പാരിസ്: പാരിസ് ഒളിംപിക്സില്‍ പുരുഷന്‍മാരുടെ 4ഃ400 മീറ്റര്‍ റിലേയില്‍ മലയാളികള്‍ അടങ്ങിയ ഇന്ത്യന്‍ ടീം ഫൈനല്‍ കാണാതെ പുറത്ത്. ഹീറ്റ്സില്‍ 3:00.58 സമയത്ത് ഓട്ടം പൂര്‍ത്തിയാക്കിയ ഇന്ത്യ അഞ്ചാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. അമോജ് ജേക്കബ്, രാജേഷ് രമേശ്, മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മല്‍ വാരിയത്തൊടി എന്നിവരാണ് മത്സരിച്ചത്.

സീസണില്‍ തങ്ങളുടെ ഏറ്റവും മികച്ച സമയമാണ് ഇന്ത്യയുടെ നാല്‍വര്‍ സംഘം കുറിച്ചതെങ്കിലും ഇത് ഫൈനല്‍ യോഗ്യതയ്ക്ക് തികയാതെ വന്നു. രണ്ടാം ഹിറ്റ്സില്‍ നിന്ന് ഫ്രാന്‍സ്, നൈജീരിയ, ബെല്‍ജിയം ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫ്രാന്‍സ് (2:59.53), നൈജീരിയ (2:59.81), ബെല്‍ജിയം (2:59.84) എന്നിങ്ങനെ സമയത്തിലാണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. 3:00.26 മിനുറ്റില്‍ ഓടിയെത്തിയ ഇറ്റലിയായിരുന്നു നാലാമത്.

4400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ വനിതാ ടീമുകള്‍ ഫൈനല്‍ കാണാതെ പുറത്തായി. വനിതകളില്‍ രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച ഇന്ത്യ അവസാന സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. ജ്യോതിക ശ്രീ ദാണ്ഡി, പൂവമ്മ രാജു, വിത്യ രാംരാജ്, ശുഭ വെങ്കടേശന്‍ എന്നിവര്‍ ട്രാക്കിലിറങ്ങിയ വനിതാ വിഭാഗത്തില്‍, 3:32.51 മിനിറ്റില്‍ ഓടിയെത്തിയ ഇന്ത്യ രണ്ടാം ഹീറ്റ്‌സില്‍ അവസാന സ്ഥാനത്തായി. സീസണിലെ മികച്ച സമയം കുറിച്ച ജമൈക്ക (3:24.92), ഒന്നാം സ്ഥാനക്കാരായും 3:25.03 മിനിറ്റില്‍ ഓടിയെത്തിയ നെതര്‍ലന്‍ഡ്‌സ് രണ്ടാം സ്ഥാനക്കാരായും 3:25.05 മിനിറ്റില്‍ ഓടിയെത്തിയ അയര്‍ലന്‍ഡ് മൂന്നാം സ്ഥാനത്തോടെയും ഫൈനലിനു യോഗ്യത നേടി.

ഗോള്‍ഫില്‍ വനിതകളുടെ വ്യക്തിഗത ഇനത്തില്‍ ദിക്ഷ ഡാഗര്‍, അദിതി അശോക് എന്നിവര്‍ക്കും മത്സരമുണ്ട്. ഗുസ്തിയില്‍ പുരുഷ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ മെഡല്‍ റൗണ്ടില്‍ അമന്‍ സെഹ്‌റാവത്ത് രാത്രി 11.10ന് മത്സരത്തിനിറങ്ങും.