- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിംപിക്സ് ഹോക്കിയില്‍ ബല്‍ജിയത്തിനു മുന്നില്‍ പൊരുതി തോറ്റ് ഇന്ത്യ; ബോക്സിങ്ങില്‍ നിഖാത് സരീന് തോല്‍വി; പി വി സിന്ധുവിന് ഇന്ന് പ്രീക്വാര്‍ട്ടര്‍
പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ ലോകചാമ്പ്യന്മാരായ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നിലവിലെ വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യയുടെ തോല്‍വി. 18-ാം മിനിറ്റില്‍ അഭിഷേകിലൂടെ ഇന്ത്യ മുന്നിലെത്തി. എന്നാല്‍ 33-ാം മിനിറ്റില്‍ തിബൂ സ്റ്റോക്ബ്രോക്സിലൂടെ ബെല്‍ജിയം ഒപ്പമെത്തി. 44-ാം മിനിറ്റില്‍ ജോണ്‍ ഡൊഹ്മെന്‍ ബെല്‍ജിയത്തിന് വേണ്ടി വിജയഗോള്‍ നേടി.
ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷിന്റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ താരം രക്ഷപ്പെടുത്തിയിയിരുന്നു. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് മാത്രം ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഹര്‍മന്‍പ്രീത് സിംഗിന് മുതലാക്കാന്‍ സാധിച്ചില്ല. ഇന്ത്യ നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.
നാലു മത്സരങ്ങളില്‍ രണ്ടു വിജയവും ഒരു സമനിലയുമായി ഇന്ത്യയ്ക്ക് നിലവില്‍ ഏഴു പോയിന്റുണ്ട്. എല്ലാ കളിയും ജയിച്ച ബല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. വെള്ളിയാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ വനിതാ ബോക്സിംഗ് താരം നിഖാത് സരീന് 50 കിലോഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവാണ് സരീന്. ചൈനയുടെ വു യു ആയിട്ടുള്ള മത്സരത്തില്‍ 0:5നാനായിരുന്നു താരത്തിന്റെ തോല്‍വി. നേരത്തെ, ഇന്ത്യ മൂന്നാം മെഡല്‍ സ്വന്തമാക്കിയിരുന്നു.
പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ഒളിംപ്കിസ് ചരിത്രത്തില്‍ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയാണ് സ്വപ്നില്‍ ഇന്ന് സ്വന്തമാക്കിയത്.
15 ഷോട്ടുകള്‍ വീതമുള്ള മൂന്ന് റൗണ്ടുകളുള്ള ഫൈനലില്‍ ആദ്യ റൗണ്ടുകളില്‍ അഞ്ചാമതും ആറാമതുമായിരുന്ന സ്വപ്നില്‍ അവസാന റൗണ്ടിലാണ് 451.4 പോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 463.6 പോയന്റ് നേടിയ ചൈനയുടെ വൈ കെ ലിയൂ സ്വര്‍ണവും 461.3 പോയന്റ് നേടിയ യുക്രൈനിന്റെ എസ് കുലിഷ് വെള്ളിയും നേടി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ മനു ഭാക്കറും ടീം ഇനത്തില്‍ മനുഭാക്കര്‍-സരബ്ജോത് സിംഗും ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചിരുന്നു.
പുരുഷന്മാരുടെ അമ്പെയ്ത്ത് വ്യക്തിഗത എലിമിനേഷനില്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ജാദവും തോറ്റു. വനിതകളുടെ 20 കിലോ മീറ്റര്‍ റേസ് വോക്കില്‍ ഇന്ത്യന്‍ താരം പ്രിയങ്ക ഗോസ്വാമി നിരാശപ്പെടുത്തി. 45 താരങ്ങള്‍ മത്സരിച്ച ഇനത്തില്‍ 41ാം സ്ഥാനത്താണ് പ്രിയങ്ക ഫിനിഷ് ചെയ്തത്. ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ഇന്ന് പ്രീക്വാര്‍ട്ടറില്‍ മത്സരിക്കും. വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് ചൈനീസ് താരം ഹെ ബിന്‍ജാവോയ്ക്കെതിരെയാണ് സിന്ധുവിന്റെ പോരാട്ടം.
പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച്.എസ്. പ്രണോയിയും ലക്ഷ്യ സെന്നും നേര്‍ക്കുനേര്‍ വരുന്നു. വൈകിട്ട് 5.40നാണ് മത്സരസമയം. പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി സാത്വിക് സായ്രാജ് രങ്കിറെഡ്ഡി സഖ്യം മലേഷ്യന്‍ താരങ്ങളായ ആരണ് ചിയ, സോ വൂയ് യിക് എന്നിവരെ നേരിടും. വൈകിട്ട് 4.30നാണ് മത്സരം. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് യോഗ്യതാ റൗണ്ടില്‍ സിഫ്റ്റ് സമ്റ, അന്‍ജും മൗദ്ഗില്ലും യോഗ്യതാ റൗണ്ടില്‍ മത്സരിക്കും.