- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകാലത്തിൽ പൊലിഞ്ഞ പ്രിയ കൂട്ടുകാരന്റെ ജേഴ്സി നമ്പറിൽ ഗ്രൗണ്ടിലെത്തി വലകുലുക്കിയത് ഇഞ്ചുറി ടൈമിൽ; വിജയഗോളിന് പിന്നാലെ ഇടതു കാലിലെ സോക്സ് താഴ്ത്തി, ആകാശത്തേക്ക് കൈകളുയർത്തി ആഘോഷം; ക്യാമറകളിൽ പതിഞ്ഞത് നെവസിന്റെ കാലിലെ ഡീഗോ ജോട്ടയുടെ ടാറ്റു
ലണ്ടൻ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അയർലൻഡിനെതിരെ പോർച്ചുഗലിനായി വിജയഗോൾ നേടിയ റൂബൻ നെവസിന്റെ ആഘോഷമാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്. മത്സരത്തിൻ്റെ 91-ാം മിനിറ്റിൽ ലഭിച്ച വിജയഗോളിന് ശേഷം, 21-ാം നമ്പർ ജഴ്സി അണിഞ്ഞ നെവസ് തൻ്റെ ഇടതു കാലിലെ സോക്സ് താഴ്ത്തി, ആകാശത്തേക്ക് കൈകളുയർത്തിയാണ് ഗോൾ ജോട്ടക്ക് സമർപ്പിച്ചത്. ഈ നിമിഷം ക്യാമറകളിൽ പതിഞ്ഞപ്പോൾ, മൈതാനത്തെ താരങ്ങളുടെ ആഘോഷങ്ങളെക്കാൾ അധികം ശ്രദ്ധിക്കപ്പെട്ടത് നെവസിൻ്റെ കാലിലെ ടാറ്റുവായിരുന്നു.
ടാറ്റുവവിൽ കാണുന്നത് കളിക്കളത്തിലെ രണ്ട് കൂട്ടുകാർ പരസ്പരം പുണർന്നു നിൽക്കുന്ന ദൃശ്യമാണ്. ഇത് അകാലത്തിൽ അന്തരിച്ച പോർച്ചുഗീസ് താരം ഡീഗോ ജോട്ടയുടേതാണ്. ജൂലൈ 3-ന് ഒരു കാറപകടത്തിൽ മരണമടഞ്ഞ ജോട്ടക്ക് ശേഷം പോർച്ചുഗൽ ടീം സ്വന്തം നാട്ടിൽ കളിക്കുന്ന ആദ്യ മത്സരത്തിലാണ് റൂബൻ നെവസ് ഈ ആദരമർപ്പിച്ചത്. ജോട്ട അണിഞ്ഞിരുന്ന അതേ 21-ാം നമ്പർ ജഴ്സിയിൽ കളിച്ച നെവസ്, ഈ ഗോൾ തൻ്റെ പ്രിയ സുഹൃത്തിന് സമർപ്പിക്കുകയായിരുന്നു.
ജോട്ടയുടെ ഓർമ്മകൾ നെവസിൻ്റെ ഹൃദയത്തിലും മായാതെ കിടക്കുന്നുവെന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ഇത്. ജോട്ടയുടെ വിയോഗത്തിൻ്റെ രാത്രിയിൽ നടന്ന ക്ലബ് ലോകകപ്പിൽ അൽ ഹിലാലിന് വേണ്ടി കളിക്കുമ്പോഴും നെവസ് അവിടെയുണ്ടായിരുന്നു. ജോട്ടക്ക് ആദരാഞ്ജലി അർപ്പിക്കുമ്പോൾ കണ്ണീരടക്കാനാവാതെ നിന്ന നെവസിനെ കണ്ട ആരാധകരും ദുഃഖത്തിലാഴ്ന്നു. മത്സരം കഴിഞ്ഞ് 12 മണിക്കൂറിനുള്ളിൽ നെവസ് അമേരിക്കയിൽ നിന്ന് പോർച്ചുഗലിലേക്ക് എത്തി.
ജോട്ടയുടെ അന്ത്യയാത്രയിൽ അദ്ദേഹത്തെ കൈകളിലേന്തി യാത്രയാക്കിയവരിൽ നെവസും ഉണ്ടായിരുന്നു. കണ്ണീരോടെ മാത്രം കാണാൻ കഴിയുന്ന ആ രംഗം ഏവരെയും വേദനിപ്പിച്ചു. 'സെലക്ഷന് പോകുമ്പോൾ നീ ആയിരുന്നു എന്റെ തൊട്ടടുത്ത്... ഡിന്നർ ടേബിളിലും ബസിലും വിമാനത്തിലുമെല്ലാം അങ്ങനെ തന്നെ. ഇന്ന് മുതൽ ഫീൽഡിൽ എനിക്കൊപ്പം നീയും ഇറങ്ങും. ഒരു വഴിയേ നമ്മൾ സഞ്ചരിക്കും. ഡീഗോ, നീയാണ് എന്റെ പ്രിയപ്പെട്ട ലെമനേഡ്,'. ജോട്ടയുടെ വിയോഗത്തിൽ നെവസ് കുറിച്ച വാക്കുകൾ പൂർണ്ണമായും യാഥാർത്ഥ്യമായിരിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.