- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്‍ ഒന്നാമത്; ഐഎസ്എല്ലിനെ മറികടന്ന് പ്രോ കബഡി; താരങ്ങളില്‍ മുന്നില്‍ രോഹിതോ, സഞ്ജുവോ അല്ല; വിനേഷ് ഫോഗട്ട്; 2024ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ കായിക മത്സരങ്ങളും താരങ്ങളും അറിയാം
2024ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ കായിക മത്സരങ്ങളും താരങ്ങളും
മുംബൈ: ഇന്ത്യന്‍ കായിക ലോകത്തിന് ഒട്ടേറെ നേട്ടങ്ങളും നഷ്ടങ്ങളും നല്‍കിയാണ് 2024 കലണ്ടര്‍ വര്‍ഷം കടന്നുപോകുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് കാര്യമായ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ക്രിക്കറ്റില്‍ ഇന്ത്യ ട്വന്റി 20 ലോകകപ്പ് നേടിയെടുത്തു. രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയുമെല്ലാം ടി20യില്‍ നിന്ന് വിരമിച്ചപ്പോള്‍ ശ്രീശാന്തിന് ശേഷം ഇന്ത്യയുടെ ലോകകപ്പ് കിരീടത്തിന്റെ ഭാഗമാവുന്ന മലയാളിയാകാന്‍ സഞ്ജു സാംസണിന് സാധിച്ചു.
സഞ്ജു സാംസണിന് കൂടുതല്‍ അവസരം ലഭിച്ചത് ഈ വര്‍ഷമാണ്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായതോടെയാണ് സഞ്ജുവിന് കൂടുതല്‍ അവസരം ലഭിച്ചത്. മൂന്ന് ട്വന്റി 20 സെഞ്ച്വറി ഉള്‍പ്പെടെ ചരിത്ര റെക്കോഡിലേക്കാണ് സഞ്ജു നടന്നുകയറിയത്. എന്തായാലും ഇന്ത്യക്ക് സന്തോഷിക്കാന്‍ നിരവധി കാര്യങ്ങള്‍ ബാക്കിവെച്ചാണ് ഈ വര്‍ഷം കടന്ന് പോകുന്നത്.
അതേ സമയം 2024ല്‍ കൂടുതല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട കായിക ഇനങ്ങളുടെയും ഇന്ത്യന്‍ കായിക താരത്തിന്റെയും കണക്കുകള്‍ ഇപ്പോള്‍ ഗൂഗില്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യക്കാര്‍ സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വിഷയങ്ങളില്‍ മുന്നിലുള്ളതും കായികമായിരുന്നു.
ഐപിഎല്‍ മെഗാതാരലേലമടക്കം നടന്ന വര്‍ഷമായതിനാല്‍ സ്വാഭാവികമായും ഐപിഎല്‍ സംബന്ധിച്ച വിവരങ്ങളായിരുന്നു ഇന്ത്യക്കാര്‍ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞത്. അതേ സമയം ഇന വ്യത്യാസമില്ലാതെ സുപ്രധാന കായിക ഇവന്റുകളെക്കുറിച്ച് അറിയാന്‍ ഇന്ത്യക്കാര്‍ ഗൂഗിളിലേക്ക് ഇരച്ചു കയറിയെന്നും സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ കായിക ഇനമായി മാറിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആയിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയതാകട്ടെ ട്വന്റി 20 ലോകകപ്പും. രോഹിത് ശര്‍മയും സംഘവും ദക്ഷിണാഫ്രിക്കന്‍ നിരയെ വീഴ്ത്തി കിരീടം നേടിയത് 2024ലെ ഇന്ത്യന്‍ കായിക രംഗത്തെ സുപ്രധാന നേട്ടമായിരുന്നു
മൂന്നാം സ്ഥാനത്ത് ഒളിംപിക്‌സാണ്. ഒളിംപിക്‌സ് മത്സര ക്രമവും, ഇന്ത്യന്‍ താരങ്ങളുടെ പ്രകടനവും നേരിട്ടറിയാന്‍ ഗൂഗിളിനെ ആശ്രയിച്ചിരുന്നു. അതേ സമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് പ്രോ കബഡി ലീഗ് സെര്‍ച്ചിംഗില്‍ മുന്നിലെത്തി. ആറാം സ്ഥാനത്ത് വുമണ്‍സ് പ്രീമിയര്‍ ലീഗും ഏഴാം സ്ഥാനത്ത് കോപ അമേരിക്കയുമാണ് ഇന്ത്യക്കാര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ മുന്‍നിരയിലുള്ളത്. എട്ടാം സ്ഥാനത്ത് ദുലീപ് ട്രോഫിയും ഒന്‍പതാമത് യൂറോ കപ്പും പത്താമത് അണ്ടര്‍ 19 ലോകകപ്പുമാണ്.
അതേ സമയം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ കായിക താരം സഞ്ജു സാംസണോ രോഹിത് ശര്‍മയോ ഹാര്‍ദിക് പാണ്ഡ്യയോ വിരാട് കോലിയോ ഒന്നുമല്ല. അത് ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടാണ്. അവസാന ഒളിംപിക്സുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് വിനേഷിന് വാര്‍ത്തകളില്‍ ഇടം നേടിക്കൊടുത്തത്. ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്തത് വിനേഷിനെ പാരീസ് ഒളിംപിക്സിലൂടെ ചരിത്രം കുറിച്ച ഗുസ്തി താരമാണ് വിനേഷ് ഫോഗട്ട്.
ഒളിംപിക്സ് ഫൈനലില്‍ കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഗുസ്തി താരമെന്ന നേട്ടത്തിലേക്കെത്താന്‍ വിനേഷിനായിരുന്നു. എന്നാല്‍ ഭാരക്കൂടുതലിന്റെ പേരില്‍ താരത്തിന് ഫൈനലില്‍ മത്സരിക്കാനായില്ല. ഇത് വലിയ വിവാദമായി. 100 ഗ്രാം വ്യത്യാസത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതോടെ വലിയ വിമര്‍ശനം ഇന്ത്യയുടെ ഒളിംപിക്സ് അസോസിയേഷനെതിരേ ഉയര്‍ന്നു. എന്തായാലും ഈ വിവാദം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതാണ് വിനേഷിനെ ആളുകള്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യാനുള്ള കാരണമായി മാറിയത്.
ഇന്ത്യന്‍ കായിക താരങ്ങളില്‍ കൂടുതല്‍ പേര്‍ തിരഞ്ഞ രണ്ടാമത്തെ പേര് ഹാര്‍ദിക് പാണ്ഡ്യയുടേതാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഹാര്‍ദിക്കിന് കൂടുതല്‍ സെര്‍ച്ച് ലഭിക്കാന്‍ കാരണമായത്. രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയിരുന്നു. വലിയ ആരാധക പ്രതിഷേധമുണ്ടായ സംഭവമായിരുന്നു ഇത്. ഹാര്‍ദിക്കിനെതിരേ കാണികള്‍ കൂവുകയും കുപ്പി എറിയുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.
പിന്നീട് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിച്ചു. ഫൈനലില്‍ അവസാന ഓവര്‍ പന്തെറിഞ്ഞ് ഇന്ത്യക്ക് വിജയമൊരുക്കിയത് ഹാര്‍ദിക്കാണ്. ഇതോടെ വിമര്‍ശിച്ചവരടക്കം ഹാര്‍ദിക്കിനായി കൈയടിച്ചു. എന്തായാലും ഈ സംഭവം എല്ലായിടത്തും വലിയ ചര്‍ച്ചയായി മാറി. ഹാര്‍ദിക്കിനെ കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്തത് ഈ വിവാദങ്ങള്‍ക്കൊണ്ടാണ്.
സഞ്ജു സാംസണ്‍ മുന്‍ നിരയിലില്ല വലിയ ആരാധക പിന്തുണയുള്ള മലയാളി താരമാണ് സഞ്ജു സാംസണ്‍. മൂന്ന് ടി20 സെഞ്ച്വറി ഉള്‍പ്പെടെ ലോക റെക്കോഡ് പ്രകടനമാണ് ഈ വര്‍ഷം സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. എന്നാല്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ കായിക താരങ്ങളില്‍ മുന്‍നിരയില്‍ ഇടം പിടിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചില്ല.
എന്നാല്‍ പഞ്ചാബ് കിങ്സിന്റെ ശശാങ്ക് സിങ് ആറാം സ്ഥാനത്തെത്തി. ലേലത്തില്‍ പഞ്ചാബ് കിങ്സ് ആളുമാറി ടീമിലെത്തിച്ച താരമാണ് ശശാങ്ക്. എന്നാല്‍ വെടിക്കെട്ട് പ്രകടനത്തോടെ എല്ലാവരേയും ഞെട്ടിച്ച ശശാങ്ക് ഇത്തവണ പഞ്ചാബില്‍ നിലനിര്‍ത്തപ്പെടുകയും ചെയ്തു. അഭിഷേക് ശര്‍മ 9ാം സ്ഥാനത്താണുള്ളത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനായി തകര്‍ത്തടിച്ച അഭിഷേക് വലിയ കൈയടിയാണ് നേടിയത്. 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ ഒരു സീസണില്‍ 400ലധികം റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്താന്‍ അഭിഷേകിന് സാധിച്ചിരുന്നു.