ന്യൂഡല്‍ഹി: റിയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെക്കെതിരേ ലൈംഗിക പീഡന ആരോപണം. താരത്തിനെതിരേ ബലാത്സംഗക്കുറ്റത്തിന് അന്വേഷണം നടക്കുന്നുണ്ടെന്ന് സ്വീഡിഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എംബാപ്പെയുടെ പേര് പരാമര്‍ശിക്കാതെ ബലാത്സംഗ അന്വേഷണം ആരംഭിച്ചതായി സ്വീഡിഷ് പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. ഒക്ടോബര്‍ 10 ന് ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നും എന്നാല്‍ സംശയിക്കുന്നയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങളൊന്നും തല്‍ക്കാലം പങ്കിടാനാകില്ലെന്നും പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബലാത്സംഗ വാര്‍ത്ത തെറ്റാണെന്ന് എംബാപ്പെയും പ്രതികരിച്ചു.

താരം അടുത്തിടെ സ്റ്റോക്ക്ഹോമില്‍ നടത്തിയ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ച്, റിപ്പോര്‍ട്ട് പൊലിസിന് സമര്‍പ്പിച്ചു. യുവേഫ നാഷന്‍സ് ലീഗ് മത്സരങ്ങളില്‍ എംബാപ്പെ കളിച്ചിരുന്നില്ല. ഇതിനിടെയാണ് താരത്തിന്റെ സ്റ്റോക് ഹോം സന്ദര്‍ശനം. ഇരയായ പെണ്‍കുട്ടി വൈദ്യസഹായം തേടിയതിനെ തുടര്‍ന്നാണ് ശനിയാഴ്ച പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബലാത്സംഗ കേസില്‍ സ്വീഡിഷ് പോലീസ് അന്വേഷണം ആരംഭിച്ചതായി സ്വീഡനിലെ ഒരു പത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആരാണ് പ്രതിയെന്ന് വ്യക്തമാക്കാതെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ബലാത്സംഗം നടന്നതായി പോലീസില്‍ പരാതി ലഭിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ 25 കാരനായ എംബാപ്പെയാണ് പ്രതിയെന്ന് മറ്റൊരു വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ താരത്തിനെതിരെയുള്ള തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. സാഹചര്യ തെളുവകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

എന്നാല്‍ എംബാക്കെതിരായ പരാതിയെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കുള്ള ഫ്രഞ്ച് ടീമില്‍ എംബാപ്പയെ ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്്ച ഏതാനും പേര്‍ക്കൊപ്പമാണ് സ്വീഡിഷ് തലസ്ഥാനം സന്ദര്‍ശിച്ചത്. അതേസമയം തനിക്കെതിരെ നടക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇപ്പോള്‍ നടക്കുന്ന വാര്‍ത്തകള്‍ തന്റെ മുന്‍ ക്ലബ്ബ് പാരീസ് സെന്റ് ജെര്‍മെയ്‌നുമായുള്ള തര്‍ക്കത്തിന്റെ പേരിലാണെന്ന് താരം പറയുന്നു. പ്രതിഫലം നല്‍കാത്തതിന്റെ പേരില്‍ എംബാപ്പെയും സെന്റ് ജെര്‍മെയ്‌നും തമ്മില്‍ കടുത്ത തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ചാമ്പ്യന്‍ ക്ലബ്ബില്‍ നിന്ന് തനിക്ക് 55 മില്യണ്‍ യൂറോ (60 മില്യണ്‍ ഡോളര്‍) കിട്ടാനുണ്ടെന്ന് എംബാപ്പെ അവകാശപ്പെടുന്നു. തനിക്കെതിരേ ഇപ്പോള്‍ ഉയര്‍ന്നത് വ്യാജ വാര്‍ത്തയാണെന്നും കേസിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഇത് പ്രതീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം കുറിച്ചു. എംബാപ്പെയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നിയമ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ മാധ്യമങ്ങള്‍ അയച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

പിഎസ്ജിയില്‍ നിന്ന് റയലിലേക്ക് മാറിയ എംബാപ്പെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരില്‍ ഒരാളാണ്. ഫ്രാന്‍സ് 2018 ലോകകപ്പ് കിരീടം നേടിയപ്പോള്‍ എംബാപ്പ ഫൈനലില്‍ ഗോള്‍ നേടിയ പ്രായംകുറഞ്ഞ താരമെന്ന പെലെയുടെ റെക്കോഡിനൊപ്പമെത്തി. ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു. നാല് വര്‍ഷത്തിന് ശേഷം ഖത്തറില്‍ അര്‍ജന്റീനയ്‌ക്കെതിരായ ഫൈനലില്‍ എംബാപ്പെ ഹാട്രിക്ക് നേടിയെങ്കിലും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലയണല്‍ മെസ്സിയും സംഘവും കിരീടം ചൂടുകയായിരുന്നു.