പാരിസ്: പാരിസ് ഒളിമ്പിക്സില്‍ പ്രതീക്ഷയോടെ ഇന്ത്യ നാളെ ഇറങ്ങും. ഇന്ത്യയുടെ ആദ്യ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ആര്‍ച്ചറി, പുരുഷ- വനിതാ റാങ്കിംഗ് മത്സരങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കാനിറങ്ങുക. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയ്ക്ക് അമ്പെയ്ത്തില്‍ മെഡല്‍ നേടാനായിട്ടില്ല. അമ്പെയ്ത്തിന്റെ എല്ലാ ഫോര്‍മാറ്റ് മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ ഇത്തവണ അണിനിരക്കും.

വനിതാ വിഭാഗത്തില്‍ ദീപികാ കുമാരി, അങ്കിതാ ഭഗത്, ഭജന്‍ കൗര്‍ എന്നിവരും പുരുഷ വിഭാഗത്തില്‍ ധീരജ് ബൊമ്മദേവരയും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്. ടീം റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് ആര്‍ച്ചറി ടീമിനങ്ങളില്‍ ഒളിമ്പിക്സ് ബെര്‍ത്ത് ലഭിച്ചത്. നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റിയുടെ നാമനിര്‍ദേശത്തിലാണ് ദീപികാ കുമാരി യോഗ്യത നേടിയത്. വ്യക്തിഗത, ടീം, മിക്സഡ് ടീം ഇനങ്ങളിലാണ് മത്സരം.

പ്രസവാവധിക്ക് ശേഷം മടങ്ങിയെത്തിയ ദീപികാ കുമാരി ലോക ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഏഷ്യ കപ്പിലും സ്വര്‍ണ്ണം നേടിയ ദീപികാ കുമാരി ഈ സീസണില്‍ ഉഗ്രന്‍ ഫോമിലാണ്. നാലാം ഒളിമ്പിക്സിനിറങ്ങുന്ന ദീപികയ്ക്കൊപ്പം അങ്കിതാ ഭഗത്, ഭജന്‍ കൗര്‍ എന്നിവരാണ് വനിതാ ടീമിലുള്ളത്. ടീമിന്റെ മെന്ററും ദീപികയാണ്.

എട്ട് വര്‍ഷത്തിന് ശേഷമാണ് വനിതാ ആര്‍ച്ചറി ടീമിന് ഒളിമ്പിക്സിന് യോഗ്യത ലഭിക്കുന്നത്. ആര്‍ച്ചറിയിലെ അഞ്ച് വിഭാഗങ്ങളിലും ഇന്ത്യന്‍ ടീം മത്സരിക്കുന്നതും 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വനിതകളുടെ വ്യക്തിഗത റാങ്കിംഗ് റൗണ്ട് നാളെ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കും. പുരുഷന്മാരുടേത് വൈകിട്ട് 5.45 -നാണ്. ഒളിമ്പിക്സ് മത്സരങ്ങള്‍ സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും കാണാം.