- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശപ്പോരിൽ യു.എ.ഇയെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഖത്തർ ലോകകപ്പിലേക്ക്
ദോഹ: 2026 ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി ഖത്തർ. യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ (യുഎഇ) ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഖത്തർ ടൂർണമെന്റിലേക്കുള്ള സ്ഥാനം ഉറപ്പിച്ചത്. 2022-ൽ ആതിഥേയരായി ലോകകപ്പിൽ പങ്കെടുത്ത ഖത്തർ, ഇത്തവണ ഏഷ്യൻ യോഗ്യതാ റൗണ്ടിലൂടെയാണ് ടൂർണമെന്റിൽ എത്തുന്നത്.
യോഗ്യതാ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ കലാശിച്ചെങ്കിലും, രണ്ടാം പകുതിയിൽ ഖത്തർ ശക്തമായി തിരിച്ചെത്തി. 49-ാം മിനിറ്റിൽ അക്രം അഫീഫിന്റെ ഫ്രീകിക്ക് ഹെഡ്ഡറിലൂടെ ബൗലം ഖൗഖി വലയിലെത്തിച്ച് ഖത്തറിന് ലീഡ് നേടിക്കൊടുത്തു. 73-ാം മിനിറ്റിൽ പെഡ്രോ മിഗ്വൽ ഖത്തറിൻ്റെ രണ്ടാം ഗോൾ നേടി. മത്സരത്തിന്റെ 88-ാം മിനിറ്റിൽ താരിഖ് സൽമാൻ ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും, ഖത്തറിന് മത്സരം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.
ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റിൽ സുൽത്താൻ ആദിൽ യുഎഇയുടെ ആശ്വാസ ഗോൾ നേടി. ഈ വിജയത്തോടെ ഖത്തർ നാലാം റൗണ്ടിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പിന് യോഗ്യത നേടാൻ യുഎഇക്ക് സമനില മാത്രം മതിയായിരുന്നു. ആദ്യ മത്സരത്തിൽ ഒമാനെതിരെ ഗോൾരഹിത സമനില നേടിയ ഖത്തറിന് യുഎഇക്കെതിരായ മത്സരം വിജയിക്കേണ്ടത് അത്യാവശ്യമായിരുന്നു.
ഖത്തറിനെ കൂടാതെ സൗദി അറേബ്യയും ജിസിസിയിൽ നിന്ന് 2026 ലോകകപ്പിൽ കളിക്കും. ഇറാഖിനെതിരായ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതാണ് സൗദി അറേബ്യക്ക് ഗുണമായത്. 2026 ലോകകപ്പിൽ ഏഷ്യയിൽ നിന്ന് യോഗ്യത നേടിയ മറ്റ് ടീമുകളിൽ ഓസ്ട്രേലിയ, ജപ്പാൻ, ഇറാൻ, ദക്ഷിണ കൊറിയ, ഉസ്ബെക്കിസ്ഥാൻ, ജോർദാൻ, സൗദി അറേബ്യ എന്നിവരും ഉൾപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.