- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ വികാരം സ്വപ്നതുല്ല്യമായ ഒന്നാണ്; കഠിനാധ്വാനം ചെയ്തിട്ടുണ്ട്; എല്ലാവര്ക്കും നന്ദി'; മെഡല്‍ നേട്ടത്തില്‍ പ്രതികരിച്ച് മനു ഭാക്കര്‍
പാരീസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ചതിന്റെ ആഹ്ലാദം പങ്കുവച്ച് മനു ഭാക്കര്‍. ഈ വികാരം സ്വപ്നതുല്ല്യമായ ഒന്നാണ്. ഇതിന് പിന്നില്‍ വളരെയധികം പരിശ്രമമുണ്ടായിരുന്നുവെന്നും മനു ഭാക്കര്‍ പ്രതികരിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടോക്യോ ഒളിമ്പിക്സില്‍ പിസ്റ്റലിലെ തകരാര്‍ കാരണം 19 വയസുകാരി നിറകണ്ണുകളോടെയാണ് കളംവിട്ടതെങ്കില് ഇത്തവണ ഇന്ത്യയുടെ മെഡല്‍ അക്കൗണ്ട് തുറന്നത് വെങ്കലമെഡലില്‍ നേട്ടത്തിലൂടെ മനു ഭാക്കര്‍ ആയിരുന്നു. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യന്‍ പതാക പാറിച്ച് രാജ്യത്തിന്റെ യശസുയര്ത്തുകയായിരുന്നു.
2020 ഒളിമ്പിക്സില്‍ പിസ്റ്റലിലെ തകരാര്‍ കാരണം യോഗ്യതാ റൗണ്ട് കടക്കാന്‍ സാധിക്കാതെ കണ്ണീരോടെ ഷൂട്ടിങ്ങ് റേഞ്ച് വിട്ട താരം ഇന്ന് ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായി വെങ്കല മെഡലില്‍ മുത്തമിട്ടപ്പോള്‍ രാജ്യത്തിന് ഇത് അഭിമാനനിമിഷം.
ടോക്കിയോ ഒളിമ്പിക്സിന് ശേഷം താന്‍ അതീവ നിരാശയിലായിരുന്നുവെന്നും അത് മറികടക്കാന്‍ ഒരുപാട് സമയമെടുത്തുവെന്നും വിജയശേഷം താരം പ്രതികരിച്ചു. 'എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് ഞാന്‍ ചെയ്യുകയായിരുന്നു. ഈ വികാരം സ്വപ്നതുല്ല്യമായ ഒന്നാണ്. ഇതിന് പിന്നില്‍ വളരെയധികം പരിശ്രമമുണ്ടായിരുന്നു. അവസാന ഷോട്ടില്‍ മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിച്ച് ഞാന്‍ പോരാടി. അടുത്ത ഇവന്റില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യോഗ്യത നേടുമ്പോള്‍ മുന്നോട്ട് എങ്ങനെയെന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ബാക്കി വിധിക്കും ദൈവത്തിനും വിട്ടുകൊടുത്തു. താന്‍ ഇവിടെ ആത്മവിശ്വസത്തോടെ നില്‍ക്കുന്നതിന് കാരണഭൂതരായ എല്ലാ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി', മനു പറഞ്ഞു. മനുവിന്റെ മറുപടിയില്‍ തികഞ്ഞ ആത്മവിശ്വസവും അഭിമാനവും നിറഞ്ഞു നിന്നിരുന്നു.
ഇനിയും നിരവധി മെഡലുകള്‍ക്ക് രാജ്യത്തിന് അര്‍ഹതയുണ്ടെന്നും താരം പറഞ്ഞു. ഒളിമ്പിക്സില്‍ വനിതാ വിഭാഗം ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് മനു ഭാക്കറുടേത്.
ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മനു ഭാകര്‍. ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിനു സാധിച്ചിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ നാലു താരങ്ങള്‍ പുറത്തായി നാലു പേര് മാത്രം ബാക്കിയായപ്പോള്‍ ഒന്നാം സ്ഥാനത്തെത്താന്‍ മനുവിന് 1.3 പോയിന്റുകള്‍ കൂടി മതിയായിരുന്നു. എന്നാല്‍ അവസാന അവസരങ്ങളില്‍ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു.
0.1 പോയിന്റ് വ്യത്യാസത്തിലാണ് മനുവിന് വെള്ളി നഷ്ടമായത്. ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഞ്ചാം ഒളിംപിക്സ് മെഡലാണിത്. 2012 ലണ്ടന്‍ ഒളിംപിക്സില്‍ വിജയ് കുമാറാണ് ഇന്ത്യയ്ക്കായി അവസാനമായി ഷൂട്ടിങ് മെഡല്‍ നേടിയത്.