പാരിസ്: ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്‌സില്‍ നിന്ന് ഫൈനല്‍ മത്സരത്തിന് തൊട്ടുമുമ്പ് അയോഗ്യയാക്കിയതു സംബന്ധിച്ച ഹര്‍ജി അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി ഇന്ന് വിധിപറയും. 100 ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ താരം വിനേഷ് ഫോഗട്ട് ഒളിംപിക്‌സില്‍നിന്ന് അയോഗ്യയാക്കപ്പെട്ടതിലാണ് രാജ്യാന്തര തര്‍ക്കപരിഹാര കോടതി ഇന്നു വിധി പറയുക. ഇന്ത്യന്‍ സമയം ഇന്നു രാത്രി 9.30 വരെയാണു (പാരിസ് സമയം വൈകിട്ട് 6) വിധി പറയാന്‍ ആര്‍ബിട്രേറ്റര്‍ ഡോ. അനബെല്‍ ബെന്നറ്റിനു കോടതി സമയം അനുവദിച്ചിരിക്കുന്നത്.

ഫൈനലില്‍ എത്തിയശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. ഒളിംപിക്‌സ് ഗുസ്തി 50 കിലോഗ്രാം ഫൈനല്‍ മത്സരത്തിന്റെ അന്നാണു വിനേഷ് ഫോഗട്ടിന്റെ ശരീരം ഭാരം കൂടിയെന്നു കാണിച്ച് താരത്തെ അയോഗ്യയാക്കിയത്. ഭാരം കുറയ്ക്കുന്നതിനായി താരം തലേന്ന് രാത്രി മുഴുവന്‍ കഠിനാധ്വാനം ചെയ്‌തെങ്കിലും ഫലം കണ്ടിരുന്നില്ല.

തുടര്‍ന്ന് താരം രാജ്യാന്തര തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീലില്‍ കഴിഞ്ഞ ദിവസം തന്നെ വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍ അന്തിമ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.

ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകള്‍ക്കകമാണ് ഫൈനലിന് മുമ്പ് നടന്ന ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായതിനെ തുടര്‍ന്ന് ഒളിമ്പിക് കമ്മിറ്റി വിനേഷിന് അയോഗ്യത കല്‍പ്പിച്ചത്. തുടര്‍ന്ന് വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം ഉന്നയിച്ച് അയോഗ്യതയ്‌ക്കെതിരെ വിനേഷും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഗുസ്തിയിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമാണ് എതിര്‍കക്ഷികള്‍. ഇക്കാര്യത്തില്‍ കായിക തര്‍ക്കപരിഹാര കോടതിയുടെ വിധി ചൊവ്വാഴ്ച വരുമെന്നാണ് റിപ്പോര്‍ട്ട്.

വിധി പുറത്തുവരാനിരിക്കേ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് തങ്ങളുടെ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി വിനേഷിന്റെ ഹര്‍ജിയെ എതിര്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങിന്റെ നിയമത്തിലെ തന്നെ പഴുതുകള്‍ വിനേഷിന് മുതലെടുക്കാനും വിധി തനിക്ക് അനുകൂലമാക്കാനും സാധിക്കുമെന്നും പറയപ്പെടുന്നു.

നിശ്ചിത ഭാരപരിധി പാലിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ചട്ടമനുസരിച്ച് വിനേഷിന് ഒരു ഇളവും നല്‍കാന്‍ സാധിക്കില്ലെന്നാണ് ഗുസ്തി സംഘടനയുടെ പക്ഷം. ഇക്കാരണത്താല്‍ തന്നെ താരത്തിന് വെള്ളി മെഡല്‍ നല്‍കാനുമാകില്ല.

എന്നാല്‍ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങിന്റെ നിയമമനുസരിച്ച് ഫൈനലിസ്റ്റിനോട് തോല്‍ക്കുന്ന വ്യക്തിക്കാണ് റെപ്പാഷെ റൗണ്ടില്‍ വെങ്കല മെഡലിനായി മത്സരിക്കാന്‍ അവകാശം. ഇവിടെ വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്‌റ്റൈലില്‍ ജപ്പാന്റെ യുയി സുസാക്കിക്കാണ് റെപ്പാഷെ റൗണ്ടില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ നേരത്തേ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് തന്നെ പറയുന്നതനുസരിച്ച് സ്വര്‍ണ മെഡലിനായുള്ള മത്സരത്തിനു മുമ്പ് അയോഗ്യയാക്കപ്പെട്ടതോടെ വിനേഷ് ഫൈനലിസ്റ്റ് അല്ലാതെയായിരുന്നു.

പാരീസില്‍ ഈയിനത്തില്‍ ഫൈനല്‍ നടന്നത് ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മാനും യുഎസ്എയുടെ സാറ ഹില്‍ഡെബ്രാന്‍ഡും തമ്മിലായിരുന്നു. അങ്ങനെയെങ്കില്‍ എന്ത് അടിസ്ഥാനത്തിലാണ് വിനേഷിനോട് പരാജയപ്പെട്ട സുസാക്കിയെ റെപ്പാഷെയില്‍ മത്സരിക്കാന്‍ അനുവദിച്ചത്. നിയമങ്ങള്‍ പാലിക്കുകയാണെങ്കില്‍ സുസാക്കിക്ക് റെപ്പാഷെ റൗണ്ടില്‍ മത്സരിക്കാന്‍ സാധിക്കില്ല. എന്നാല്‍ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് അത് അനുവദിച്ചു.

നിയമപ്രകാരം വിനേഷ് അയോഗ്യയായെങ്കില്‍ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മാനോട് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ട താരത്തിനായിരുന്നു റെപ്പാഷെയില്‍ വെങ്കലത്തിനായി മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ അങ്ങനെയല്ല സംഭവിച്ചത്.

വിനേഷിനായി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും വിദുഷ്പത് സിംഘാനിയുമാണ് കോടതിയില്‍ ഹാജരായത്. ഇരുവരും യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങിന്റെ നിയമത്തിലെ ഈ പഴുത് എത്തരത്തിലാണ് കേസ് അനുകൂലമാക്കാന്‍ ഉപയോഗിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല.