കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ ഹോം മത്സരങ്ങൾക്കൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി സ്റ്റേഡിയം ഉടമകളായ ജിസിഡിഎയുടെ പുതിയ തീരുമാനം. ഞായറാഴ്ച കൊച്ചിയിൽ ആദ്യ മത്സരം നടക്കാനിരിക്കെ, കലൂർ സ്റ്റേഡിയത്തിന്റെ വാടക കുത്തനെ കൂട്ടണമെന്ന ആവശ്യമാണ് ജിസിഡിഎ എക്സിക്യൂട്ടിവ് മുന്നോട്ടുവെച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകനെയും ടീം ഒഫീഷ്യൽസിനെയും അപമാനിച്ച നടപടിക്കെതിരെ ആരാധകർക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. മത്സരത്തിന് മുന്നോടിയായുള്ള ഔദ്യോഗിക വാർത്താ സമ്മേളനം പോലും നടത്താൻ അനുവദിക്കാതെ അധികൃതർ സ്റ്റേഡിയം പൂട്ടിയതാണ് വിവാദമായിരിക്കുന്നത്.

വാർത്താ സമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകരെയും ടീം ഭാരവാഹികളെയും സുരക്ഷാ ജീവനക്കാർ പുറത്താക്കുകയും റൂമുകൾ പൂട്ടുകയും ചെയ്തു. ഈ സീസണിലെ ഓരോ മത്സരത്തിനും രണ്ടു ലക്ഷം രൂപ വീതം വാടക മതിയെന്നായിരുന്നു ജിസിഡിഎ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, നിലവിൽ ഒരു മത്സരത്തിന് 4.20 ലക്ഷം രൂപ വേണമെന്ന പിടിവാശിയിലാണ് അധികൃതർ. വാടക താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഹോം മത്സരങ്ങൾ കോഴിക്കോട്ടേക്ക് മാറ്റാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നേരത്തെ ആലോചിച്ചിരുന്നു.

അന്ന് ടീമിനെ കൊച്ചിയിൽ തന്നെ നിലനിർത്താനാണ് വാടക കുറയ്ക്കാൻ ജിസിഡിഎ തയ്യാറായത്. എന്നാൽ കളി തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഈ തീരുമാനത്തിൽ നിന്ന് ജിസിഡിഎ പിന്നോട്ടുപോയത് ക്ലബ്ബിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് അധികൃതരുമായി ജിസിഡിഎ ചർച്ചകൾ നടത്തിവരികയാണ്. ഫെബ്രുവരി 22 മുതൽ മേയ് മാസം വരെയുള്ള കാലയളവിൽ 9 ഹോം മത്സരങ്ങളാണ് കൊച്ചിയിൽ നടക്കേണ്ടത്. അർജന്റീന ഫുട്ബോൾ ടീമും ലയണൽ മെസിയും കൊച്ചിയിലെത്തുമെന്ന പ്രതീക്ഷയിൽ സ്റ്റേഡിയം അത്യാധുനിക രീതിയിൽ നവീകരിച്ചിരുന്നു.

ഈ നവീകരണത്തിന് ശേഷം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ വലിയ പോരാട്ടങ്ങളാണ് വരാനിരിക്കുന്നത്. ഇത്തവണ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) നേരിട്ടാണ് ഐഎസ്എൽ സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സ്റ്റേഡിയം മത്സരസജ്ജമാക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ തുടരവെ ഉണ്ടായ ഈ അനിശ്ചിതത്വം ആരാധകരെയും ആശങ്കയിലാക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ മറ്റ് വഴികളില്ലാത്തതിനാൽ ആദ്യ രണ്ട് ഹോം മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ തന്നെ കളിക്കാനാണ് സാധ്യത. അവസാന നിമിഷം വേദി മാറ്റുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ക്ലബ്ബ് ഇതിന് തയ്യാറാവുന്നത്. എന്നാൽ ഈ രണ്ട് മത്സരങ്ങൾക്ക് ശേഷം ഹോം ഗ്രൗണ്ട് മാറ്റുന്നതിനെക്കുറിച്ച് മാനേജ്‌മെന്റ് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് സൂചന. ജിസിഡിഎയുടെ നിഷേധാത്മക നിലപാട് തുടർന്നാൽ ബ്ലാസ്റ്റേഴ്‌സ് പൂർണ്ണമായും കേരളത്തിന് പുറത്തേക്ക് ഹോം ഗ്രൗണ്ട് മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അതേസമയം, ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിനോട് കേരള ബ്ലാസ്റ്റേഴ്സ് 2-0ന് തോറ്റിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിൽ തട്ടകത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ടീം മാനേജ്മെന്റും ആരാധകരും. ഇതിനിടെയാണ് അവസാന നിമിഷം അധികൃതർ വാക്ക് മാറ്റിയത്.