- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദ ലാസ്റ്റ് ടൈം ഈസ് നൗ'! ഡബ്ല്യൂഡബ്ല്യൂഇയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജോണ്‍ സീന; 16 തവണ ലോക ചാമ്പ്യന്‍; 22 വര്‍ഷം നീണ്ട കരിയര്‍
ടോറോണ്ടോ: വേള്‍ഡ് റെസ്ലിംഗ് എന്റര്ടെയ്ന്മെന്റ് (ഡബ്ല്യൂഡബ്ല്യൂഇ) ഇതിഹാസം ജോണ്‍ സീന രാജ്യാന്തര കരിയറില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ടൊറന്റോയില്‍ നടന്ന 'മണി ഇന്‍ ദ ബാങ്ക്' ലൈവ് മത്സരത്തിനിടെ അപ്രതീക്ഷിതമായി റിങ്ങിലെത്തിയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2025 ഡിസംബറോടെ മത്സരങ്ങള്‍ മതിയാക്കുമെന്നാണ് 47-കാരനായ സീന അറിയിച്ചത്.
'മൈ ടൈം ഈസ് നൗ' എന്ന ഏറെ പ്രസിദ്ധമായ തന്റെ ഉദ്ധരണിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ 'ദ ലാസ്റ്റ് ടൈം ഈസ് നൗ' എന്ന ടീ ഷര്‍ട്ട് ധരിച്ചെത്തിയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഇതേ വാചകം എഴുതിയ ഒരു ടൗവ്വലും താരം ഉയര്‍ത്തിക്കാട്ടി. ഡബ്ല്യു.ഡബ്ല്യു.ഇ റോയുടെ നെറ്റ്ഫ്ളിക്സ് അരങ്ങേറ്റത്തില്‍ സീനയുണ്ടാകും. 2025-ലെ റോയല്‍ റംബിള്‍, എലിമിനേഷന് ചേംബര്‍ എന്നിവയ്ക്ക് ശേഷം നടക്കുന്ന റെസ്സല്‍മാനിയ 41 ആയിരിക്കും ജോണ്‍ സീനയുടെ ഡബ്ല്യു.ഡബ്ല്യു.ഇയ്ക്കൊപ്പമുള്ള അവസാന ഇവന്റ്.
ഡബ്ല്യൂഡബ്ല്യൂഇ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ താരങ്ങളിലൊരാളായാണ് ജോണ്‍ സീന വിലയിരുത്തപ്പെടുന്നത്. 2001ലാണ് സീന ഡബ്ല്യൂഡബ്ല്യൂഇയുമായി കരാറിലെത്തിയത്. 2002 മുതല്‍ സ്മാക്ക്ഡൗണിന്റെ ഭാഗമാണ്. 2005ല്‍ ആദ്യമായി ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 16 തവണ ലോക ചാമ്പ്യനായി. ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യന്‍ഷിപ്പ് 13 വട്ടവും ഹെവിവെയ്റ്റ് കിരീടം മൂന്ന് തവണയും നേടി.
അഞ്ച് തവണ ഡബ്ല്യൂഡബ്ല്യൂഇ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യനും രണ്ട് തവണ വീതം ഡബ്ല്യൂഡബ്ല്യൂഇ ടാഗ് ടീം ചാമ്പ്യനും വേള്‍ഡ് ടാഗ് ടീം ചാമ്പ്യനുമായി. ഇതിന് പുറമെ രണ്ടുവട്ടം റോയല്‍ റമ്പിളും ഒരു തവണ മണി ഇന്‍ ദി ബാങ്കും ജോണ്‍ സീന സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സീനയ്ക്ക് അത്ര മികച്ചതായിരുന്നില്ല. 2017ലാണ് അവസാനമായി റെസല്‍മാനിയ ജേതാവായത്.
2006ലാണ് നടനായി ജോണ്‍ സീന അരങ്ങേറ്റം കുറിച്ചത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. സിനിമാ- ടെലിവിഷന്‍ ഷോ തിരക്കുകളെ തുടര്‍ന്ന് ജോണ്‍ സീന 2018 മുതല്‍ ഭാഗികമായാണ് ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായിരിക്കുന്നത്. 2025ലെ റോയല്‍ റമ്പിള്‍, എലിമിനേഷന് ചേമ്പര്‍, ലാസ് വെഗാസ് വേദിയാവുന്ന റെസല്‍മാനിയ 41 എന്നിവയായിരിക്കും ആയിരിക്കും ഡബ്ല്യൂഡബ്ല്യൂഇയില്‍ ജോണ്‍ സീനയുടെ അവസാന മത്സരങ്ങള്‍. ദി റോക്ക്, ട്രിപ്പിള്‍ എച്ച്, റാണ്ടി ഓര്‍ട്ടന്‍ തുടങ്ങി നിരവധി താരങ്ങളുമായുള്ള സീനയുടെ റിങിലെ വൈരം ശ്രദ്ധേയമായിരുന്നു.
നേരത്തേ 96-ാമത് ഓസ്കര് പുരസ്കാര വേദിയില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് ജോണ്‍ സീന ശ്രദ്ധ നേടിയിരുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നല്‍കാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ച സീനയെ ജിമ്മി കിമ്മലാണ് നിര്‍ബന്ധിച്ച വേദിയിലെത്തിച്ചത്. നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകെണ്ട് മുന്‍ഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്.