- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റവും ദൈർഘ്യമേറിയ മത്സരം; വിട്ടുകൊടുക്കാതെ ഗുകേഷ്; അരങേറിയത് ശക്തമായ പോരാട്ടം; ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ഏഴാം റൗണ്ടും സമനിലയിൽ അവസാനിച്ചു
സിംഗപ്പൂർ: ഫിഡെ 2024 ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ അരങ്ങേറിയ ഏറ്റവും ദൈർഘ്യമേറിയ മത്സരത്തിനു ശേഷവും 'ടൈ കെട്ടി' ഇന്ത്യയുടെ ചലഞ്ചർ ഡി. ഗുകേഷും നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനും കൈകൊടുത്തു ഒടുവിൽ പിരിഞ്ഞു. ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ ഏഴാം ഗെയിം ശക്തമായ പോരാട്ടത്തിനു ശേഷമാണ് സമനിലയിൽ അവസാനിച്ചത്.
ഈ ടൂർണമെന്റിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരത്തിൽ എഴുപത്തിരണ്ടു നീക്കത്തിനു ശേഷം ഇരുവരും സമനില സമ്മതിച്ചു. മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യ മുണ്ടായിരുന്ന ഗുകേഷിനു സമയ സമ്മർദത്തിൽ അകപ്പെട്ടതിനാൽ ഗെയിം ജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
വളരെ ബുദ്ധിപൂർവം മത്സരത്തിനിറങ്ങിയ ഗുകേഷ് വ്യക്തമായ പദ്ധതികളോടെയാണ് കളിയാരംഭിച്ചത്. ഈ മത്സരത്തിൽ നാലാമതും വെള്ള കരുക്കൾ ലഭിച്ച ഗുകേഷ് കഴിഞ്ഞ ഗെയിമുകളിൽ നിന്നും വ്യത്യസ്തമായി എൻഎഫ് 3 നീക്കിക്കൊണ്ടാണ് പോരാട്ടം തുടങ്ങിയത്.
ഡി 5 നീക്കി ഡിങ് ലിറൻ നിയോഗ്രൻഫൽഡ് ഡിഫൻസിലേക്കു കളിയെത്തിച്ചു. ആറാം നീക്കത്തിൽത്തന്നെ ഇരുവരും കാസലിംഗ് നടത്തി വരാനിരിക്കുന്ന തീപാറും പോരാട്ടത്തിന് തിരികൊളുത്തി. സെന്റർ ഫയലുകളിൽ പീസുകൾ നിലയുറപ്പിച്ചു ബോർഡിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ വൈറ്റിനു കഴിഞ്ഞു.
പീസുകളും ക്വീനുകളു പരസ്പരം വെട്ടിമാറ്റി കരുനില തുല്യതയിലെത്തിക്കാൻ ഡിങ് ലിറൻ ശ്രമിച്ചു. എന്നാൽ, സമയ സമ്മർദം നേരിട്ട ഡിങ് കുതിരയ്ക്കു പകരം കെഇ5 കളിച്ചതു വൈറ്റിന് മേൽകൈ നൽകി.
ഏഴു സെക്കൻഡ് മാത്രം ശേഷിക്കേയാണ് ആദ്യ നാൽപതു നീക്കങ്ങൾ ഡിങ് പൂർത്തികരിച്ചത്. 46-ാം നീക്കത്തിൽ ബിഡി 1 കളിച്ചത് വൈറ്റിന് നല്ല നീക്കമായിരുന്നില്ല. എഫ് 4 നീക്കി ബ്ലാക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങി. തുടർന്ന് ഗുകേഷ് സമയപ്രശ്നത്തിലകപ്പെടുന്നതാണ് കണ്ടത്. രണ്ടു സെക്കൻഡ് മാത്രമുള്ളപ്പോഴാണ് 48-ാം നീക്കം വൈറ്റ് നടത്തിയത്.
ഓരോ നിക്കത്തിനും ലഭിക്കുന്ന 30 സെക്കൻഡിന്റെ ആനുകൂല്യം മുതലെടുത്തുള്ള നീക്കങ്ങളിലൂടെ ശക്തമായി പോരാടിയെങ്കിലും കാലാളിന്റെ ലീഡു നഷ്ടപ്പെട്ടതോടെ ഗുകേഷ് സമനില വഴങ്ങി. 14 റൗണ്ടുള്ള ലോക ചാന്പ്യൻഷിപ്പിന്റെ ആദ്യപകുതി പൂർത്തിയായപ്പോൾ ഇരുവരും മൂന്നര പോയിന്റു വീതം നേടി സമനിലയിൽ തുടരുന്നു. എട്ടാം റൗണ്ട് മത്സരം ഇന്നു നടക്കും.