- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലി കോപ്പിയടിച്ചത്; കോപ്പിയടിച്ചതിന് ഇംഗ്ലണ്ടിന് ഇന്ത്യ പണം നല്കേണ്ടിവരുമോ? അവകാശവാദവുമായി മൈക്കിള്‍ വോണ്‍
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ഇന്ത്യ കോപ്പിയടിച്ചതാണെന്ന വാദവുമായി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് വോണിന്റെ വിചിത്രവാദം. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ശൈലി ഇന്ത്യ കോപ്പിയടിച്ചതെന്നാണ് താരത്തിന്റെ വാദം. വിവാദ പരാമര്‍ശത്തിന് നിരവധി വിമര്‍ശനങ്ങളാണ് വോണിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനൊപ്പം നടത്തിയ ചര്‍ച്ചയിലാണ് ഇംഗ്ലണ്ടിന്റെ 'ബാസ്ബോള്‍' സമീപനവുമായി ഇന്ത്യയുടെ ബാറ്റിങ് ശൈലി താരതമ്യപ്പെടുത്തി വോണ്‍ സംസാരിച്ചത്. 'വളരെ ശ്രദ്ധേയമായ ഒരു മത്സരമായിരുന്നു ഇത്. കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിച്ച ശൈലി എന്നെ അതിശയിപ്പിച്ചു. ഇന്ത്യ ഇപ്പോള്‍ ബാസ്‌ബോള്‍ കളിക്കുന്ന ടീമായി മാറിയതില്‍ സന്തോഷമുണ്ട്. അവര്‍ ഇംഗ്ലണ്ടിനെ കോപ്പിയടിക്കുകയാണ് ചെയ്തത്', വോണ്‍ ചൂണ്ടിക്കാട്ടി.
നിയമവശങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഇംഗ്ലണ്ടിന് ഇന്ത്യ പണം നല്‍കേണ്ടിവരുമോയെന്നും വോണ്‍ തമാശരൂപേണ ചോദിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ പുതിയ കോച്ചായ ഗൗതം ഗംഭീറിന്റെ പേരിനെ അനുസ്മരിപ്പിച്ച് ഇത് ഇന്ത്യയുടെ സ്വന്തം 'ഗംബോള്‍' ശൈലിയാണെന്നായിരുന്നു ഗില്‍ക്രിസ്റ്റ് മറുപടി നല്‍കിയത്. എന്നാല്‍ 'ഗംബോള്‍' ബാസ്ബോളിന് സാമ്യമുള്ളതായി തോന്നുന്നെന്നാണ് വോണ്‍ തിരിച്ചടിച്ചത്.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യന്‍ സംഘം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യ ദിവസം 35 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. പിന്നീട് രണ്ട് ദിവസം മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം നഷ്ടമായി. നാലാം ദിവസം മൂന്നിന് 107 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സില്‍ എല്ലാവരും പുറത്തായി.
മറുപടി പറഞ്ഞ ഇന്ത്യ ട്വന്റി 20യുടെ ബാറ്റിങ് ശൈലിയാണ് സ്വീകരിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ ഒമ്പതിന് 285 എന്ന സ്‌കോറില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 146 റണ്‍സിന് എല്ലാവരും പുറത്തായി. 95 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ ആധികാരികമായാണ് തൂത്തുവാരിയത്. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 280 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.