- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രായേലിനെതിരായ മത്സരത്തിലെ ലാഭം ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകും; പ്രഖ്യാപനവുമായി നോർവെ ഫുട്‌ബോൾ
ഒസ്ലോ: ഇസ്രായേലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ലാഭവും ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് നോർവേ ഫുട്‌ബോൾ ടീം. ഒക്ടോബർ 11ന് നടക്കുന്ന മത്സരത്തിന്റെ വരുമാനം പലസ്തീന് നൽകുമെന്ന് നോർവേ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു.
ഗാസയിലെ സാധാരണ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന 'മാനുഷിക ദുരിതങ്ങൾക്കും ആനുപാതികമല്ലാത്ത ആക്രമണങ്ങൾക്കും' നേരെ നിസ്സംഗത പാലിക്കാൻ കഴിയില്ലെന്ന് ഫെഡറേഷൻ വ്യക്തമാക്കി. ഈ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധനേടിയിരിക്കുകയാണ്.
ഇസ്രായേൽ-നോർവേ മത്സരത്തിലെ സാമ്പത്തിക ലാഭം മുഴുവനായും ഗാസയിൽ നിലനിൽക്കുന്ന അതി ഗുരുതരമായ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ഉപയോഗിക്കാനാണ് നോർവേ ഫുട്‌ബോൾ ഫെഡറേഷൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, നോർവേയുടെ പ്രഖ്യാപനത്തിനെതിരെ ഇസ്രായേൽ ഫുട്‌ബോൾ അസോസിയേഷൻ രംഗത്തെത്തി. ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കാനും നോർവെ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. സംഭാവന ചെയ്യുന്ന പണം തീവ്രവാദ സംഘടനകളിലേക്കോ തിമിംഗല വേട്ടയ്‌ക്കോ (Whale Hunting) കൈമാറുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇസ്രായേൽ പ്രസ്താവനയിൽ പറയുന്നു.