പാരീസ്: ഒളിംപിക്‌സിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് ഇന്ന് നേരിട്ടുള്ള ഫൈനല്‍ മത്സരങ്ങള്‍ ഇല്ല.യോഗ്യത റൗണ്ട് വിജയിക്കാനായാല്‍ ഷൂട്ടിങ്ങില്‍ മറ്റൊരു ഫൈനലിന് ഇന്ത്യക്ക് അവസരം ലഭിക്കും.വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ ഇന്നത്തെ ഫൈനല്‍ പ്രതീക്ഷ.ഗെയിംസില്‍ ഇതിനകം ഇന്ത്യ നേടിയിട്ടുള്ള രണ്ടു മെഡലുകളും ഷൂട്ടിങ് റേഞ്ചില്‍ നിന്നായിരുന്നു. മൂന്നാമത്തെ മെഡലും ഷൂട്ടിങില്‍ നിന്നു തന്നെ ആയിരിക്കുമോയെന്നതിനു ഇന്നു ഉത്തരം ലഭിക്കും. ഷൂട്ടിങ് മല്‍സരങ്ങളോടെയാണ് അഞ്ചാംദിനത്തില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.

ഇന്നത്തെ ഇന്ത്യയുടെ മല്‍സരങ്ങള്‍ ഇങ്ങനെ:

ഷൂട്ടിങ് : ഉച്ചയ്ക്കു 12.30 നാണ് ഇന്ത്യയുടെ മല്‍സരങ്ങള്‍ ആരംഭിക്കുക.ഷൂട്ടിങില്‍ പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ യോഗ്യതാ മല്‍സരത്തില്‍ ഐശ്വര്യ പ്രതാപ് സിങ് തോമറും സ്വപ്നില്‍ കുശാലെയുമാണ് ആദ്യം ഷൂട്ടിങ് റേഞ്ചിലെത്തുക.ഇതേ സമയത്തു തന്നെ വനിതകളുടെ ട്രാപ്പ് യോഗ്യതാ റൗണ്ടില്‍ രാജേശ്വരി കുമാരിയും ശ്രേയസി സിങും ഇന്ത്യക്കായി മല്‍സരിക്കും. വനിതകളുടെ ട്രാപ്പ് വിഭാഗം ഫൈനല്‍ രാത്രി ഏഴു മുതലാണ്.യോഗ്യത ലഭിക്കുകയാണെങ്കില്‍ രാജേശ്വരി കുമാരിയും ശ്രേയസി സിങും ഇന്ത്യക്കു വേണ്ടി മല്‍സരിക്കും.

ബാഡ്മിന്റണ്‍ :ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ നിലവിലെ വെങ്കല മെഡല്‍ ജേതാവും സൂപ്പര്‍ താരവുമായ പിവി സിന്ധു ഗ്രൂപ്പു ഘട്ടത്തില്‍ തന്റെ രണ്ടാം മത്സരത്തിനിറങ്ങും. ഉച്ചയ്ക്കു 12.50നാണ് കളിയാരംഭിക്കുന്നത്.ബാഡ്മിന്റ്ണ്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ ഉച്ചയ്ക്കു 1.40നു ഗ്രൂപ്പു ഘട്ട മല്‍സരം കളിക്കും.പുരുഷ സിംഗിള്‍സ് ഗ്രൂപ്പുഘട്ടത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയിയുടെ മല്‍സരം രാത്രി 11 മുതലാണ്.

റോവിങ് : റോവിങില്‍ പുരുഷന്‍മാരുടെ സിംഗിള്‍ സ്‌കള്‍സ് സെമി ഫൈനലില്‍ സി/ഡി ഇന്ത്യക്കായി ബല്‍രാജ് പന്‍വാര്‍ ഉച്ചയ്ക്കു 1.24നു മല്‍സരിക്കും.

അശ്വാഭ്യാസം : അശ്വാഭ്യാസം ഡ്രെസേജ് വ്യക്തിഗത ഗ്രാന്റ്പ്രീയില്‍ അനുഷ് അഗര്‍വാലയുടെ മല്‍സരം ഉച്ചയ്ക്കു 1.30നാണ്.

ടേബിള്‍ ടെന്നീസ് : ടേബിള്‍ ടെന്നീസില്‍ വനിതാ സിംഗിള്‍സ് 32ാം റൗണ്ടില്‍ ശ്രീജ അക്യൂലയുടെ മല്‍സരം ഉച്ചയ്ക്കു 2.30മുതലാണ്. വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ മാനിക ബത്രയുടെ മല്‍സരം രാത്രി 8.30 ന് ആരംഭിക്കും.

ബോക്‌സിങ് : വനിതകളുടെ 75 കിഗ്രാം ബോക്‌സിങില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ പ്രീക്വാര്‍ട്ടറില്‍ ഇറങ്ങും. വൈകീട്ട് 3.50നാണ് മല്‍സരം.ബോക്‌സിങില്‍ പുരുഷന്‍മാരുടെ പ്രീക്വാര്‍ട്ടറില്‍ നിഷാന്ത് ദേവിന്റെ മല്‍സരം രാത്രി 12.34നു തുടങ്ങും. അഞ്ചാം ദിനം ഇന്ത്യയുടെ അവസാനത്തെ മല്‍സരവും ഇതു തന്നെയാണ്.

അമ്പെയ്ത്ത് : വനിതകളുടെ വ്യക്തിഗത വിഭാഗം 64ാം റൗണ്ടില്‍ ദീപിക കുമാരിയുടെ മല്‍സരം 3.56നു തുടങ്ങും. യോഗ്യത നേടുകയാണെങ്കില്‍ 4.35 നാണ് ദീപികയുടെ അടുത്ത റൗണ്ടിലെ (റൗണ്ട് 32) മല്‍സരമാരംഭിക്കുക.പുരുഷന്‍മാരുടെ വ്യക്തിഗത വിഭാഗം 64ാം റൗണ്ടില്‍ തരുണ്‍ദീപ് റായിയുടെ മല്‍സരം രാത്രി 9.28നു തുടങ്ങും. അടുത്ത റൗണ്ടിലേക്കു യോഗ്യത നേടിയാല്‍ 10.07നാണ് മല്‍സരമാരംഭിക്കുക.