പാരിസ്: ഒളിമ്പിക്‌സ് അമ്പത് കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഐതിഹാസിക പ്രകടനത്തോടെ വിനേഷ് ഫോഗട്ട് സെമി ഉറപ്പിച്ചതോടെ മെഡല്‍ പ്രതീക്ഷയിലാണ് ഇന്ത്യ. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുക്രെയ്ന്‍ താരം ഒക്‌സാന ലിവാച്ചിനെ വീഴ്ത്തിയാണ് വിനേഷ് ഫോഗട്ടിന്റെ സെമി പ്രവേശം. മുന്‍ യൂറോപ്യന്‍ ചാംപ്യനും ലോക ചാംപ്യന്‍ഷിപ്പ് മെഡല്‍ ജേതാവുമായ യുക്രെയ്ന്‍ താരത്തെ 75നാണ് ഫോഗട്ട് തകര്‍ത്തത്. വിനേഷ് ഫോഗട്ടിന്റെ സെമി ഫൈനല്‍ പോരാട്ടം ഇന്നു രാത്രി നടക്കും.

ഇന്ത്യന്‍ സമയം രാത്രി 10.20നാണ് വിനേഷ് ഫോഗട്ട് ക്യൂബന്‍ താരം യുസ്നെലിസ് ലോപ്പസിനെ നേരിടുന്നത്. പാന്‍ അമേരിക്കന്‍ ഗെയിംസ് ചാംപ്യനാണ് ലോപസ്. യുണൈറ്റഡ് വേള്‍ഡ് റസ്ലിംഗ് റാങ്കിംഗ് പ്രകാരം 68-ാം സ്ഥാനത്താണ് ലോപസ്. ഫോഗട്ട് 65-ാം സ്ഥാനത്തും. റാങ്കിംഗില്‍ കാര്യമില്ലെന്ന് കഴിഞ്ഞ റൗണ്ടില്‍ തന്നെ ഫോഗട്ട് തെളിയിച്ചതാണ്. ക്വാര്‍ട്ടറില്‍ 15-ാം സ്ഥാനത്തുള്ള ഒക്സാന ലിവാച്ചിനേയും പ്രീ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ യു സുസാകിയേയും മലര്‍ത്തിയടിച്ചാണ് ഫോഗട്ട് സെമി ഫൈനല്‍ വരെ എത്തിയത്.്.

ലോക ഇവന്റ്സിലോ ഒളിംപിക്സിലോ പറയത്തക്ക നേട്ടങ്ങള്‍ ഇല്ല ഇതുവരെ ലോപസിന്. കഴിഞ്ഞ ഒളിംപിക്സില്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു ലോപസ്. ബുദ്ധിമുട്ടില്ലാതെ ഫൊഗട്ടിന് ഫൈനലിലേക്ക് പ്രവേശിക്കാമെന്നാണ് ആരാധകരുടെ വിശ്വാസം. 2020 ഒളിംപിക്സില്‍ ഒരു മത്സരം പോലും വിട്ടു കൊടുക്കാതെ സ്വര്‍ണ്ണ മെഡെല്‍ നേടിയ സുസാക്കിയെ അടക്കം തകര്‍ത്തെറിഞ്ഞ ഫോഗട്ടിന് കാര്യങ്ങള്‍ എളുപ്പമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം പാന്‍ അമേരിക്കന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതാണ് വലിയ നേട്ടം. 2019ല്‍ വെള്ളിയും നേടിയിരുന്നു. 2023ല്‍ പാന്‍ അമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലും താരം നേടിയിരുന്നു.

ക്വാര്‍ട്ടറില്‍ ലിവാച്ചിനെ 7-5 തോല്‍പ്പിച്ചാണ് ഫോഗട്ട് സെമിയിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്റെ യു സുസാകിയെ 3-2ന് അവസാന നിമിഷം മറികടക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ ലിവാച്ചിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് വിജയവുമായി സെമിയിലെത്തിയത്. തുടക്കത്തിലെ 4-0ന്റെ ലീഡ് നേടിയ വിനേഷിനെതിരെ പിടിച്ചു നില്‍ക്കാന്‍ യുക്രൈന്‍ താരത്തിനായില്ല. സെമിയില്‍ ജയിച്ചാല്‍ വിനേഷിന് വെള്ളി മെഡല്‍ ഉറപ്പിക്കാം. തോറ്റാല്‍ വെങ്കല മെഡലിനായി മത്സരിക്കേണ്ടിവരും.