രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍; ബംഗ്ലാദേശ് സൈനികവിമാനം ഹിന്‍ഡന്‍ വ്യോമതാവളത്തില്‍; ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന
ന്യൂഡല്‍ഹി: ബംഗ്ലദേശില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം ആളിക്കത്തുന്നതിനിടെ രാജിവച്ചതിന് പിന്നാലെ രാജ്യം വിട്ട ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡല്‍ഹിയിലെത്തി. സൈനിക ഹെലികോപ്റ്ററില്‍ ഹിന്‍ഡന്‍ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം 5.36-നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലദേശില്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: ബംഗ്ലദേശില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം ആളിക്കത്തുന്നതിനിടെ രാജിവച്ചതിന് പിന്നാലെ രാജ്യം വിട്ട ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡല്‍ഹിയിലെത്തി. സൈനിക ഹെലികോപ്റ്ററില്‍ ഹിന്‍ഡന്‍ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം 5.36-നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.
പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലദേശില്‍ സമരം തുടങ്ങിയത്. വിദ്യാര്‍ത്ഥികളല്ല, ഭീകരര്‍ ആണ് പ്രക്ഷോഭത്തിന് പിന്നിലെന്നും അടിച്ചമര്‍ത്തുമെന്നും ആയിരുന്നു ഹസീനയുടെ നിലപാട്. മൂന്ന് ദിവസത്തിനിടെ മാത്രം പട്ടാളത്തിന്റേയും പൊലീസിന്റെയും വെടിവെപ്പില്‍ മുന്നൂറോളം പേര് കൊല്ലപ്പെട്ടു. സമരക്കാരുടെ ആക്രമണത്തില്‍ നിരവധി പൊലീസുകാരും മരിച്ചു.
ഇന്ന് പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ പട്ടാളത്തിന്റെ മുന്നറിയിപ്പ് മറികടന്ന് തെരുവിലിറങ്ങി പ്രധാനമന്ത്രി ഹസീനയുടെ ഔദ്യോഗിക വസതി ആയ ഗണഭവനിലക്ക് നീങ്ങി. ഇതോടെ അപകടം തിരിച്ചറിഞ്ഞ ഹസീന സഹോദരി രഹാനയ്ക്കൊപ്പം സൈനിക ഹെലികോപ്റ്ററില്‍ സ്ഥലം വിട്ടു. സൈന്യം കൂടി കൈ ഒഴിഞ്ഞതോടെയാണ് ഹസീന രാജ്യം വിട്ടത് എന്നാണ് സൂചന.
പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകര്‍ വിലപിടിച്ചതെല്ലാം കൊള്ളയടിച്ചു. ബംഗ്ലദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന് കമാലിന്റെ വീടും ജനക്കൂട്ടം കൊള്ളയടിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവും ഹസീനയുടെ അച്ഛനുമായ ഷെയ്ഖ് മുജീബുറഹ്മാന്റെ പ്രതിമ ധാക്കയില്‍ തകര്‍ത്തു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്ത് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ച തുടങ്ങിയെന്നും സൈനിക മേധാവി വഖാറുസമാന്‍ പ്രഖ്യാപിച്ചു. അക്രമം അവസാനിപ്പിക്കാന്‍ അദ്ദേഹം ആഹ്വനം ചെയ്തു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയാകും സര്‍ക്കാരെന്നും പാര്‍ട്ടികളുമായി നടത്തിയ അടിയന്തര ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായെന്നും സൈനിക മേധാവി അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"രാജ്യം പ്രതിസന്ധിയിലാണ്. ഞാന്‍ പ്രതിപക്ഷനേതാക്കളെ കണ്ടു നടത്തിയ ചര്‍ച്ചയില്‍ രാജ്യത്തെ നയിക്കാന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും എല്ലാ ഉത്തരവാദിത്വങ്ങളും ഞാന്‍ ഏറ്റെടുക്കാമെന്ന് വാക്കു നല്കുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടും. അക്രമം അവസാനിപ്പിക്കാന്‍ ഞങ്ങളോട് സഹകരിക്കണം. ഞങ്ങളുമായി സഹകരിക്കുകയാണെങ്കില്‍ ഒന്നിച്ച് പ്രശ്നങ്ങള്‍ക്ക് വളരെപ്പെട്ടെന്ന് പരിഹാരം കാണാനാകും. അക്രമത്തിലൂടെ നമുക്കൊന്നും നേടാനാകില്ല." രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് വേക്കര്‍ ഉസ് സമാന് പറഞ്ഞു. പ്രക്ഷോഭം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് കത്തുനല്‍കാന്‍ ധാക്ക സര്‍വകലാശാല പ്രഫസര്‍ ആസിഫ് നസ്റുളിലിനോട് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ധാക്ക വിടുന്നതിനു മുന്‍പ് പ്രസംഗം റെക്കോര്‍ഡ് ചെയ്യാന്‍ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അവരോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സര്‍ക്കാര്‍ ജോലിയിലെ സംവരണ വിഷയത്തില്‍ തുടങ്ങിയ പ്രക്ഷോഭം സര്‍ക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഘര്‍ഷങ്ങളില്‍ ഇരുന്നൂറിലധികം പേര് കൊല്ലപ്പെട്ടിരുന്നു.
ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളില്‍ കലാപം വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതല്‍ 3 ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റ് സൗകര്യം തടയാന്‍ മൊബൈല്‍ കമ്പനികളോടും ആവശ്യപ്പെട്ടു.
'വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം' എന്ന കൂട്ടായ്മയാണ് നിസ്സഹകരണ സമരം പ്രഖ്യാപിച്ചത്. നികുതിയും വിവിധ സര്‍ക്കാര്‍ ബില്ലുകളും അടയ്ക്കരുതെന്ന് സമരക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. സമരത്തില്‍ അണിചേരാന്‍ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരെയും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ശനിയാഴ്ച ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പ്രക്ഷോഭകര്‍ തയാറായില്ല.
ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥികളല്ല, ഭീകരപ്രവര്‍ത്തകരാണു പ്രക്ഷോഭത്തിനു പിന്നിലെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്നും ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചത്. രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ഭീകരരെ അടിച്ചമര്‍ത്താന്‍ ജനങ്ങളോട് ഹസീന ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. ഇതു സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
1971ല്‍ ബംഗ്ലദേശിനെ പാക്കിസ്ഥാനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണു ബംഗ്ലദേശില്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സര്‍ക്കാരിനെതിരായ പ്രക്ഷോഭമായി മാറി. ബംഗ്ലദേശില്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അവിടേക്കുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന്റെ പരിസരത്ത് സുരക്ഷ കര്‍ശനമാക്കി.ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് തിരിച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് അടുക്കുന്ന സി 130 വിമാനത്തെ നിരീക്ഷിച്ചു തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.