ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ 50 കിലോ ഗ്രാം ഗുസ്തിയില്‍ ഫൈനലില്‍ കടന്ന ശേഷം അപ്രതീക്ഷിത മെഡല്‍നഷ്ടത്തിനും അതേത്തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര കായിക കോടതിയിലെ തിരിച്ചടിക്കും പിന്നാലെ വൈകാരികമായ കുറിപ്പുമായി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കരയറിനെക്കുറിച്ചും കുടുംബത്തിന്റെ പിന്തുണയെക്കുറിച്ചും നീണ്ട കുറിപ്പാണ് വിനേഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. വിനേഷ് രാജ്യാന്തര കായിക കോടതിയില്‍ നല്‍കിയ അപ്പീല്‍ നേരത്തേ തള്ളിയിരുന്നു. പിന്നാലെയാണ് വിനേഷിന്റെ പ്രതികരണം.

തന്റെ ജീവിതയാത്രയെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ വിനേഷ് തന്നെ ജീവിതത്തിലുടനീളം സഹായിച്ചവര്‍ക്ക് നന്ദിയുമറിച്ചു. സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലാണ് ഹരിയാനക്കാരിയായ വിനേഷ് ഫോഗട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഗുസ്തിയോട് വിട പറയുന്നതായി നേരത്തേ വിനേഷ് അറിയിച്ചിരുന്നു.

'ചെറിയൊരു ഗ്രാമത്തില്‍നിന്നുള്ള കൊച്ചുകുട്ടിയായ എനിക്ക് ഒളിമ്പിക്സ് എന്നാലെന്താണെന്ന് പോലും അറിയില്ലായിരുന്നു. നീണ്ട മുടിയും കയ്യിലൊരു മൊബൈല്‍ ഫോണുമെല്ലാമായിരുന്നു എന്റെ സ്വപ്നങ്ങള്‍.' -വിനേഷ് ഫോഗട്ട് പറഞ്ഞു.

'എന്റെ പിതാവ് സാധാരണക്കാരനായ ബസ് ഡ്രൈവറായിരുന്നു. ഇളയ കുട്ടിയായ ഞാനായിരുന്നു മൂന്നുമക്കളില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവള്‍ എന്നാണ് ഞാന്‍ കരുതുന്നത്. ഒരു ദിവസം മകള്‍ ആകാശത്ത് ഉയരത്തില്‍ വിമാനം പറപ്പിക്കുന്നത് താഴെ റോഡിലൂടെ ബസ് ഓടിക്കുമ്പോള്‍ താന്‍ കാണുമെന്നും ഞാന്‍ മാത്രമാണ് അച്ഛന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നും അദ്ദേഹം പറയുമായിരുന്നു. അദ്ദേഹം ഇത് പറയുമ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുമായിരുന്നു.' -വിനേഷ് തുടര്‍ന്നു.

'താന്‍ നയിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതമാകണം തന്റെ മക്കള്‍ക്കുണ്ടാകേണ്ടത് എന്ന് സ്വപ്നം കണ്ടിരുന്നു എന്റെ അമ്മ. മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടണമെന്ന് മാത്രമായിരുന്നു അവരുടെ ആഗ്രഹം. അച്ഛന്റെ സ്വപ്നങ്ങളേക്കാള്‍ എത്രയോ ലളിതമായ സ്വപ്നങ്ങളേ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ.'

'അച്ഛന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞ ദിവസം, വിമാനം പറപ്പിക്കുന്ന മകളെ കുറിച്ചുള്ള അച്ഛന്റെ വാക്കുകളും ചിന്തകളും മാത്രമാണ് എനിക്കൊപ്പമുണ്ടായിരുന്നത്. അതിന്റെ അര്‍ഥമെനിക്ക് മനസിലായില്ലെങ്കിലും ആ സ്വപ്നത്തെ ഞാന്‍ ചേര്‍ത്തുപിടിച്ചു.'

'അച്ഛന്‍ മരിച്ച് രണ്ട് മാസങ്ങള്‍ക്കിപ്പുറം അമ്മയ്ക്ക് മൂന്നാം ഘട്ട കാന്‍സര്‍ സ്ഥിരീകരിച്ചു. അതോടെ അമ്മയുടെ സ്വപ്നങ്ങള്‍ അകലേക്ക് പോയി. വിധവയായ അമ്മയ്ക്കുവേണ്ടി കുട്ടിക്കാലം ത്യജിച്ച മൂന്ന് കുട്ടികളുടെ കഥ ഇവിടെയാണ് തുടങ്ങിയത്. എന്റെ സ്വപ്നങ്ങളായ നീണ്ട മുടിയും മൊബൈല്‍ ഫോണുമെല്ലാം ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കുമുന്നില്‍ മാഞ്ഞുപോയി. അതിജീവനം മാത്രമായി ലക്ഷ്യം.'

'എന്റെതായ കാര്യങ്ങള്‍ക്കുവേണ്ടി പോരാടാന്‍ എന്നെ പഠിപ്പിച്ചത് എന്റെ അമ്മയാണ്. ധൈര്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാന്‍ അമ്മയെ കുറിച്ച് ഓര്‍ക്കും. എന്തുസംഭവിക്കുമെന്ന് ആലോചിക്കാതെ പോരാടാന്‍ എന്നെ സഹായിക്കുന്നത് ആ ധൈര്യമാണ്.' -വിനേഷ് ഫോഗട്ട് പറഞ്ഞു.

പാരിസ് ഒളിമ്പിക്സ് സമാപനത്തിന് ശേഷം ശനിയാഴ്ചയാണ് വിനേഷ് ഫോഗട്ട് ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലെത്തിയ വിനേഷിനെ ഗുസ്തി താരങ്ങളായ ബജ്രംഗ് പൂനിയ, സാക്ഷി മാലിക് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് സ്വീകരിച്ചത്. പ്രത്യേക വാഹനത്തില്‍ ഒരുക്കിയ സ്വീകരണത്തിനിടെ വിനേഷ് ഫോഗട്ട് പൊട്ടിക്കരഞ്ഞിരുന്നു.