ഗോവ: സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഡി യിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിക്കെതിരെ ഒന്നിനെതിരെ പൂജ്യം ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. വ്യാഴാഴ്ച ബാംബോളിമിലെ ജിഎംസി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോൾഡോ ഒബീറ്റയുടെ ഹെഡ്ഡറാണ് കേരള ടീമിന് നിർണ്ണായകമായ ലീഡ് നൽകിയത്. കളിയുടെ അവസാന മിനിറ്റുകളിൽ പിറന്ന ഗോളാണ് മഞ്ഞപ്പടയ്ക്ക് മൂന്നു പോയിന്റുകൾ സമ്മാനിച്ചത്. മത്സരത്തിന്റെ 87-ാം മിനിറ്റിലാണ് സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബീറ്റ വിജയഗോൾ നേടിയത്.

സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ തകർപ്പൻ പ്രകടനം ബ്ലാസ്റ്റേഴ്സിന് തുണയായത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ കളി കൂടുതൽ ആവേശകരമായി. രാജസ്ഥാൻ യുണൈറ്റഡ് പ്രതിരോധം ശക്തമായി നിലയുറപ്പിച്ചെങ്കിലും, കേരള ബ്ലാസ്റ്റേഴ്സിന്റെ നിരന്തരമായ ആക്രമണങ്ങൾക്ക് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

52-ാം മിനിറ്റിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്.സിയുടെ പ്രതിരോധനിര താരം ഗുർസിമ്രത് ഗിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് അവർക്ക് വലിയ തിരിച്ചടിയായി. നിഹാൽ സുധീഷിനെ ഫൗൾ ചെയ്തതിനാണ് റെഫറി റെഡ് കാർഡ് നൽകിയത്. 49-ാം മിനിറ്റിൽ റോബിൻസന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ഫെർണാണ്ടസ് തട്ടിയകറ്റി. 55-ാം മിനിറ്റിൽ നോഹ സദൂയിയെ കളത്തിലിറക്കിയതോടെ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടി. ആദ്യ പകുതിയിൽ 22-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ ക്രോസിൽ ഡാനിഷ് ഫാറൂഖിന്റെ ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് ആരാധകർക്ക് നിരാശ നൽകി.

രാജസ്ഥാൻ യുണൈറ്റഡ് ഒരു വിദേശ താരങ്ങളായ അബ്ദുൽ സമദ് ആംഗോ, അബ്ദുൽ ഹാലിക് ഹുദു, റോബിൻസൺ ബ്ലാൻഡൺ റെൻഡൺ എന്നിവരുമായാണ് കളത്തിലിറങ്ങിയത്. നോഹ സദൂയിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്ന ബ്ലാസ്റ്റേഴ്സ്, അഡ്രിയാൻ ലൂണയുടെ നായകത്വത്തിൽ 4-3-3 ശൈലിയിലാണ് കളിച്ചത്. മത്സരത്തിന്റെ അവസാനഘട്ടത്തിലാണ് കോൾഡോ ഒബീറ്റയുടെ തകർപ്പൻ ഹെഡ്ഡർ ഗോൾ പിറന്നത്. ഈ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിക്കുകയായിരുന്നു. ടൂർണമെന്റിൽ ഇരുവർക്കും ഇത് ആദ്യ മത്സരമായിരുന്നു.