ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോളിന് വീണ്ടും ഫിഫയുടെയും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെയും (എഎഫ്‌സി) വിലക്ക് ഭീഷണി. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഭരണഘടന പരിഷ്‌കരിച്ച് നടപ്പാക്കാത്തതിലാണ് നടപടി.

പരിഷ്‌കരിച്ച ഭരണഘടന ഒക്ടോബർ 30-നകം നടപ്പാക്കിയില്ലെങ്കിൽ ഫെഡറേഷന് സസ്‌പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികൾ നേരിടേണ്ടിവരുമെന്ന് ഫിഫയും എഎഫ്‌സിയും സംയുക്തമായി അയച്ച കത്തിൽ വ്യക്തമാക്കി. ഭരണഘടന നടപ്പാക്കാത്തതിൽ ഇരു സംഘടനകളും കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ൽ സമാനമായ സാഹചര്യത്തിൽ ഫിഫ എഐഎഫ്എഫിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

നിലവിൽ ഒന്നാം ഡിവിഷൻ ലീഗ് (ഐഎസ്എൽ) നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കെ ഫിഫയുടെ ഈ നീക്കം ഫുട്‌ബോൾ ഫെഡറേഷന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഫെഡറേഷൻ ഭരണഘടന പരിഷ്‌കരണം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ ഉത്തരവ് അനുസരിച്ച് മാത്രമേ പുതുക്കിയ ഭരണഘടന നടപ്പാക്കാൻ ഫെഡറേഷന് സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ, ഫിഫയുടെ സമയപരിധിക്കുള്ളിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത് എഐഎഫ്എഫിന് നിർണായകമാണ്.