- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായിക താരങ്ങളെ വരവേല്‍ക്കുക സെന്‍ നദിയുടെ ഓളങ്ങള്‍; ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്തെ ഉദ്ഘാടന ചടങ്ങ്; കായിക ലോകം പാരീസിലേക്ക്
പാരീസ്: വീണ്ടും ഇനി ഒരു ഒളിമ്പിക്സ് കാലം.. കായിക മാമാങ്കത്തിനായി ലോകം ഇന്ന് മുതല്‍ പാരീസില്‍ ഒത്തുചേരും.പ്രത്യാശയുടെ നാട്ടില്‍ കായികലോകത്തിന്റെ പുത്തന്‍ പ്രതീക്ഷകള്‍ക്ക് ഇന്ന് തിരിതെളിയും.മനുഷ്യരാശിയുടെ ഏറ്റവും വലിയ ഒത്തൊരുമയായ ഒളിമ്പിക്സിന്റെ 33-ാം പതിപ്പിന് വെള്ളിയാഴ്ച പാരീസില്‍ തുടക്കം. ഇനി 16 നാള് മത്സരങ്ങളുടെ ആവേശം… കളികളുടെ മാമാങ്കം… ഒട്ടേറെ പുതുമകളോടെയാണ് പാരീസ് ലോകത്തെ വരവേല്‍ക്കുന്നത്.ഉദ്ഘാടനച്ചടങ്ങ് മുതല്‍ ഈ കൗതുകങ്ങള്‍ കാണാം.
ഒരു നൂറ്റാണ്ടിനു ശേഷമാണ് ഒളിംപിക്സിന് പാരിസ് നഗരം ആതിഥേയത്വം വഹിക്കുന്നത്.ഇതിന്റെ ആവേശത്തിലാണു നഗരം മുഴുവന്‍. ഇതിന് മുന്‍പ് 1900ലും 1924ലും പാരിസ് നഗരം ഒളിംപിക്സിനു വേദിയൊരുക്കി.സുരക്ഷയുടെ പേരിലുള്ള നിയന്ത്രണങ്ങള്‍ നഗരവാസികളെ ബുദ്ധിമുട്ടുക്കുന്നുണ്ടെങ്കിലും ഒളിംപിക്സ് എന്ന വികാരത്തെ ആവേശത്തോടെ വരവേല്‍ക്കാനുറച്ചു തന്നെയാണ് ഒരുക്കം.
ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്തെ ഉദ്ഘാടനം
33 വര്‍ഷത്തെ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ തന്നെ സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനം നടക്കുന്ന ആദ്യത്തെ പതിപ്പിനാണ് ഇത്തവണ പാരീസ് സാക്ഷ്യം വഹിക്കുന്നത്.തുറന്ന വേദിയിലെ ഉദ്ഘാടന ചടങ്ങിലേക്ക് കായിക താരങ്ങളെ വരവേല്‍ക്കുക സെന്‍ നദിയുടെ ഓളങ്ങളിലൂടെ ആയിരിക്കും.നദിയിലെ ആറുകിലോമീറ്ററില്‍ നൂറു ബോട്ടുകളില്‍ നിറയെ 10,500 ഒളിമ്പിക് താരങ്ങളായിരിക്കും.ഗ്രീസിലെ ആതന്‍സില്‍ ഏപ്രില്‍ 16-ന് കൊളുത്തിയ ദീപം പാരീസ് സമയം വെള്ളിയാഴ്ച രാത്രി 8.24-ന്(ഇന്ത്യന്‍സമയം രാത്രി 11-ന്) ഗെയിംസ് വേദിയില്‍ കൊളുത്തുന്നതോടെ ഒളിമ്പിക്സിന് ഔദ്യോഗിക തുടക്കമാകും. യുദ്ധവും പലായനവും രക്തച്ചൊരിച്ചിലും അനുസ്യൂതം തുടരുമ്പോഴും മനുഷ്യന്റെ ഏകോദരസാഹോദര്യത്തിന്റെയും പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും കാലം അവസാനിച്ചിട്ടില്ലെന്ന വിളംബരത്തോടെയാണ് ഇത്തവണ കായിക മാമാങ്കം ആരംഭിക്കുന്നത്.
സെന്‍ നദിയിലൂടെയാണ് താരങ്ങളുടെ മാര്ച്ചുപാസ്റ്റ് നടക്കുക.പാരീസ് സമയം രാത്രി 7.30-ന് യാത്രതുടങ്ങും. എണ്പതു ബോട്ടിലായി ആറുകിലോമീറ്ററോളം സഞ്ചരിച്ച് താരങ്ങള്‍ ട്രൊക്കാദെറോയിലെത്തും.ശേഷം ഈഫല്‍ ഗോപുരത്തിനുമുന്നിലെ ട്രക്കാഡറോ മൈതാനത്ത് മൂന്നുമണിക്കൂറോളം നീളുന്ന ഉദ്ഘാടനച്ചടങ്ങിന് തുടക്കമാകും.പാരീസിന്റെയും ഫ്രാന്‍സിന്റെയും കലാ-സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന കലാപരിപാടികളാണ് ചടങ്ങിന്റെ ഉള്ളടക്കം.സുരക്ഷഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍
ആരൊക്കെയാവും ചടങ്ങിന് ആവേശം പകരുക എന്നതുള്‍പ്പടെയുള്ള കാര്യങ്ങളെല്ലാം രഹസ്യമാക്കിവെച്ചിരിക്കുകയാണ്.
ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്പിക്സിന്റെ ആര്‍ട്ട് ഡയറക്ടര്‍.അമേരിക്കന്‍ പോപ് ഗായിക ലേഡി ഗാഗ, ഫ്രഞ്ചു സംഗീതജ്ഞ അയ നക്കാമുറ തുടങ്ങിയവര്‍ വേദിയിലെത്തുമെന്ന് സൂചനയുണ്ട്.നാലായിരം നര്‍ത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും.ഉദ്ഘാടനച്ചടങ്ങിന് ആയിരങ്ങള്‍ നേരിട്ടു സാക്ഷിയാകും. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ എണ്‍പതോളം പടുകൂറ്റന്‍ സ്ക്രീനുകളില്‍ തത്സമയസംപ്രേഷണവുമുണ്ടാകും.യാത്രാവഴികളെല്ലാം സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. സുരക്ഷാഭീഷണി ഉള്‍പ്പെടെ പല പ്രതിസന്ധികള്‍ മറികടന്നാണ് തുറന്നവേദിയില്‍ ഉദ്ഘാടനം നടത്താനുള്ള തീരുമാനവുമായി സംഘാടകര്‍ മുന്നോട്ടുപോകുന്നത്.ഓഗസ്റ്റ് 11 വരെയാണ് ഒളിംപിക്സ്. ഉദ്ഘാടനദിനമായ ഇന്നു മത്സരങ്ങളില്ല.
ഇന്ത്യന്‍ പതാകയുമായി ശരത് കമലും സിന്ധുവും.. പ്രതീക്ഷകള്‍ വാനോളം
കഴിഞ്ഞ തവണ നിര്‍ത്തിയിടത്ത് നിന്നു തുടങ്ങാനുറച്ച് തന്നെയാണ് ഇന്ത്യ ഇത്തവണ ലോക കായികമാമാങ്കത്തിനായി പാരീസിലേക്ക് എത്തുന്നത്.70 പുരുഷ അത്ലീറ്റുകളും 47 വനിതകളും ഉള്‍പ്പെടുന്ന 117 അംഗ സംഘമാണു പാരിസില്‍ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. അത്ലറ്റിക്സിനെത്തുന്ന 29 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയുടെ ഏറ്റവും വലിയ സംഘം.ഷൂട്ടിങ്ങും (21) ഹോക്കിയും (19) തൊട്ടുപിന്നിലുണ്ട്. ഇന്ത്യന്‍ സംഘത്തിലാകെ 7 മലയാളികളാണുളളത്. വൈ.മുഹമ്മദ് അനസ്, വി.മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യന്, അബ്ദുല്ല അബൂബക്കര്‍ എന്നിങ്ങനെ അത്ലറ്റിക്സില് അഞ്ചുപേരുണ്ട്.ഹോക്കിയില്‍ പി.ആര്.ശ്രീജേഷും ബാഡ്മിന്റനില്‍ എച്ച്.എസ്.പ്രണോയിയും ഇന്ത്യന്‍ ജഴ്സിയിലെ മലയാളി സാന്നിദ്ധ്യങ്ങളാണ്.
ഇന്ത്യന്‍ താരങ്ങള്‍ ഇത്തവണ മത്സരിക്കുന്നത് 16 ഇനങ്ങളിലാണ്.ടോക്യോ ഒളിമ്പിക്സില്‍ ആകെ ഏഴുമെഡലുകളായിരുന്നു ഇന്ത്യ നേടിയത്.പാരീസില്‍ ആ ഒറ്റയക്കം ഇരട്ടസംഖ്യയാക്കിമാറ്റണമെന്ന് തന്നെയാണ് സംഘത്തിന്റെ പ്രധാനലക്ഷ്യം.കഴിഞ്ഞ തവണത്തെ ഗോള്‍ഡന്‍ സ്റ്റാര്‍ നീരജ് ചോപ്രയില്‍ തന്നെയാണ് ഇന്ത്യയുടെ വലിയ പ്രതീക്ഷ.ടോക്യോയില്‍ 87.58 മീറ്റര്‍ എറിഞ്ഞ നീരജിന്റെ എക്കാലത്തെയും മികച്ച പെര്‍ഫോമന്‍സ് 89.94 മീറ്ററാണ്. ഇതിലേതെങ്കിലും ദൂരം താണ്ടാനായാല്‍ നീരജിനൊരു മെഡല്‍ ഉറപ്പിക്കാം.
ബാഡ്മിന്റണില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ ലോകമൂന്നാംനമ്പറായ സാത്വിക് സായ്രാജ് റങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടി സഖ്യം ഉറച്ച മെഡല്‍പ്രതീക്ഷയാണ്. ലോകചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലെ മികച്ചപ്രകടനം പ്രതീക്ഷയ്ക്ക് കരുത്ത് പകരുന്നു.പഴയ ഫോമിലിലെങ്കിലും റിയോ ഒളിമ്പിക്സില്‍ വെള്ളിയും ടോക്യോയില്‍ വെങ്കലവും നേടിയ സിന്ധുവിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണിനു കീഴില്‍ പരിശീലിച്ചുതുടങ്ങിയതോടെ ആത്മവിശ്വാസം തിരിച്ചുപിടിച്ചാത് ആശ്വാസമാകുന്നത്.
മേരികോമിനെപ്പോലെ ബോക്സിങ്ങിലൊരു ഒളിമ്പിക് മെഡലിന് ഏറെ സാധ്യതകല്പിക്കപ്പെടുന്ന താരമാണ് നിഖാത് സരിന്.
രണ്ടുതവണ ലോകചാമ്പ്യനായ നിഖാത് സരിന് ആദ്യമായാണ് ഒളിമ്പിക്സിനെത്തുന്നത്. വനിതകളുടെ അമ്പത് കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്.ടോക്യോയില്‍ ഭാരോദ്വഹനത്തില്‍ വെള്ളിനേടിയ മീരഭായ് ചാനു പാരീസില്‍ സ്വര്‍ണം ലക്ഷ്യമിടുന്നു.അരക്കെട്ടിന് പരിക്കേറ്റതുമൂലം രണ്ടുമാസത്തോളം പരിശീലനത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും 49 കിലോ വിഭാഗത്തില്‍ എതിരാളികള്‍ക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ മീരാഭായിക്ക് കഴിയും.
ഗോദയില്‍ ഇത്തവണയും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷകള്‍ ഏറെയാണ്.വനിതകളുടെ ഗുസ്തിയില്‍ 75 കിലോവിഭാഗത്തിലാണ് ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ലൗലീന മത്സരിക്കുന്നത്.ഡല്‍ഹിയില്‍ കഴിഞ്ഞവര്‍ഷംനടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു.രണ്ടുവട്ടം ജൂനിയര്‍ ലോക ഗുസ്തി ചാമ്പ്യനും ഏഷ്യന്‍ഗെയിംസിലും സീനിയര്‍ ലോകചാമ്പ്യന്‍ഷിപ്പിലും വെങ്കലംനേടിയ താരവുമായ ആന്റിം പംഗല്‍ 53 കിലോ വിഭാഗത്തിലാണ് ഇറങ്ങുന്നത്. ആദ്യറൗണ്ടുകള്‍ കടന്ന് ഫൈനലിലെത്തിയാല്‍ ജപ്പാന്റെ ശക്തയായ താരം അക്കാരി ഫുജിനാമിയെയായിരിക്കും നേരിടേണ്ടിവരുക. മൂന്നാം ഒളിമ്പിക്സിനെത്തുന്ന വിനേഷ് ഫൊഗട്ട്, സീഡഡല്ലാത്തതിനാല് മത്സരത്തലേന്നു മാത്രമേ ആദ്യ എതിരാളി ആരെന്നറിയാനാകൂ.
ഷൂട്ടിങ്ങിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ സിഫ്റ്റ് കൗര്‍ സാമ്ര ഇന്ത്യയുടെ ഉറച്ച മെഡല്‍പ്രതീക്ഷയാണ്. ഈ വര്‍ഷത്തെ മ്യൂണിക് ലോകകപ്പില്‍ 50 മീറ്റര്‍ റൈഫിളില്‍ വെങ്കലംനേടി.ഹോക്കിയിലെ പ്രതാപകാലത്തിന് ശേഷം 40 വര്‍ഷം കഴിഞ്ഞാണ് ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കലം നേടിയത്.അതേ പ്രകടനം അവര്‍ ആവര്‍ത്തിച്ചാല്‍ മെഡലുറപ്പ്. ഓസ്ട്രേലിയയാണ് ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന ടീമുകളിലൊന്ന്.
ടേബിള്‍ ടെന്നിസ് താരം എ.ശരത് കമലും ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവുമാണ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിക്കുക.ഇരുവരും മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തും.2016ലും 2020ലും മെഡല്‍ നേടിയ സിന്ധു തുടരെ 3ാം മെഡല്‍ തേടിയാണ് ഇത്തവണ ഇറങ്ങുന്നത്.ശരത് കമലിന്റെ കരിയറിലെ 5ാം ഒളിംപിക്സാണു പാരിസിലേത്.
206 രാജ്യങ്ങള്‍,10500 കായികതാരങ്ങള്‍..പാരീസിന്റെ പതിനാറ് ദിനങ്ങള്‍
മനുഷ്യരാശിയുടെ ഏറ്റവും വലിയ ഒത്തൊരുമയാണ് ഒളിമ്പിക്സ്.മത്സരങ്ങളുടെ ആവേശത്തിലും അനുമോദനത്തിന്റെ പ്രകമ്പനത്തിലും
വരുന്ന 16 ദിനങ്ങള്‍ പാരീസ് മുഖരിതമാകും.206 രാജ്യങ്ങളില്‍നിന്നായി 10,714 അത്ലീറ്റുകള് പാരിസില്‍ മെഡല്‍ തേടിയിറങ്ങും.32 ഇനങ്ങളിലാണു മത്സരങ്ങള്‍.
ഓരോന്നിലും ഒട്ടേറെ വിഭാഗങ്ങളിലായി മെഡല്‍ പോരാട്ടം നടക്കും.കഴിഞ്ഞ തവണ ടോക്കിയോയില്‍ 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും നേടി ഒന്നാമതെത്തിയ യുഎസ് ഇത്തവണയും മെഡല്‍ പട്ടികയില്‍ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ്.നീരജ് ചോപ്രയുടെ സ്വര്‍ണം സഹിതം ഇന്ത്യ നേടിയത് 7 മെഡലുകള്‍.
ഒളിമ്പിക്സിനെ വരവേറ്റ് ഗുഗിള്‍ ഡൂഡിളും
പാരീസ് ഒളിമ്പിക്സിനെ വരവേറ്റ് ഗൂഗിളും.ഒളിമ്പിക്സ് അനുബന്ധ ഡുഡിള്‍ അവതരപ്പിച്ചാണ് ഗൂഗിള്‍ ലോക കായിക മാമാങ്കത്തിന് സ്വാഗതമോതിയത്.ആനിമേറ്റഡ് കഥാപാത്രങ്ങള്‍ നദിയിലൂടെ ഒഴുകുന്നതായുള്ള ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.പാരീസ് ഒളിമ്പിക് ഗെയിംസിനെ നിര്‍വചിക്കുന്ന തരത്തിലാണ് ഗൂഗിള്‍ ഡൂഡിലിന്റെ രൂപകല്പന.
സെന്‍ നദിയുടെ കിഴക്കന്‍ ഭാഗമായ ഓസ്ട്രലിറ്റ്സ് പാലത്തിന് സമീപത്തുനിന്ന് താരങ്ങളെ നദിയിലൂടെ ബോട്ടില്‍ ഉദ്ഘാടന വേദിയിലെത്തിക്കാനാണ് പദ്ധതി.സെന്‍ നദിയിലൂടെ മത്സരാര്‍ഥികളെ വഹിച്ചുകൊണ്ടുള്ള യാത്രയാണ് ഗൂഗിള്‍ ഡൂഡിലില്‍ ആനിമേഷന്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അത്ലറ്റുകളായിട്ടാണ് ആനിമേറ്റഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇവ സെന്‍ നദിയിലൂടെ ഒഴുകുന്നതാണ് ചിത്രം. വര്‍ണാഭമായതും ചടുലവുമായ കലാസൃഷ്ടി വെള്ളിയാഴ്ചയിലെ ഉദ്ഘാടനത്തെയാണ് സൂചിപ്പിക്കുന്നത്. ഡൂഡിലില്‍ ക്ലിക്ക് ചെയ്യുന്നതോടെ നേരിട്ട് പാരീസ് ഒളിമ്പിക്സ് സംബന്ധിച്ച പേജുകളിലേക്കും വിവരങ്ങളിലേക്കും കടക്കും.
വിപ്ലവത്തിന്റെ, കലയുടെ, ചിന്തയുടെ, സമരങ്ങളുടെ പ്രകാശനാളമാണ് പാരീസ്.സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നു ലോകത്തെ പഠിപ്പിച്ച ഫ്രഞ്ചുകാര്‍ 'സിറ്റിയൂസ്, ഓള്‍ട്ടിയൂസ്, ഫോര്‍ട്ടിയൂസ്' എന്നു നീട്ടിപ്പാടും. രക്തരൂഷിത പോരാട്ടങ്ങള്‍ക്കു പകരം പാരിസില്‍ മെഡല്‍ തേടിയുള്ള സൗഹൃദമത്സരങ്ങള്‍ക്ക് അരങ്ങൊരുങ്ങും.വിജയ് ആരുമാകട്ടെ .. നമുക്കു കൈയ്യടിക്കാം.. കായിക ലോകത്തിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക്