- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലോകമേ കാണൂ ഇതാണ് മലപ്പുറം, ഇതാണ് കേരള ഫുട്ബോൾ'; മഴയെ അവഗണിച്ച് ഗാലറിയിൽ ആവേശം; വീഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറൽ; കമന്റുമായി സഞ്ജു സാംസണും
മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‌സിയുടെ ഹോം മത്സരത്തിനെത്തിയ കാണികളുടെ ആവേശം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ശക്തമായ മഴയെ അവഗണിച്ച് ഗാലറിയിൽ തിങ്ങിനിറഞ്ഞ ആരാധകരുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 56 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മലപ്പുറം എഫ്‌സി-കാലിക്കറ്റ് എഫ്‌സി പോരാട്ടത്തിലാണ് ആരാധകർ ഗാലറിയിൽ ഉത്സവ പ്രതീതി തീർത്തത്. മത്സരം 3-3 എന്ന നിലയിൽ സമനിലയിൽ കലാശിച്ചു. കാണികളുടെ ആവേശത്തെ ഉത്തേജിപ്പിക്കുന്ന കമന്റേറ്റർ ഷൈജു ദാമോദരന്റെ വാക്കുകൾ വീഡിയോയുടെ ജനപ്രീതി വർധിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരവും മലപ്പുറം എഫ്‌സിയുടെ ഉടമയുമായ സഞ്ജു സാംസൺ, കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരങ്ങളായ ബെർത്തലോമ്യു ഓഗ്ബച്ചെ, കെർവൻസ് ബെൽഫോർട്ട് എന്നിവരും ഈ വീഡിയോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
മത്സരത്തിന്റെ അവസാന അഞ്ച് മിനിറ്റുകളിൽ രണ്ട് ഗോളുകൾ നേടിയാണ് മലപ്പുറം എഫ്‌സി ശ്രദ്ധേയമായ സമനില സ്വന്തമാക്കിയത്. സൂപ്പർ ലീഗ് കേരളയുടെ മൂന്നാം റൗണ്ടിലെ മത്സരത്തിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഇത്. മലപ്പുറം എഫ്‌സിക്കായി എയ്റ്റർ ആൽഡലിർ, നിധിൻ മധു, ജോൺ കെന്നഡി എന്നിവർ ഗോളുകൾ നേടി. കാലിക്കറ്റ് എഫ്‌സിക്കായി മുഹമ്മദ് അജ്സൽ രണ്ട് ഗോളുകളും പ്രശാന്ത് ഒരു ഗോളും നേടി. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് മലപ്പുറത്തിന് അഞ്ച് പോയിന്റും കാലിക്കറ്റിന് നാല് പോയിന്റും ലഭിച്ചിട്ടുണ്ട്.