കൊളംബോ: സാഫ് അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീം സെമി ഫൈനലിൽ കടന്നു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഭൂട്ടാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നീലപ്പടയുടെ മുന്നേറ്റം. കൊളംബോയിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ റഹാൻ അഹമ്മദാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. മത്സരത്തിലെ മികച്ച പ്രകടനത്തിന് താരത്തിന് 'പ്ലേയർ ഓഫ് ദി മാച്ച്' പുരസ്കാരവും ലഭിച്ചു.

മത്സരത്തിൽ ഭൂട്ടാൻ പ്രതിരോധം കരുത്തുകാട്ടിയതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ കലാശിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ റഹാൻ അഹമ്മദ്, കളിയുടെ ഗതിമാറ്റുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 57-ാം മിനിറ്റിൽ താരം നേടിയ ഗോൾ ഇന്ത്യക്ക് നിർണായകമായ മൂന്നു പോയിന്റുകൾ സമ്മാനിച്ചു.

തുടർച്ചയായി മുന്നേറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും ഭൂട്ടാൻ പ്രതിരോധം തകർക്കാൻ ഇന്ത്യക്ക് ആദ്യ പകുതിയിൽ സാധിച്ചില്ല. 27-ാം മിനിറ്റിൽ കാംഗോഹാവോ ഡൂങ്കലിന്റെ ഹെഡർ ലക്ഷ്യം കണ്ടില്ല. നായകൻ ഡെനി സിംഗ് വാങ്ഖേമും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് സെമി ഫൈനൽ ഉറപ്പിച്ച ഇന്ത്യ, തിങ്കളാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാനെ നേരിടും. ഈ മത്സരത്തിലെ വിജയികൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക് മുന്നേറും.