പാരീസ്: ഒളിമ്പിക്സിന്റെ പത്താംദിനത്തിലും ഇന്ത്യന്‍ ക്യാമ്പില്‍ നിരാശയുടെ മത്സരഫലങ്ങള്‍ മാത്രം.പരിക്ക് കാരണം ലക്ഷ്യയ്ക്ക് വെങ്കലമെഡല്‍ പോരാട്ടത്തില്‍ കാലിടറിയപ്പോള്‍ ഗുസ്തിയിലും പരിക്കിന്റെ രൂപത്തില്‍ ദൗര്‍ഭാഗ്യം താരത്തെ വേട്ടയാടി. ഷൂട്ടിങ്ങിലും ഫൈനലിലെത്തിയെങ്കിലും 1 പോയന്റ് വ്യത്യാസത്തിലാണ് വെങ്കലമെഡല്‍ നഷ്ടമായത്. ടേബിള്‍ ടെന്നീസ് ഗ്രൂപ്പിനത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം മാത്രമാണ് ഇന്നത്തെ ഏക ആശ്വാസം.

ഗുസ്തിയില്‍ ഫ്രീസ്റ്റൈല്‍ 68 കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന നിഷ ദഹിയ ക്വാര്‍ട്ടറിലാണ് തോറ്റത്.
പരിക്കാണ് നിഷയ്ക്കു മുന്നിലും വില്ലന്‍ വേഷത്തിലവതരിച്ചത്. നേരത്തെ ലക്ഷ്യ സെന്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടിയിട്ടും പിന്നില്‍ പോയി പരാജയപ്പെട്ടിരുന്നു. ലക്ഷ്യയ്ക്കും കൈമുട്ടിലെ പരിക്ക് പ്രകടനത്തെ ബാധിച്ചു.സമാനമാണ് നിഷയും. താരം രണ്ടാം ഘട്ടത്തില്‍ 8-1ന്റെ ലീഡില്‍ നില്‍ക്കെയാണ് പരിക്ക് വില്ലനായത്. പിന്നീട് പ്രകടനം പിന്നിലായി. ഉത്തര കൊറിയന്‍ താരം സോള്‍ ഗും പാകാണ് നിഷയെ വീഴ്ത്തിയത്.

മൂന്നുവട്ടം മെഡിക്കല്‍ ടൈം ഔട്ട് എടുത്ത നിഷ പിന്നീട് താളം നഷ്ടപ്പെടുകയും തോല്‍ക്കുകയുമായിരുന്നു.ഉത്തരകൊറിയന്‍ താരം ഫൈനലിലെത്തിയാല്‍ നിഷയ്ക്ക് വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടാന്‍ സാധിക്കും.മുന്‍ യൂറോപ്യന്‍ ചാംപ്യനായ തത്യാന റിസ്‌കോയെ 6-4ന് തോല്‍പിച്ചാണ് നിഷ ക്വാര്‍ട്ടറില്‍ കടന്നത്. ഈ വര്‍ഷം നടന്ന ഏഷ്യന്‍ ഒളിംപിക് ക്വാളിഫയറില്‍ ഉത്തരകൊറിയന്‍ താരത്തെ നിഷ 8-3ന് തോല്‍പിച്ചിരുന്നു.

സ്‌കീറ്റ് ഷൂട്ടിങ് മിക്സഡ് ടീമിനത്തില്‍ ഇന്ത്യന്‍ താരങ്ങളായ മഹേശ്വരി ചൗഹാനും അനന്ത്ജീതും വെങ്കല മെഡല്‍ പോരാട്ടത്തില്‍ തോറ്റു. ഒരു പോയന്റ് വ്യത്യാസത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ ചൈനയോട് തോല്‍വി വഴങ്ങിയത്. ഫൈനല്‍ സ്‌കോര്‍ 43-44.യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനത്തെത്തിയാണ് ഇന്ത്യന്‍ സഖ്യം മെഡല്‍ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. യോഗ്യതാ റൗണ്ടില്‍ ഇന്ത്യയും ചൈനയും 146 പോയന്റ് വീതം സ്വന്തമാക്കി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചിരുന്നു. അത് വെങ്കല മെഡല്‍ മത്സരത്തിലും ആവര്‍ത്തിച്ചു.

ബാഡ്മിന്റന്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്‍ തോറ്റു.ആദ്യ സെറ്റ് അനായാസം ജയിച്ചുകയറിയ ലക്ഷ്യ രണ്ടാം സെറ്റിലും ബഹുദുരം മുന്നിലായിരുന്നു.കൈമുട്ടിലേറ്റ പരിക്കിനെ തുടര്‍ന്ന് ലക്ഷ്യക്ക് പിന്നീട് മത്സരം കൈവിടുകയായിരുന്നു.കൈമുട്ടിലേറ്റ മുറിവില്‍ നിന്ന് രക്തം വന്നിനെ തുടര്‍ന്ന് ലക്ഷ്യയ്ക്ക് തുടര്‍ച്ചയായി മെഡിക്കല്‍ ടൈംഔട്ട് എടുക്കേണ്ടതായും വന്നു.ജയിച്ചിരുന്നെങ്കില്‍ ഒളിമ്പിക് ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടം ലക്ഷ്യയ്ക്ക് സ്വന്തമായേനേ. എങ്കിലും അരങ്ങേറ്റ ഒളിമ്പിക്‌സില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് താരം മടങ്ങുന്നത്.

ടേബിള്‍ ടെന്നിസ് വനിതാ ടീം ഇനത്തിലും ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. റുമാനിയയെ 32നാണ് ഇന്ത്യ തോല്‍പിച്ചത്. മനിക ബത്ര രണ്ട് സിംഗിള്‍സ് മത്സരങ്ങളും ശ്രീജ അകുല അര്‍ച്ചന സഖ്യം ഡബിള്‍സ് മത്സരവും വിജയിച്ചു. വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യന്‍ താരം കിരണ്‍ പഹല്‍ റെപ്പഷാജെ റൗണ്ടില്‍ മത്സരിക്കും.ഹീറ്റ്സില്‍ 52.51 സെക്കന്‍ഡില്‍ ഏഴാം സ്ഥാനത്തായാണ് കിരണ്‍ ഫിനിഷ് ചെയ്തത്. ഹീറ്റ്സിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കാണ് സെമിയിലേക്കു നേരിട്ടു യോഗ്യത ലഭിക്കുക.