പരിശീലനത്തിനിടെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്ലിയെ ക്ലീന്‍ബൗള്‍ഡാക്കിയ അനുഭവം പങ്കുവച്ച് ടീം ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷന്‍ ഗുര്‍ജപ്‌നീത് സിങ്. ബൗള്‍ഡാക്കിയപ്പോള്‍ കോഹ് ലി വലിയ ദേഷ്യത്തിലായിരുന്നെന്നും, പേടി കാരണം അദ്ദേഹത്തിന്റെ മുഖത്തേക്ക് പോലും നോക്കിയില്ലെന്നും ഇന്ത്യയുടെ ഭാവി പേസര്‍ പറഞ്ഞു.

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടെയാണ് ഗുര്‍ജപ്നീതിന്റെ ബൗളിങ്ങിന് മുന്നില്‍ കോഹ്ലിക്ക് മടങ്ങേണ്ടിവന്നത്. ബംഗ്‌ളാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ താരത്തിന് നെറ്റ് ബോളറാകാന്‍ അവസരം ലഭിച്ചു. ഈ അവസരം താരം നന്നായി വിനിയോഗിക്കുകയും ചെയ്തു.

നെറ്റ് സെക്ഷനില്‍ അപ്രതീക്ഷിതമായി അദ്ദേഹം പുറത്തായപ്പോള്‍ കോഹ്ലി അങ്ങേയറ്റം ദേഷ്യത്തിലായിരുന്നുവെന്നും പേടി കാരണം അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയില്ലെന്നും പേസര്‍ പറഞ്ഞു. 'ബൗള്‍ഡാക്കിയ ശേഷം ഞാന്‍ അദ്ദേഹത്തെ നോക്കി. വീണ്ടും നോക്കാന്‍ ധൈര്യപ്പെട്ടില്ല. അദ്ദേഹം വളരെയധികം ദേഷ്യത്തിലായിരുന്നു. എന്നാല്‍ അദ്ദേഹം ദേഷ്യപ്പെട്ടത് അദ്ദേഹത്തോട് തന്നെയാണെന്ന് എനിക്ക് മനസ്സിലായി. തൊട്ടുപിന്നാലെ ഒരു സ്ട്രൈറ്റ് ഡ്രൈവിന് ശേഷം, അദ്ദേഹം വീണ്ടും എന്നെ നോക്കി പുഞ്ചിരിച്ചു', ഗുര്‍ജപ്‌നീത് പറഞ്ഞു.

പന്തെറിഞ്ഞ ശേഷം കോഹ്ലി നല്‍കിയ ഉപദേശത്തെ കുറിച്ചും യുവതാരം തുറന്നുപറഞ്ഞു. 'മൂവ്മെന്റ് ശരിയായില്ലെങ്കില്‍ ആംഗിള്‍ മാറ്റി എറൗണ്ട് ദി വിക്കറ്റ് ബൗള്‍ ചെയ്യാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആ ആംഗിളില്‍ നിങ്ങള്‍ക്ക് ചെറിയ മൂവ്മെന്റ് ലഭിച്ചാലും അത് മിക്ക ബാറ്റ്സ്മാന്‍മാരെയും വിഷമിപ്പിക്കുമെന്നും കോഹ്ലി പറഞ്ഞു', ഗുര്‍ജപ്നീത് വെളിപ്പെടുത്തി.

രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയുടെ ചേതേശ്വര്‍ പൂജാരയെ ഡക്കിന് പുറത്താക്കിയാണ് തമിഴ്‌നാട് താരമായ ഗുര്‍ജപ്‌നീത് ശ്രദ്ധേയനാവുന്നത്. രഞ്ജി ട്രോഫിയില്‍ തമിഴ്നാടിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് 25കാരനായ ഗുര്‍ജപ്നീത്. കഴിഞ്ഞ ദിവസം സൗരാഷ്ട്രയ്ക്കെതിരായ രഞ്ജി മത്സരത്തില്‍ തമിഴ്നാട് വിജയം നേടിയപ്പോള്‍ ഗുര്‍ജപ്നീത് ആറു വിക്കറ്റുമായി തിളങ്ങിയിരുന്നു. 14 ഓവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങിയാണ് താരം ആറ് വിക്കറ്റ് വീഴ്ത്തിയത്. ചേതേശ്വര്‍ പൂജാരയുടെ അടക്കമുള്ള നിര്‍ണായക വിക്കറ്റുകളായിരുന്നു ഗുര്‍ജപ്നീത് സ്വന്തമാക്കിയത്.