- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷകനായി സൂപ്പർതാരം റോയ് കൃഷ്ണ; സൂപ്പർ ലീഗിൽ മലപ്പുറത്തിന് ആദ്യ ജയം; തൃശൂരിനെ തകർത്തത് എതിരില്ലാത്ത ഒരു ഗോളിന്
മലപ്പുറം: സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ രണ്ടാം സീസണിൽ മലപ്പുറം എഫ്സിക്ക് ഗംഭീര തുടക്കം. ഫിജിയൻ സൂപ്പർതാരം റോയ് കൃഷ്ണയുടെ നിർണായക പെനാൽറ്റി ഗോളാണ് ആവേശകരമായ മത്സരത്തിൽ തൃശൂർ മാജിക്ക് എഫ്സിക്കെതിരെ മലപ്പുറത്തിന് വിജയം സമ്മാനിച്ചത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നിറഞ്ഞ സദസ്സിനു മുന്നിൽ ഒന്നിനെതിരെ പൂജ്യം ഗോളുകൾക്കാണ് മലപ്പുറം വിജയം കണ്ടത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. മധ്യനിരയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കളിക്കാനാണ് മലപ്പുറം ശ്രമിച്ചതെങ്കിൽ, തൃശൂരിന്റെ പ്രധാന ആയുധം കൗണ്ടർ അറ്റാക്കുകളായിരുന്നു. ആദ്യ പകുതിയിൽ പന്തടക്കത്തിൽ മുന്നിട്ടുനിന്നതും തൃശൂരായിരുന്നു. മലപ്പുറം 42-ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ ഒരു സുവർണാവസരം നേടിയെങ്കിലും അത് മുതലെടുക്കാൻ സാധിച്ചില്ല.
71-ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. റോയ് കൃഷ്ണയെടുത്ത കോർണർ കിക്കിനിടെയുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ തൃശൂർ താരം എസ്. സെന്തമിഴും മലപ്പുറം താരം അബ്ദുൽ ഹക്കുവും തമ്മിൽ കൂട്ടിയിടിച്ച് വീഴുകയായിരുന്നു. റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടുകയും സെന്തമിഴിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. പെനാൽറ്റി കിക്കെടുത്ത റോയ് കൃഷ്ണയ്ക്ക് പിഴച്ചില്ല, ലക്ഷ്യം കണ്ടതോടെ മലപ്പുറം മുന്നിലെത്തി.
പിന്നീട് സമനില നേടാൻ തൃശൂർ നടത്തിയ നീക്കങ്ങൾ ഫലവത്തായില്ല. രണ്ടാം പകുതിയിൽ ബ്രസീൽ താരം ജോൺ കെന്നഡി പകരക്കാരനായി ഇറങ്ങിയതോടെ മലപ്പുറത്തിന്റെ ആക്രമണങ്ങൾക്ക് മൂർച്ചയേറി. ഇദ്ദേഹം നേടിയെടുത്ത കോർണർ കിക്കാണ് വിജയഗോളിന് വഴിയൊരുക്കിയത്.