- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ ദയനീയ പ്രകടനം; ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടി; ആറ് സ്ഥാനം നഷ്ടപ്പെട്ട് 142-ൽ; സ്പെയിൻ ഒന്നാം സ്ഥാനത്ത്; ഏഷ്യൻ ടീമുകളിൽ ഉയർന്ന റാങ്ക് ജപ്പാന്
സൂറിച്ച്: ലോക ഫുട്ബോൾ റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടി. പുതിയ ഫിഫ റാങ്കിംഗിൽ ആറ് സ്ഥാനങ്ങൾ നഷ്ടപ്പെട്ട ഇന്ത്യ 142-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ ദയനീയ പ്രകടനമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് ഈ വലിയ തിരിച്ചടിക്ക് കാരണമായത്. ഒരു ദശാബ്ദത്തിനിടെ ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനമാണിത്.
യോഗ്യതാ പോരാട്ടങ്ങളിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. ഇതിൽ മൂന്ന് മത്സരങ്ങളിൽ ടീം പരാജയപ്പെടുകയും ചെയ്തു. ഒക്ടോബറിൽ നടന്ന പോരാട്ടത്തിൽ സിംഗപ്പൂരിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റാണ് ഇന്ത്യ പുറത്തായത്. ഇതിന് പിന്നാലെ അടുത്തിടെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനോട് എതിരില്ലാത്ത ഒരു ഗോളിനും ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു. 2015-ൽ 173-ാം സ്ഥാനത്ത് എത്തിയതായിരുന്നു ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം.
അതേസമയം, ലോക ഫുട്ബോളിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്ന സ്പെയിൻ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. തുടർച്ചയായി 31 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയും അടുത്ത വർഷത്തെ ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തതിന് പിന്നാലെയാണ് സ്പെയിൻ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ലോക റാങ്കിംഗിൽ അർജന്റീന രണ്ടാം സ്ഥാനത്തും, ഫ്രാൻസ് മൂന്നാം സ്ഥാനത്തും, ഇംഗ്ലണ്ട് നാലാം സ്ഥാനത്തും തുടരുന്നു.
രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ബ്രസീൽ അഞ്ചാം റാങ്കിലേക്ക് ഉയർന്നു. പോർച്ചുഗൽ, നെതർലൻഡ്‌സ്, ബെൽജിയം, ജർമ്മനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റു ടീമുകൾ. മൂന്ന് സ്ഥാനം നഷ്ടമായ ഇറ്റലി 13-ാം റാങ്കിലേക്ക് വീണു. ഏഷ്യൻ ടീമുകളിൽ ഏറ്റവും ഉയർന്ന റാങ്കുള്ള രാജ്യം ജപ്പാനാണ്. അവർ 18-ാം സ്ഥാനത്താണ്.




