കഴിഞ്ഞ ടെസ്റ്റുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പഴി കേട്ട താരമാണ് ഇന്ത്യയുടെ മധ്യനിര ബാറ്ററായ കെ എല്‍ രാഹുല്‍. കഴിഞ്ഞ ടെസ്റ്റില്‍ ദയനീയപ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അതിനു ശേഷം മുതല്‍ രാഹുലിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന മുറവിളികള്‍ എമ്പാടും ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് കളി കഴിഞ്ഞതിനു ശേഷമുള്ള രാഹുലിന്റെ ഒരു അംഗവിക്ഷേപം. രാഹുലിന്റെ ജെസ്റ്റര്‍ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളി കാണാന്‍ വന്നവരേയും ആകര്‍ഷിച്ചു. സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. മത്സരം കഴിഞ്ഞതിനു ശേഷം പവലിയനിലേക്ക് നടക്കുന്നതിനിടെ രാഹുല്‍ ചിന്നസ്വാമിയിലെ പിച്ചില്‍ കുനിഞ്ഞ് മണ്ണില്‍ തൊടുന്ന വൈകാരിക രംഗമാണ് കാണികള്‍ ഏറ്റെടുത്തത്. ഇത് രാഹുലിന്റെ അവസാനടെസ്റ്റാണോ എന്നാണ് ആരാധകര്‍ ഇത് കണ്ട് ചോദിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളോട് രാഹുല്‍ ?ഗുഡ്‌ബൈ പറയുകയാണെന്നും ചിലര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

ബെംഗളുരുവിനെ ചിന്നസ്വാമി രാഹുലിനെ സംബന്ധിച്ചിടത്തോളം ഹോം ഗ്രൗണ്ടാണ്. 2013 മുതല്‍ 2016 വരെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഭാഗമായിരുന്നു രാഹുല്‍. അതിനൊപ്പം രാഹുല്‍ കര്‍ണാടകയെയാണ് ആഭ്യന്തരമത്സരങ്ങളില്‍ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ 0, 12 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്‌കോര്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് രാഹുല്‍ ഒടുവില്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. പിന്നീട് ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് താരത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നത്.