- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമ്മനിക്ക് എട്ടാം ജൂനിയർ ഹോക്കി ലോകകപ്പ് കിരീടം; ആവേശപ്പോരിൽ സ്പെയിനെ പരാജയപ്പെടുത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ; അർജന്റീനയെ തകർത്ത് ഇന്ത്യയ്ക്ക് വെങ്കലം
ചെന്നൈ: ജൂനിയർ ഹോക്കി ലോകകപ്പ് കിരീടം നിലനിർത്തി ജർമ്മനി. ആവേശകരമായ ഫൈനലിൽ സ്പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് കീഴടക്കിയാണ് ജർമ്മനി ചാമ്പ്യൻപട്ടം ചൂടിയത്. എട്ടാം തവണയാണ് ജർമനി കിരീടത്തിൽ മുത്തമിട്ടത്. അതേസമയം, ലൂസേഴ്സ് ഫൈനലിൽ അർജന്റീനയെ 4-2ന് തകർത്ത് ഇന്ത്യ വെങ്കല മെഡൽ സ്വന്തമാക്കി. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജർമ്മൻ ഗോൾകീപ്പർ ജാസ്പർ ഡിറ്റ്‌സറാണ് ഫൈനലിൽ ജർമ്മനിയുടെ വിജയശില്പി.
ജർമ്മനിക്കായി 27-ാം മിനിറ്റിൽ ജസ്റ്റിസ് വാർവെഗ്ഗും സ്പെയിനിനായി 33-ാം മിനിറ്റിൽ നിക്കൊളാസ് മുസ്റ്ററോസുമാണ് ഗോളുകൾ നേടിയത്. ഷൂട്ടൗട്ടിൽ ജർമ്മനി മൂന്ന് ഗോളുകൾ നേടിയപ്പോൾ സ്പാനിഷ് ടീമിന്റെ മൂന്ന് ഷോട്ടുകൾ ലക്ഷ്യം കാണാതെ പോയതാണ് വിജയത്തിൽ നിർണായകമായത്. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായ് ജർമ്മനിയുടെ ഡിറ്റ്‌സറെ തിരഞ്ഞെടുത്തു. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ, കരുത്തരായ അർജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യ വെങ്കല മെഡൽ നേടി.
രണ്ട് ഗോളുകൾക്ക് പിന്നിലായ ശേഷം തിരിച്ചടിച്ചാണ് ഇന്ത്യ അർജന്റീനയ്ക്കെതിരെ ജയം പിടിച്ചെടുത്തത്. 3-ാം മിനിറ്റിൽ നിക്കൊളാസ് റോഡ്രിഗസും 44-ാം മിനിറ്റിൽ സാന്റേിയാഗൊ ഫെർണാണ്ടസും നേടിയ ഗോളുകളിൽ ആദ്യ പകുതിയിൽ അർജന്റീന ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ ഇന്ത്യ ഗംഭീര പ്രകടനം കാഴ്ചവെച്ചു. 49-ാം മിനിറ്റിൽ അങ്കിത് പാലും 52-ാം മിനിറ്റിൽ മൻമീത് സിംഗും 57-ാം മിനിറ്റിൽ ഷർദനന്ദ് തിവാരിയും 58-ാം മിനിറ്റിൽ അൻമോൾ എക്കയും നേടിയ ഗോളുകളാണ് ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചത്. 2016-ൽ ചാമ്പ്യന്മാരായശേഷം ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമാണിത്.




