ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മെഡലുറപ്പിച്ച ശേഷം ഫൈനല്‍ മത്സരത്തിന് തൊട്ടുമുമ്പ് ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് ചരിത്രനേട്ടമാണ് നഷ്ടമായത്. അതേ സമയം ഫൈനല്‍ പോരാട്ടത്തിന്റെ തലേന്ന് ഇനിയും ഭാരം കുറയ്ക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ തന്നെ നഷ്ടമായേക്കുമെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി പരിശീലകന്‍ വോളര്‍ അകോസ്. രണ്ടാമതും സോന ബാത്ത് നടത്താന്‍ തീരുമാനിച്ചെങ്കിലും അതിനു മുന്‍പേ വിനേഷ് ഫോഗട്ട് തളര്‍ന്നുവീണതായും കോച്ച് വെളിപ്പെടുത്തി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വോളര്‍ അകോസ് ഇക്കാര്യം കുറിച്ചത്.

അതേസമയം, ഹംഗേറിയന്‍ ഭാഷയില്‍ പോസ്റ്റ് ചെയ്ത കമന്റ് തൊട്ടുപിന്നാലെ അദ്ദേഹം ഡിലീറ്റ് ചെയ്തു. ഇതിന്റെ കാരണം വ്യക്തമല്ല. ഭാരപരിശോധനയില്‍ വിനേഷ് ഫോഗട്ട് പരാജയപ്പെട്ടതിനു പിന്നാലെ പരിശീലകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ ജയിച്ച് ഫൈനലില്‍ കടന്നതിനു പിന്നാലെ നടത്തിയ ഭാരപരിശോധനയില്‍ വിനേഷ് ഫോഗട്ടിന് 2.700 കിലോഗ്രാം ഭാരം കൂടുതലായിരുന്നു. തുടര്‍ന്ന് മത്സരത്തലേന്ന് രാത്രി കഠിനമായി അധ്വാനിച്ചാണ് ഭാരം കുറച്ചത്. ഒടുവില്‍ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടിയതോടെ താരത്തെ അയോഗ്യയാക്കുകയും ചെയ്തു. ഇതിനെതിരെ വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു. താരത്തിന്റെ വാദം വിശദമായി കേട്ട ശേഷമാണ് അപ്പീല്‍ തള്ളിയത്. ഫൈനലില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യയാക്കിയ സാഹചര്യത്തില്‍, സംയുക്ത വെള്ളിമെഡലിന് അവകാശവാദം ഉന്നയിച്ചാണ് വിനേഷ് ഫോഗട്ട് കോടതിയെ സമീപിച്ചത്.

"സെമി പോരാട്ടത്തിനു ശേഷം പരിശോധിച്ചപ്പോള്‍ വിനേഷ് ഫോഗട്ടിന് 2.700 കിലോഗ്രാം ഭാരം കൂടിയതായി കണ്ടു. ഇതോടെ 1.20 മണിക്കൂര്‍ കഠിനമായി വ്യായാമം ചെയ്‌തെങ്കിലും പിന്നെയും ഒന്നരക്കിലോ ഭാരം കൂടുതലായിരുന്നു. പിന്നീട് 50 മിനിറ്റോളം സോന ബാത്ത് നടത്തിയെങ്കിലും വിനേഷ് ഫോഗട്ടിന്റെ ശരീരത്തില്‍നിന്ന് ഒരു തുള്ളി വിയര്‍പ്പു പോലും പൊടിഞ്ഞില്ല. അതോടെ പ്രതീക്ഷ നഷ്ടമായി. പിന്നീട് അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ 5.30 വരെ വിനേഷ് വിവിധ കാര്‍ഡിയോ മെഷീനുകളില്‍ കഠിനമായി വ്യായാമം ചെയ്തും ഗുസ്തിയിലെ നീക്കങ്ങള്‍ പരിശീലിച്ചും ശ്രമിച്ചുനോക്കി. 23 മിനിറ്റ് മാത്രം വിശ്രമിച്ചായിരുന്നു ഈ പരിശ്രമം. ചെറിയ ഇടവേളയ്ക്കു ശേഷം അവള്‍ കഠിന പരിശ്രമം തുടര്‍ന്നു" പരിശീലകന്‍ കുറിച്ചു.

"കഠിന ശ്രമത്തിനിടെ അവള്‍ തളര്‍ന്നുവീണു. ഒരുവിധത്തിലാണ് ഞങ്ങള്‍ അവളെ എഴുന്നേല്‍പ്പിച്ചത്. പിന്നീട് ഒരു മണിക്കൂര്‍ സോന ബാത്ത് നടത്തി. സംഭവങ്ങളെ നാടകീയമാക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇതെല്ലാം എഴുതുന്നത്. ഇങ്ങനെ പോയാല്‍ അവള്‍ മരിച്ചുപോയേക്കുമെന്ന് അന്നു രാത്രി ഞാന്‍ അത്രമാത്രം ഭയപ്പെട്ടിരുന്നു' കോച്ച് കുറിച്ചു. ഭാരം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിനിടെ ബോധരഹിതയായി വീണ വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അവരുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും കോച്ച് പോസ്റ്റില്‍ കുറിച്ചു.

"അന്നു രാത്രി ആശുപത്രിയില്‍നിന്ന് തിരിച്ചെത്തിയ ശേഷം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. എന്നെയോര്‍ത്ത് താങ്കള്‍ വിഷമിക്കരുതെന്ന് വിനേഷ് പറഞ്ഞു. ഈ കഠിനാധ്വാനം മൂലം എന്തു ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും, പിടിച്ചുനില്‍ക്കാന്‍ കൂടുതല്‍ ഊര്‍ജം വേണമെന്നു തോന്നുമ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരത്തെയാണ് (ജപ്പാന്‍ താരം യുയ് സുസാകി) തോല്‍പ്പിച്ചതെന്ന കാര്യം ഓര്‍ക്കണമെന്ന് താങ്കള്‍ പറഞ്ഞത് എന്റെ മനസ്സിലുണ്ട്. ആ ലക്ഷ്യം ഞാന്‍ നേടിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഞാന്‍ എന്ന കാര്യം ഇതിനകം തെളിയിക്കുകയും ചെയ്തു. നമുക്ക് ലക്ഷ്യം നേടാനാകുമെന്ന് തെളിയിച്ചുകഴിഞ്ഞു. മെഡലും പോഡിയവുമെല്ലാം വെറും വസ്തുക്കള്‍ മാത്രമാണ്. നമ്മുടെ പ്രകടനം ആര്‍ക്കും അവഗണിക്കാനാകില്ല" കോച്ച് കുറിച്ചു.