പാരീസ്: ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ ഇന്ത്യയുടെ ഹോക്കി ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ഇതിഹാസം മറ്റൊരു ഐതിഹാസിക നീക്കത്തിലേക്ക് എന്നാണ് ശ്രീജേഷിനെ പരിശീലകനായി പ്രഖ്യാപിച്ചുള്ള സാമൂഹിക മാധ്യമ പോസ്റ്റില്‍ നല്‍കിയ വരികള്‍.

'ഇതിഹാസം മറ്റൊരു ഐതിഹാസിക ചുവടിലേക്ക്. പുരുഷ ജൂനിയര്‍ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി പി.ആര്‍. ശ്രീജേഷിനെ നിയമിച്ചിരിക്കുന്നു. കളിക്കുന്നത് മുതല്‍ പരിശീലനംവരെ നിങ്ങള്‍ എല്ലാ യുവാക്കളെയും പ്രചോദിപ്പിക്കുന്നു. ഇനി കോച്ചിങ്ങിലേക്ക് നോക്കുന്നു' ഹോക്കി ഇന്ത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോല നാഥ് ആണ് ശ്രീജേഷിനെ പ്രഖ്യാപിച്ചത്.

പാരീസ് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയതിനു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ശ്രീജേഷിന്റെ മിന്നും ഗോള്‍ക്കീപ്പിങ് മികവിലാണ് ഇന്ത്യക്ക് മെഡല്‍ സാധ്യമായത്. സ്പെയിനിനെതിരേ 2-1നാണ് ജയം.

ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും കരിയറിന് ഒളിംപിക്സ് മെഡലോടെ തന്നെ വിരാമം കുറിക്കാനായി. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ആ മത്സരത്തില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്.

പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. നേരത്തെ, ഇന്ത്യന്‍ ശ്രീജേഷ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ സഹപരിശീലകനാകുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. അതേസമയം, ഹര്‍മന്‍പ്രീത് സിംഗ് ടീമിന്റെ നായകനായി തുടരും. അടുത്ത ലോസ് ആഞ്ചല്‍സ് ഒളിംപിക്സ് വരെ അദ്ദേഹം തുടര്‍ന്നേക്കും.

ഒന്നരദശകത്തോളം ഇന്ത്യന്‍ ഹോക്കിയിലെ പോരാട്ടവീര്യത്തിന്റെ മറുപേരായിരുന്നു 36കാരനായ പി ആര്‍ ശ്രീജേഷ്. ഇന്ത്യന്‍ ഹോക്കി ടീം നായകനെന്ന നിലയിലും ഗോള്‍ കീപ്പറെന്ന നിലിയലും ഒന്നര ദശകത്തോളം തകരാത്ത വിശ്വാസമായി ഇന്ത്യക്ക് കാവല്‍ നിന്ന ശ്രീജേഷ് 2016ലെ റിയോ ഒളിംപിക്സില്‍ ഇന്ത്യയെ നയിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചതും ശ്രീജേഷ് തന്നെ. ഇപ്പോള്‍ പാരീസിലും ഇന്ത്യയുടെ കാവലായി ശ്രീജേഷ്.

2014 ഏഷ്യന്‍ ഗെയിംസിലും 2022ല്‍ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചതും ശ്രീജേഷിന്റെ കൈക്കരുത്തായിരുന്നു. 2004-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ശ്രീജേഷ് ഇന്ത്യയുടെ ജൂനിയര്‍ ടീമിലെത്തിയത്. 2006-ല്‍ കൊളംബോയില്‍ നടന്ന സാഫ് ഗെയിംസിലായിരുന്നു സീനിയര്‍ ടീമിലെ അരങ്ങേറ്റം. 2008ലെ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയു കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയതോടെ സീനിയര്‍ ടീമിലേക്ക് വീണ്ടും വിളിയെത്തി.

സീനിയര്‍ ഗോള്‍കീപ്പര്‍മാരായ അഡ്രിയാന്‍ ഡിസൂസയുടെയും ഭരത് ചേത്രിയുടെയും പ്രതാപ കാലത്ത് ദേശീയ ടീമില്‍ വന്നും പോയുമിരുന്ന ശ്രീജേഷ് ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിലെ സ്ഥിരാംഗമായി.