില്‍ നിന്നുപോലും എനിക്ക് മാറി നില്‍ക്കേണ്ടി വന്നു. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഞാന്‍ എന്നെത്തന്നെ ശ്വസിക്കാന്‍ അനുവദിച്ചു. എന്റെ യാത്രയുടെ ഭാരം, ഉയര്‍ച്ചകള്‍, ഹൃദയഭേദകമായ നിമിഷങ്ങള്‍, ത്യാഗങ്ങള്‍, ലോകം ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ പതിപ്പുകള്‍ എന്നിവ മനസിലാക്കാന്‍ സമയമെടുത്തു. ആ പ്രതിഫലനത്തില്‍ എവിടെയോ ഞാന്‍ സത്യം കണ്ടെത്തി. എനിക്ക് ഇപ്പോഴും ഈ കായിക വിനോദത്തെ ഇഷ്ടമാണെന്നും എനിക്ക് ഇപ്പോഴും മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും ഞാന്‍ മനസിലാക്കി.ആ നിശബ്ദതയില്‍ ഞാന്‍തന്നെ മറന്നുപോയ എന്തോ ഒന്ന് ഞാന്‍ കണ്ടെത്തി 'തീ അണഞ്ഞിട്ടില്ല' എന്നത്. അത് ബഹളങ്ങളില്‍ മറഞ്ഞിരിക്കുകയായിരുന്നു. അച്ചടക്കം, ശീലം, പോരാട്ടം ഇതെല്ലാം എന്റെ സിസ്റ്റത്തില്‍ പതിഞ്ഞവയാണ്. ഞാന്‍ എത്ര ദൂരം നടന്നാലും എന്റെ ഒരു ഭാഗം മാറ്റില്‍ തന്നെയുണ്ടായിരുന്നു. അങ്ങനെ ഇതാ ഞാന്‍ ഭയമില്ലാത്ത ഹൃദയത്തോടെയും തലകുനിക്കാന്‍ വിസമ്മതിക്കുന്ന മനസോടെയും എല്‍എ28 ലേക്ക് തിരികെ ചുവടുവയ്ക്കുന്നു. ഇത്തവണ ഞാന്‍ ഒറ്റയ്ക്കല്ല. എന്റെ ഏറ്റവും വലിയ പ്രചോദനവും എല്‍എ ഒളിമ്പിക്‌സിലേക്കുള്ള ഈ യാത്രയിലെ എന്റെ കൊച്ചു ചിയര്‍ ലീഡറുമായി എന്റെ മകന്‍ എന്റെ ടീമില്‍ ചേരുകയാണ്'- എന്നാണ് വിനേഷ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.

ശരീര ഭാരം നൂറ് ഗ്രാം കൂടിയതിനാല്‍ വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈല്‍ ഫൈനലില്‍ വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ചരിത്ര ഫൈനലില്‍ ഉറപ്പായിരുന്ന മെഡല്‍ വിനേഷിന് നഷ്ടമായത് കായികപ്രേമികളുടെ നെഞ്ചില്‍ താങ്ങാനാകാത്ത ഭാരമായി മാറിയിരുന്നു. ഫൈനലില്‍ അമേരിക്കന്‍ താരം സാറ ആനിനോട് തോറ്റാല്‍പ്പോലും വെള്ളിമെഡല്‍ കിട്ടുമായിരുന്ന വിനേഷിന് വെറുംകൈയോടെയാണ് മടങ്ങേണ്ടിവന്നത്. ഒളിമ്പിക് ഗുസ്തി ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്രം കുറിച്ച വിനേഷ് ചരിത്ര മെഡല്‍ നേട്ടത്തിന്റെ വക്കിലായിരുന്നു പുറത്തായത്.

അയോഗ്യതക്കെതിരെ വിനേഷ് നല്‍കിയ അപ്പീല്‍ കായിക തര്‍ക്കപരിഹാര കോടതിയും തള്ളിയിരുന്നു. പാരീസ് ഒളിംപിക്‌സില്‍ 50 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷ് ആദ്യ മത്സരത്തില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനായ എണ്‍പത്തിനാലു മത്സരങ്ങളില്‍ തോല്‍വിയറിയാതെ വന്ന ജാപ്പനീസ് താരത്തെ വീഴ്ത്തി. ക്വാര്‍ട്ടറില്‍ യൂറോപ്യന്‍ ചാമ്പ്യനെയും സെമിയില്‍ പാന്‍ അമേരിക്കന്‍ ജേതാവിനെയും തോല്‍പിച്ചായിരുന്നു വിനേഷ് ഫൈനലിന് യോഗ്യത നേടിയത്. കയ്യെത്തും ദൂരത്തെത്തിയ ഒളിംപിക് മെഡല്‍ കൈവിട്ടു പോയതിന് പിന്നാലെയായിരുന്നു വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. വിനേഷ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പടുകയും ചെയ്തിരുന്നു. 6015 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജുലാനയില്‍ നിന്ന് വിനേഷിന്റെ ജയം. ലൈംഗിക പീഡന പരാതി നേരിട്ട ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതും ഒളിംപിക് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ തുനിഞ്ഞതും ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.